Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സോഷ്യൽ മീഡിയ വഴി വ്യാജ ഫ്രീലാൻസ് വിസ വിൽപന; പ്രമുഖ ഇൻഫ്ലുവൻസർ അറസ്റ്റിൽ

text_fields
bookmark_border
40 പേരെ ലക്ഷ്യമിട്ട തട്ടിപ്പിൽ അപഹരിച്ചത് ലക്ഷങ്ങൾ
സോഷ്യൽ മീഡിയ വഴി വ്യാജ ഫ്രീലാൻസ് വിസ വിൽപന; പ്രമുഖ ഇൻഫ്ലുവൻസർ അറസ്റ്റിൽ
cancel

ദുബൈ: സമൂഹ മാധ്യമങ്ങൾ വഴിയുള്ള വ്യാജ ഫ്രീലാൻസ് വിസ വിൽപനകൾക്കെതിരെ ദുബൈയിൽ ശക്തമായ നടപടി. ഇത്തരത്തിൽ വ്യാജ ഫ്രീലാൻസ് വിസകൾ വാഗ്ദാനം ചെയ്ത് ജോലി തേടുന്നവരെ കബളിപ്പിച്ച് പണം കൈപ്പറ്റിയ കേസിൽ സ്വന്തം രാജ്യത്തെ കലാ-വിനോദ രംഗത്ത് അറിയപ്പെട്ടിരുന്ന ഗായകനും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ വ്യക്തിയെ ദുബൈ താമസ കുടിയേറ്റ വകുപ്പ് (ജി.ഡി.ആർ.എഫ്.എ ദുബൈ), ദുബൈ പൊലീസിന്‍റെ സഹകരണത്തോടെ അറസ്റ്റ് ചെയ്തു. 40 പേരെ ലക്ഷ്യമിട്ട തട്ടിപ്പിൽ ഓരോരുത്തരിൽനിന്നും 7,000 മുതൽ 9,000 ദിർഹം വരെ ഇയാൾ ഈടാക്കിയതായി അധികൃതർ വ്യക്തമാക്കി.

ജോലി ലഭിക്കാനും മെച്ചപ്പെട്ട ജീവിതം തേടിയും യു.എ.ഇയിലെത്താൻ ശ്രമിക്കുന്നവരുടെ ആവശ്യങ്ങൾ മുതലെടുത്തായിരുന്നു വ്യാജ ഫ്രീലാൻസ് വിസകളുടെ വിൽപന. വിസയും താമസാനുമതിയുമായി ബന്ധപ്പെട്ട നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ജി.ഡി.ആർ.എഫ്.എ നടത്തിവരുന്ന നിരന്തര നിരീക്ഷണത്തിന്‍റെയും അന്വേഷണത്തിന്‍റെയും ഭാഗമായാണ് അറസ്റ്റ്.

ഒരു വ്യക്തിയുടെ കൈവശം വ്യാജ രേഖ കണ്ടെത്തിയതോടെയാണ് കേസിന്‍റെ തുടക്കം. തുടർന്ന് നടത്തിയ പരിശോധനയിലും അന്വേഷണത്തിലും വ്യാജ രേഖയുടെ ഉറവിടവും അതിനുപിന്നിൽ പ്രവർത്തിച്ചവരെയും കണ്ടെത്തുകയായിരുന്നു. വ്യാജ രേഖ തയാറാക്കുകയും പ്രചരിപ്പിക്കുകയും ചെയ്തവരിലേക്കും അന്വേഷണം നീണ്ടു. കേസിൽ അറസ്റ്റിലായ വ്യക്തിയുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള തുടർനടപടികളിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ജി.ഡി.ആർ.എഫ്.എ മേധാവി ലഫ്. ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി പറഞ്ഞു.

തട്ടിപ്പിന്‍റെ വേരുകൾ സ്വന്തം രാജ്യത്ത്

ഇത്തരം വിസ തട്ടിപ്പുകൾ പലപ്പോഴും യു.എ.ഇയിലെത്തുന്നതിന് മുമ്പുതന്നെ ബന്ധപ്പെട്ടവരുടെ സ്വന്തം രാജ്യത്ത് ആരംഭിക്കുന്നതാണെന്ന് ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി വ്യക്തമാക്കി. തട്ടിപ്പ് നടത്തുന്നവരും അതിന് ഇരയാകുന്നവരും തമ്മിലുള്ള ഇടപെടലുകൾ പലപ്പോഴും യു.എ.ഇയിലെത്തുന്നതിന് മുമ്പാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിസ, സന്ദർശനം, താമസം എന്നിവ സംബന്ധിച്ച് തെറ്റായ വാഗ്ദാനങ്ങൾ നൽകുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും കണ്ടെത്താൻ ജി.ഡി.ആർ.എഫ്.എ ഇലക്ട്രോണിക്, ഫീൽഡ് നിരീക്ഷണ സംവിധാനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയം, ദുബൈ പൊലീസ് തുടങ്ങിയ ബന്ധപ്പെട്ട സർക്കാർ ഏജൻസികളുമായി ഏകോപിച്ചാണ് ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നത്.

വ്യാജ ഓഫറുകൾ 8005111ൽ അറിയിക്കാം

തൊഴിൽ വിസ, ഫ്രീലാൻസ് വിസ, സന്ദർശന വിസ, താമസാനുമതി എന്നിവ സംബന്ധിച്ച് സോഷ്യൽ മീഡിയയിലൂടെയോ മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെയോ ലഭിക്കുന്ന സംശയാസ്പദമായ ഓഫറുകളിൽ വീഴരുതെന്ന് ജി.ഡി.ആർ.എഫ്.എ മുന്നറിയിപ്പ് നൽകി. ഇത്തരം പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ടോൾഫ്രീ നമ്പറായ 800 5111ലൂടെയും ജി.ഡി.ആർ.എഫ്.എയുടെ വിവിധ ഔദ്യോഗിക ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെയും വിവരമറിയിക്കണം.

വിസയോ താമസാനുമതിയോ സംബന്ധിച്ച ഏതെങ്കിലും ഓഫർ സ്വീകരിക്കുന്നതിന് മുമ്പ് അതിന്‍റെ ഉറവിടം പരിശോധിക്കണം. വ്യക്തിഗത വിവരങ്ങൾ കൈമാറുകയോ പണം നൽകുകയോ ചെയ്യുന്നതിന് മുമ്പ് സേവനം ഔദ്യോഗികവും അംഗീകൃതവുമാണെന്ന് ഉറപ്പാക്കണമെന്നും ജനറൽ ഡയറക്ടറേറ്റ് നിർദേശിച്ചു. വ്യാജ വാഗ്ദാനങ്ങൾക്കും സോഷ്യൽ മീഡിയ പരസ്യങ്ങൾക്കും പകരം ഔദ്യോഗിക ചാനലുകളെ മാത്രം ആശ്രയിക്കുകയാണ് തട്ടിപ്പിൽനിന്ന് രക്ഷപ്പെടാനുള്ള സുരക്ഷിത മാർഗം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Social Media Freelance Visa Scam: Prominent Influencer Arrested in Dubai
Next Story