പ്രവാസി പ്രശ്നങ്ങള്‍ക്ക് പരിഹാരം: കൂടുതല്‍ ഓപണ്‍ ഹൗസുകള്‍ വ്യാപിപ്പിക്കാന്‍ ഇന്ത്യന്‍ എംബസി
text_fieldsഅബൂദബി: എമിറേറ്റിലെ താമസക്കാര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ കാര്യക്ഷമമാക്കി നല്കാന് നടപടികളുമായി ഇന്ത്യന്‍ എംബസി. അബൂദബിയിലെ വിവിധ മേഖലകളില്‍ ഓപണ്‍ ഹൗസും കോണ്‍സുലാര്‍ സേവനങ്ങളും വ്യാപിപ്പിക്കാൻ ശ്രമം തുടരുകയാണെന്ന് അബൂദബി ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം കൗണ്‍സിലര്‍ ബാലാജി രാമസ്വാമി അറിയിച്ചു. എംബസി സേവനങ്ങള്‍ എളുപ്പത്തിലും വേഗത്തിലും കൃത്യതയോടെയും ലഭിക്കാന്‍ ഇത് ഉപകരിക്കുമെന്നാണ് പ്രതീക്ഷ.
മഹാമാരിയെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഓപണ്‍ ഹൗസുകള്‍ പുനരാരംഭിക്കുന്നതോടെ പ്രവാസികളുടെ പല പ്രശ്നങ്ങള്‍ക്കും വേഗത്തില്‍ പരിഹാരമാവും. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഓപണ്‍ ഹൗസില്‍ നേരിട്ട് പങ്കെടുത്ത് ആവശ്യമായ ഇടപെടല്‍ നടത്തുന്നതും ഗുണകരമാവും. കോവിഡ് പ്രതിസന്ധി കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് എംബസി അധികൃതര്‍ ഓപണ്‍ ഹൗസ് പുനരാരംഭിക്കുന്നതുൾപ്പെടെ തീരുമാനങ്ങള്‍ കൈക്കൊണ്ടത്. ആദ്യത്തെ ഓപണ്‍ ഹൗസ് ഈ മാസം 21ന് റുവൈസിലാണ് നടക്കുക. അല്‍ ഐനില്‍ ആഴ്ചയില്‍ ഒരു ദിവസം ഓപണ്‍ ഹൗസ് നടന്നുവരുന്നുണ്ട്. അബൂദബി നഗരത്തിലും മുസഫയിലും ബി.എല്‍.എസ് സേവനങ്ങള്‍ ലഭ്യമാണ്. എന്നാല്‍, വിദൂര സ്ഥലങ്ങളിലുള്ള ഇന്ത്യക്കാര്‍ക്ക് ഇപ്പോഴും ഇന്ത്യന്‍ എംബസിയുടെ സേവനങ്ങള്‍ യഥാസമയം ലഭിക്കാത്തത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ഇത് പരിഹരിക്കാനാണ് അധികൃതരുടെ ശ്രമം.
എംബസിയിലെ പാസ്പോര്‍ട്ട് സേവനങ്ങള്‍ നിലവില്‍ സുതാര്യമാണ്. സാധാരണ പാസ്പോര്ട്ടുകള് മൂന്നു മുതല്‍ നാലു ദിവസങ്ങള്‍ക്കിടയില്‍ ലഭിക്കുന്നുണ്ട്. തത്കാല്‍ പാസ്പോര്ട്ടുകള് ഇപ്പോള്‍ 24 മണിക്കൂറിനുള്ളിലും ലഭ്യമാണ്. യു.എ.ഇയിലെ എല്ലാ ഇന്ത്യക്കാരും ഇന്ത്യന്‍ എംബസി വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നത് അടിയന്തര ഘട്ടങ്ങളില്‍ ഏറെ സഹായകമാവും.
പാസ്പോര്‍ട്ട്, വിസ, അറ്റസ്റ്റേഷന് സേവനങ്ങള്‍ക്ക് പുറമെ കൗണ്‍സിലര്‍ സേവനവും പ്രവാസികള്‍ പ്രയോജനപ്പെടുത്തണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. കോവിഡ് സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചുവേണം പങ്കെടുക്കാന്‍. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിനല്‍കുന്ന സാമൂഹിക കേന്ദ്രങ്ങളിലും ലേബര്‍ ക്യാമ്പുകളിലും ഓപണ്‍ ഹൗസുകള്‍ സംഘടിപ്പിക്കാനും ഇന്ത്യന്‍ എംബസി നടപടി സ്വീകരിച്ചുവരുകയാണ്. ഗയാത്തി, സില, ഷഹാമ, മഫ്റഖ് എന്നിവിടങ്ങളിലും ഓപണ്‍ ഹൗസുകള്‍ സംഘടിപ്പിക്കും.
ഇന്ത്യൻ എംബസി, കോൺസുലർ സർവിസ്
അൽഐൻ: അൽഐൻ ഇന്ത്യൻ സോഷ്യൽ സെന്ററിൽ നടന്നു വരുന്ന എംബസി, കോൺസുലർ സർവിസുകൾ 20 മുതൽ എല്ലാ ശനിയാഴ്ചയും ഉച്ചക്ക് രണ്ടുമുതൽ അഞ്ചുവരെ ആയിരിക്കുമെന്ന് ഐ.എസ്.സി അൽഐൻ ജന. സെക്രട്ടറി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

