Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഭൗമ നിരീക്ഷണ ഉപഗ്രഹ...

ഭൗമ നിരീക്ഷണ ഉപഗ്രഹ ശൃംഖല വിപുലീകരിച്ച് 'സ്‌പേസ് 42'

text_fields
bookmark_border
ഭൗമ നിരീക്ഷണ ഉപഗ്രഹ ശൃംഖല വിപുലീകരിച്ച് സ്‌പേസ് 42
cancel

അബൂദബി: യു.എ.ഇ ആസ്ഥാനമായ എ.ഐ അധിഷ്ഠിത ബഹിരാകാശ സാങ്കേതികവിദ്യാ കമ്പനി 'സ്‌പേസ് 42' തങ്ങളുടെ ഭൗമ നിരീക്ഷണ ഉപഗ്രഹ ശൃംഖല വിപുലീകരിച്ചു. കമ്പനിയുടെ ഫോര്‍സൈറ്റ് ശ്രേണിയിലെ ഫോര്‍സൈറ്റ്-3, ഫോര്‍സൈറ്റ്-4, ഫോര്‍സൈറ്റ്-5 എന്നീ മൂന്ന് പുതിയ കൃത്രിമോപഗ്രഹങ്ങള്‍ കൂടി പൂര്‍ണ സജ്ജമായി പ്രവര്‍ത്തനം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. ഇതോടെ അഞ്ച് സിന്തറ്റിക് അപ്പര്‍ച്ചര്‍ റഡാര്‍ (എസ്.എ.ആര്‍.) ഉപഗ്രഹങ്ങള്‍ ഉള്‍പ്പെടുന്ന 'ഫോര്‍സൈറ്റ് എര്‍ത്ത് ഒബ്‌സര്‍വേഷന്‍' ശൃംഖല കൂടുതല്‍ ശക്തമായി. സാങ്കേതികവിദ്യാ കൈമാറ്റവും പ്രാദേശിക വിതരണ ശൃംഖല ശക്തമാക്കലും ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി.

ഉപഗ്രഹങ്ങള്‍ ലഭ്യമാക്കുന്ന ചിത്രങ്ങളും വിവരങ്ങളും സ്‌പേസ് 42ന്റെ 'ജി.ഐ.ക്യു' എന്ന എ.ഐ അധിഷ്ഠിത പ്ലാറ്റ്ഫോം വഴി മിനിറ്റുകള്‍ക്കകം വിശകലനം ചെയ്ത് ഉപയോഗപ്രദമായ വിവരങ്ങളാക്കി മാറ്റും. ഇത് അടിയന്തര സാഹചര്യങ്ങളിലെ രക്ഷാപ്രവര്‍ത്തനങ്ങളുടെ സമയപരിധി 90 ശതമാനം വരെ കുറക്കാനും മുന്‍കൂട്ടിയുള്ള അറ്റകുറ്റപ്പണികളുടെ ചെലവ് 30 ശതമാനം വരെ ലാഭിക്കാം.

ലോകജനസംഖ്യയുടെ 90 ശതമാനത്തിലധികം അധിവസിക്കുന്ന തന്ത്രപ്രധാനമായ പ്രദേശങ്ങളെ നിരന്തരം നിരീക്ഷിക്കാന്‍ സഹായിക്കുന്ന ഭ്രമണപഥങ്ങളിലാണ് പുതിയ ഉപഗ്രഹങ്ങള്‍ വിന്യസിച്ചിരിക്കുന്നത്. ഏത് കാലാവസ്ഥയിലും രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഭൂമിയിലെ ചെറിയ മാറ്റങ്ങള്‍ പോലും 25 സെന്‍റീമീറ്റര്‍ റെസലൂഷനില്‍ കൃത്യമായി പകര്‍ത്താന്‍ ശേഷിയുള്ളതാണ് ഈ സംവിധാനം. ദേശീയ ബഹിരാകാശ നയം 2030 മുന്‍നിര്‍ത്തി ബഹിരാകാശ രംഗത്ത് സ്വയംപര്യാപ്തതയും ആഗോള നേതൃത്വവും ലക്ഷ്യമിടുന്ന യു.എ.ഇക്ക് വലിയ കരുത്തുപകരുന്നതാണ് സ്‌പേസ് 42ന്‍റെ ഈ പുതിയ നേട്ടം.

ഉപഗ്രഹങ്ങളുടെ പ്രധാന സംയോജന-പരീക്ഷണ ഘട്ടങ്ങളെല്ലാം അബൂദബിയിലെ സ്‌പേസ് 42ന്‍റെ സ്‌പേസ് സിസ്റ്റംസ് അസംബ്ലി, ഇന്‍റഗ്രേഷന്‍ ആന്‍ഡ് ടെസ്റ്റിങ് (എ.ഐ.ടി) ഫെസിലിറ്റിയിലാണ് പൂര്‍ത്തിയാക്കിയത്. ഫിന്‍ലന്‍ഡിലെ പ്രമുഖ ബഹിരാകാശ കമ്പനിയായ 'ഐസെ'യുമായി സഹകരിച്ചാണ് ഈ മൂന്ന് ഉപഗ്രഹങ്ങളും നിര്‍മിച്ചത്. മൂന്ന് പുതിയ ഉപഗ്രഹങ്ങള്‍ കൂടി പ്രവര്‍ത്തനസജ്ജമായതോടെ കൂടുതല്‍ വേഗതയിലും കൃത്യതയിലും ഭൗമ നിരീക്ഷണ വിവരങ്ങള്‍ നല്‍കാന്‍ സാധിക്കുമെന്ന് സ്‌പേസ് 42 സ്മാര്‍ട്ട് സൊല്യൂഷന്‍സ് സി.ഇ.ഒ ഹസന്‍ അല്‍ ഹുസൈനി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - 'Space 42' expands Earth observation satellite network
Next Story