ദുബൈയിൽ ഗതാഗതം നിരീക്ഷിക്കാൻ സ്മാർട്ട് സംവിധാനം
text_fieldsദുബൈ റോഡിലെ വാഹന ഗതാഗതം
ദുബൈ: എമിറേറ്റിലെ റോഡുകളിലെ ഗതാഗതം നിരീക്ഷിക്കാനും വിശകലനം ചെയ്യാനും ‘ഡാറ്റ ഡ്രൈവ്-ക്ലിയർ ഗൈഡ്’ എന്ന പേരിൽ സ്മാർട്ട് ഡിജിറ്റൽ പ്ലാറ്റ്ഫോം അവതരിപ്പിച്ച് ദുബൈ റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ). തൽസമയ വിവരങ്ങൾക്കൊപ്പം കഴിഞ്ഞ അഞ്ചു വർഷത്തെ വിവരങ്ങൾ കൂടി സംവിധാനത്തിൽ വിശകലനത്തിന് ഉപയോഗിക്കാനാകും.
റോഡിലെ സാഹചര്യം ഓരോ സമയത്തും മനസ്സിലാക്കുക, റോഡിലെ സ്പീഡ് വിലയിരുത്തുക, മാറിമാറി വരുന്ന ഗതാഗത രീതികൾ തിരിച്ചറിയുക, ഗതാഗതം എളുപ്പമുള്ള സമയം മനസ്സിലാക്കുക, തിരക്കേറിയ സ്ഥലങ്ങൾ കണ്ടെത്തുക, ഗതാഗതക്കുരുക്കും മറ്റു ഗതാഗത രീതികളും തിരിച്ചറിയുക എന്നിവ സ്മാർട് സംവിധാനത്തിലൂടെ സാധിക്കും.
ദുബൈയിലെ ഗതാഗതക്കുരുക്ക് കുറക്കാനായി നിർമിതബുദ്ധി സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് ആർ.ടി.എ പദ്ധതി നടപ്പിലാക്കുന്നത്. ഇതുവഴി ദുബൈയെ ലോകത്തെ ഏറ്റവും സ്മാർട്ടായ നഗരങ്ങളിൽ മുൻപന്തിയിൽ എത്തിക്കുന്നതിനും ഏറ്റവും മികച്ച സേവനങ്ങൾ ഉപഭോക്താക്കൾക്ക് നൽകാനും കഴിയും.
ഡാറ്റ ഡ്രൈവ്-ക്ലിയർ ഗൈഡ് സംവിധാനം എമിറേറ്റിലെ റോഡുകളിലെ ഗതാഗത സാഹചര്യം സംബന്ധിച്ച തൽസമയ വിവരങ്ങൾ മെസേജുകളായും മറ്റും നൽകും. ഇതിനനുസരിച്ച് ദൈനംദിന മാറ്റങ്ങൾ ആസൂത്രണം ചെയ്യാൻ അധികൃതർക്ക് സാധിക്കും. വ്യത്യസ്ത സമയങ്ങളിലും ദിവസങ്ങളിലും ആഴ്ചകളിലുമുള്ള ഗതാഗത പ്രകടനം വിലയിരുത്താനും സംവിധാനത്തിൽ സൗകര്യമുണ്ട്. തിരക്കുണ്ടാകുന്ന സമയങ്ങളും മറ്റുള്ളവയും തിരിച്ചറിയാനും ഇതനുസരിച്ച് മുന്നൊരുക്കങ്ങൾ നടത്താനും ഈ വിവരങ്ങൾ സൗകര്യമൊരുക്കും.
നേരത്തെ വ്യത്യസ്ത സ്രോതസുകളിൽ നിന്ന് ജീവനക്കാർ നേരിട്ട് ശേഖരിക്കുന്ന വിവരങ്ങൾ ഉപയോഗിച്ചാണ് നടപടിക്രമങ്ങൾ സ്വീകരിച്ചിരുന്നത്. നേരിട്ട് വിവിരങ്ങൾ ശേഖരിക്കുന്നതിന് അതിന്‍റേതായ കാലതാമസം നേരിടുകയും തീരുമാനമെടുക്കാൻ വൈകാൻ കാരണമാവുകയും ചെയ്തിരുന്നു. പുതിയ സംവിധാനം നടപ്പിലാകുന്നതോടെ ഇത്തരം പ്രയാസങ്ങൾ ലഘൂകരിക്കപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

