സോഷ്യൽ മീഡിയ ‘ചലഞ്ച്'; മുന്നറിയിപ്പുമായി പൊലീസ്
text_fieldsദുബൈ: സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന പല ‘ചലഞ്ചു’കളും അപകടകരമാണെന്ന മുന്നറിയിപ്പുമായി ദുബൈ പൊലീസ്. തലയോട്ടി പൊട്ടിക്കൽ, ശ്വാസം മുട്ടിക്കൽ, ശ്വാസം പിടിച്ചുനിൽക്കൽ എന്നിങ്ങനെ ഗുരുതരമായ പരിക്കുകൾക്കോ മരണത്തിനോ കാരണമായേക്കാവുന്ന അശ്രദ്ധമായ പ്രവൃത്തികൾ ചെയ്യുന്ന സാഹചര്യത്തിലാണ് രക്ഷിതാക്കൾക്കും കൗമാരക്കാർക്കും മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഓൺലൈനിൽ ശ്രദ്ധിക്കപ്പെടാനും ആവേശത്തിന്റെയും പുറത്ത് കൗമാരക്കാർ ചെയ്യുന്ന പ്രവർത്തനങ്ങൾ ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്ന് ലഘു വിഡിയോ പങ്കുവെച്ചുകൊണ്ട് പൊലീസ് മുന്നറിയിപ്പ് നൽകി. സമാനമായ ചലഞ്ചുകൾ മറു രാജ്യങ്ങളിൽ ഗുരുതര പരിക്കിനും മരണത്തിനും വരെ കാരണമായിട്ടുണ്ടെന്നും അധികൃതർ ചൂണ്ടിക്കാണിച്ചു. സോഷ്യൽ മീഡിയയിൽ മറ്റുള്ളവർ പങ്കുവെക്കുന്ന ദോഷകരമായ ഉള്ളടക്കം അനുകരിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് കുട്ടികളോട് തുറന്നു
സംസാരിക്കാനും സമപ്രായക്കാരുടെ
സമ്മർദത്തെയോ ഓൺലൈൻ പ്രശസ്തി നേടാനുള്ള ശ്രമങ്ങളെയോ ചെറുക്കാൻ അവരെ സഹായിക്കാനും കുടുംബങ്ങളോട് പൊലീസ് ആവശ്യപ്പെട്ടു. കുട്ടികളുടെ ഓൺലൈൻ പ്രവർത്തനങ്ങൾ സൂക്ഷ്മമായി ശ്രദ്ധിച്ചും ബോധവത്കരണം നൽകിയും രക്ഷിതാക്കളും മാതാപിതാക്കളും അവരെ സംരക്ഷിക്കുന്നതിൽ ജാഗ്രത പാലിക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിവിധ ‘ചലഞ്ചു’കൾ കുട്ടികൾ അനുകരിക്കുന്നത് അപകടത്തിന് കാരണമാകുന്ന സാഹചര്യത്തിലാണ് അധികൃതർ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ഓൺലൈനിൽ കുട്ടികളുടെ പ്രവർത്തനം സംബന്ധിച്ച് ജാഗ്രത വേണമെന്ന് നേരത്തെയും പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഏതെങ്കിലും തലത്തിലുള്ള അപകടകരവും അനുചിതവുമായ പെരുമാറ്റങ്ങൾ ശ്രദ്ധയിൽപെട്ടാൽ 901 എന്ന നമ്പറിലോ ദുബൈ പൊലീസിന്റെ സ്മാർട്ട് ആപ്പിൽ ലഭ്യമായ ‘പൊലീസ് ഐ’ സേവനം വഴിയോ റിപ്പോർട്ട് ചെയ്യണമെന്നും
ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

