ആസിഫ് അലിക്ക് ഐക്യദാർഢ്യം; ദുബൈയിൽ ആഡംബര നൗകക്ക് നടന്റെ പേര്
text_fieldsദുബൈ: സിനിമ നടൻ ആസിഫലിക്ക് സ്നേഹവും ഐക്യദാർഢ്യവും പ്രഖ്യാപിച്ച് ദുബൈയിൽ ആഡംബര നൗകക്ക്(യോട്ട്) അദ്ദേഹത്തിന്റെ പേരിട്ടു. കേരളം മുഴുവൻ ആസിഫ് അലിക്കൊപ്പം ചേർന്നുനിന്ന, സംഗീതസംവിധായകൻ രമേശ് നാരായണനുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ദുബൈ മറീനയിലെ വാട്ടർ ടൂറിസം കമ്പനിയായ ഡി3 യോട്ടിന് നടന്റെ പേരു നൽകിയത്.
നിരവധി വിനോദ സഞ്ചാരികൾ ദിനംപ്രതി എത്തിച്ചേരുന്ന ദുബൈ മറീനയിൽ നേരത്തെതന്നെ സർവീസ് നടത്തിയിരുന്ന യോട്ടിനാണ് പേരുനൽകിയത്. ആസിഫ് അലി വിവാദത്തെ കൈകാര്യം ചെയ്ത രീതിയോടുള്ള സ്നേഹവും ബഹുമാനവുമാണ് യോട്ടിന് പേരുനൽകാനുള്ള പ്രേരണയെന്ന് ഡി3 ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഷെഫീഖ് മുഹമ്മദ് അലി പറഞ്ഞു. രജിസ്ട്രേഷൻ ലൈസൻസിലും പേരു മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പത്തനംതിട്ട സ്വദേശികളായ സംരംഭകരാണ് ഡി3 കമ്പനിക്ക് നേതൃത്വം നൽകുന്നത്. ജില്ലയുടെ വാഹന റജിസ്ട്രേഷനിലെ 3 ഉൾപ്പെടുത്തിയാണ് കമ്പനിക്ക് പേരു നൽകിയത്.

