15 വയസ്സിന് താഴെയുള്ളവര്‍ക്ക് സമൂഹമാധ്യമ നിയന്ത്രണങ്ങള്‍; മുന്നൊരുക്കങ്ങളുമായി യു.എ.ഇയിലെ വിദ്യാലയങ്ങള്‍
text_fieldsദുബൈ: രാജ്യത്ത് 15 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സമൂഹമാധ്യമങ്ങളില്‍ ഏര്‍പ്പെടുത്തുന്ന പുതിയ നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ ഒരുങ്ങി രാജ്യത്തെ വിദ്യാലയങ്ങള്‍. ഡിജിറ്റല്‍ ക്ഷേമം, സ്‌ക്രീന്‍ ടൈം, ഉത്തരവാദിത്തപരമായ ഓണ്‍ലൈന്‍ പെരുമാറ്റം എന്നിവക്ക് ഊന്നല്‍ നല്‍കിയാണ് സ്‌കൂളുകളുടെ മുന്നൊരുക്കങ്ങള്‍.
15 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സ്വന്തമായി സമൂഹമാധ്യമ അക്കൗണ്ടുകള്‍ ഉണ്ടാക്കാനോ ഉപയോഗിക്കാനോ അനുവാദമില്ലെന്ന് യു.എ.ഇ. മന്ത്രിസഭ പ്രഖ്യാപിച്ചത് കഴിഞ്ഞ ജൂണിലാണ്. ഈ നിയമങ്ങള്‍ നടപ്പിലാക്കുന്നതിനായി പ്ലാറ്റ്ഫോമുകള്‍ക്ക് ഒരു വർഷത്തെ സാവകാശമാണ് നല്‍കിയിട്ടുള്ളത്. ദോഷകരമായ കണ്ടന്‍റുകള്‍, സുരക്ഷിതമല്ലാത്ത ഇടപെടലുകള്‍, വ്യക്തിവിവരങ്ങളുടെ ദുരുപയോഗം, സമൂഹമാധ്യമങ്ങളുടെ അമിത ഉപയോഗം എന്നിവയില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുകയാണ് ഈ നടപടികളുടെ ലക്ഷ്യം. ഇന്‍സ്റ്റാഗ്രാം, ടിക്ടോക്, സ്‌നാപ്ചാറ്റ്, ഫേസ്ബുക്ക്, എക്‌സ് തുടങ്ങിയ പ്ലാറ്റ്ഫോമുകളില്‍ നിന്ന് കുട്ടികളെ അകറ്റി നിര്‍ത്തുക മാത്രമല്ല ഈ മാറ്റമെന്ന് വിദ്യാഭ്യാസ വിദഗ്ധര്‍ വ്യക്തമാക്കുന്നു.
ഡിജിറ്റല്‍ സുരക്ഷയും ബോധവല്‍കരണവും
ഉത്തരവാദിത്തപരമായ ഡിജിറ്റല്‍ പൗരത്വം യു.എ.ഇയിലെ വിവിധ സ്‌കൂളുകളില്‍ നിലവില്‍ തന്നെ പാഠ്യപദ്ധതിയുടെ ഭാഗമാണ്. ദുബൈ എമിറേറ്റില്‍ പൊലീസിന്റെയും ഓണ്‍ലൈന്‍ സുരക്ഷാ രംഗത്തെ വിദഗ്ധരുടെയും സഹകരണത്തോടെയാണ് സ്‌കൂളുകള്‍ ബോധവത്കരണം നടപ്പിലാക്കുന്നത്.
സ്വകാര്യത, സൈബര്‍ ഭീഷണി, അനുചിതമായ കണ്ടന്റുകള്‍, തെറ്റായ വിവരങ്ങള്‍, ഡിജിറ്റല്‍ ഫുട്പ്രിന്റുകള്‍, ഓണ്‍ലൈനില്‍ എന്തെങ്കിലും പോസ്റ്റ് ചെയ്യുന്നതിനോ ഷെയര്‍ ചെയ്യുന്നതിനോ മുമ്പ് ശ്രദ്ധയോടെ ചിന്തിക്കേണ്ടതിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് ബോധ്യപ്പെടലുകള്‍ ഉണ്ടാവണം.
വേനലവധിക്കാലത്ത് പോലും സുരക്ഷിതമായ ഡിജിറ്റല്‍ പെരുമാറ്റം ഉറപ്പാക്കാനുള്ള പദ്ധതികള്‍ ജെംസ് ലെഗസി സ്‌കൂള്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുണ്ട്. അവധിക്കാലത്ത് സമൂഹമാധ്യമങ്ങള്‍, ഓണ്‍ലൈന്‍ ഗെയിമുകള്‍, ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ എന്നിവയുടെ ഉപയോഗം വർധിക്കുന്നതിനാല്‍, കെ.എച്ച്.ഡി.എ. മാര്‍ഗനിർദേശങ്ങള്‍, യു.എ.ഇ. നിയമങ്ങള്‍, സ്‌കൂള്‍ ഡിജിറ്റല്‍ നയം എന്നിവക്ക് അനുസൃതമായി വിദ്യാർഥികള്‍ ഉത്തരവാദിത്തപരമായ ഡിജിറ്റല്‍ പൗരത്വം തുടര്‍ന്നും പ്രകടിപ്പിക്കണമെന്ന് 'വേനലവധിക്കാലത്തെ സുരക്ഷിതവും ഉത്തരവാദിത്തപരവുമായ ഡിജിറ്റല്‍ പെരുമാറ്റം' എന്ന തലക്കെട്ടിലുള്ള സര്‍ക്കുലറില്‍ പറയുന്നു.
സ്‌ക്രീന്‍ ടൈം ആശങ്കകള്‍
അമിതമായ സ്‌ക്രീന്‍ ഉപയോഗം കുട്ടികളില്‍ ഉണ്ടാക്കുന്ന ആഘാതങ്ങളെക്കുറിച്ചും സ്‌കൂളുകള്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്. എല്ലാ പ്രശ്നങ്ങളും സമൂഹമാധ്യമങ്ങളുടെ മേല്‍ കെട്ടിവെക്കുന്നത് ഒഴിവാക്കണം. മോശമായ ഡിജിറ്റല്‍ ശീലങ്ങള്‍ പഠനത്തെ ബാധിക്കും. രാത്രി വൈകിയുള്ള സ്‌ക്രീന്‍ ഉപയോഗം അടുത്ത ദിവസത്തെ ഏകാഗ്രതയെയും പഠനത്തെയും പ്രതികൂലമായി ബാധിക്കും. അമിതമായ സ്‌ക്രീന്‍ സമയം പൊണ്ണത്തടി, കണ്ണിന്റെ ആയാസം, കാഴ്ചക്കുറവ്, പെരുമാറ്റ വൈകല്യങ്ങള്‍ എന്നിവക്ക് കാരണമാകുമെന്നും അമേരിക്കന്‍ ഹോസ്പിറ്റല്‍ ദുബൈ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മാതാപിതാക്കളുടെ പങ്കാളിത്തം
പുതിയ നിയമങ്ങള്‍ വിജയിപ്പിക്കുന്നതില്‍ മാതാപിതാക്കളുടെ പങ്ക് നിര്‍ണായകമാണ്. സ്‌കൂളുകളും മാതാപിതാക്കളും കൈകോര്‍ത്ത് പ്രവര്‍ത്തിക്കേണ്ടതുണ്ട്. വിദ്യാഭ്യാസം, വ്യക്തമായ അതിരുകള്‍, വിദഗ്ധ മാർഗനിർദേശങ്ങള്‍ എന്നിവ നല്‍കാന്‍ സ്‌കൂളുകള്‍ക്ക് സാധിക്കും. അതേസമയം വീട്ടില്‍ കുട്ടികളുടെ സാങ്കേതിക വിദ്യയുടെ ഉപയോഗം കൃത്യമായി നിരീക്ഷിക്കുന്നതിനും ആരോഗ്യകരമായ ശീലങ്ങള്‍ രൂപപ്പെടുത്തുന്നതിനും മാതാപിതാക്കള്‍ക്കാണ് പ്രധാന ചുമതല.
നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് തന്നെ മാതാപിതാക്കള്‍ കുട്ടികളുമായി ഇക്കാര്യങ്ങളെക്കുറിച്ച് സംസാരിക്കണമെന്ന് വിദഗ്ധര്‍ ഉപദേശിക്കുന്നു. സമൂഹമാധ്യമങ്ങളില്‍ കുട്ടികള്‍ക്ക് എന്താണ് ഇഷ്ടപ്പെടുന്നത്, അവര്‍ക്ക് എന്തൊക്കെ ആശങ്കകളാണുള്ളത്, ആരോഗ്യകരമായ ഉപയോഗം എന്നാല്‍ എന്താണെന്നാണ് അവര്‍ കരുതുന്നത് തുടങ്ങിയ കാര്യങ്ങള്‍ സംസാരിക്കണം. സ്‌കൂളും വീടും പരസ്പരം പൊരുത്തപ്പെടുന്ന സന്ദേശങ്ങള്‍ നല്‍കേണ്ടത് പ്രധാനമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

