സ്വദേശി സംരംഭങ്ങളുടെ പ്രദർശനമൊരുക്കി ‘സൂഖ് അൽ ഫരീജ്’
text_fieldsദുബൈ: സ്വദേശികളുടെ ചെറുകിട-ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ദുബൈ മുനിസിപ്പാലിറ്റി ആരംഭിച്ച ‘സൂഖ് അൽ ഫരീജി’ന് മികച്ച പ്രതികരണം. അൽ വർഖ-3 പാർക്കിലെ സൂഖ് ഈ മാസം 18 മുതൽ 27 വരെയാണ് പ്രവർത്തിക്കുക. അൽ ബർഷ പോണ്ട് പാർക്കിൽ ജനുവരി ഒന്നു മുതൽ 10 വരെ സന്ദർശകർക്കായി പ്രവർത്തിക്കുമെന്നും അധികൃതർ അറിയിച്ചു.
സ്വദേശി സംരംഭകരുടെ സ്വന്തം ഉൽപന്നങ്ങൾ സൗജന്യമായി പ്രദർശിപ്പിക്കാനും വിൽക്കാനുമുള്ള അവസരമാണ് സൂഖിൽ ഒരുക്കിയിട്ടുള്ളത്. വ്യത്യസ്ത ഉൽപന്നങ്ങൾ ഉൾപ്പെടുത്തിയ സൂഖ് നിരവധി സന്ദർശകരെയാണ് ആകർഷിക്കുന്നത്. ഉപഭോക്താക്കൾക്ക് മികച്ച ഉൽപന്നങ്ങൾ മിതമായ വിലയിൽ ലഭ്യമാക്കുന്നതും സൂഖിന്റെ പ്രത്യേകതയാണെന്ന് അധികൃതർ അറിയിച്ചു.
സംരംഭങ്ങൾക്ക് എല്ലാ ലോജിസ്റ്റിക് സൗകര്യങ്ങളും ഓൺ സൈറ്റിൽതന്നെ ഒരുക്കുകയും ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുന്നതിന് സൗജന്യ സ്റ്റാളുകൾ നൽകുകയും ചെയ്തതിന് പുറമെ വിവിധ തരത്തിലുള്ള ഇളവുകളും നൽകുന്നുണ്ട്. ദുബൈ മുനിസിപ്പാലിറ്റിയുടെ സമാനമായ മറ്റൊരു സംരംഭമായ ഫാർമേഴ്സ് സൂഖിന്റെ രണ്ടാം സീസൺ നവംബറിൽ അൽ നഖീൽ പാർക്കിൽ ആരംഭിച്ചിട്ടുണ്ട്. ഇത് മാർച്ച് വരെ പ്രവർത്തിക്കും. 50ലേറെ സംരംഭകരാണ് ഇതിൽ പങ്കെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

