നഗരത്തിലെ കൂടുതൽ കാൽനടപ്പാതകൾ സ്മാർട്ടാകും
text_fieldsസ്മാർട്ട് സംവിധാനങ്ങൾ ഒരുക്കിയ ദുബൈയിലെ പെഡസ്ട്രിയൻ ക്രോസിങ്ങുകളിലൊന്ന്
ദുബൈ: കാൽനട യാത്രക്കാർ റോഡ് മുറിച്ചുകടക്കുന്ന കൂടുതൽ പെഡസ്ട്രിയൻ ക്രോസിങ്ങുകൾ സ്മാർട്ടാക്കുന്നു. പുതുതായി പത്ത് മേഖലകളിൽകൂടി പദ്ധതി നടപ്പാക്കി 2024ഓടെ മൊത്തം സ്മാർട്ട് സിഗ്നലുകളുടെ എണ്ണം 28 ആക്കാനാണ് തീരുമാനിച്ചതെന്ന് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു.
പദ്ധതിയുടെ ആദ്യഘട്ടത്തിൽ സ്മാർട് സംവിധാനങ്ങൾ ഏർപ്പെടുത്തിയ സ്ഥലങ്ങളിൽ സുരക്ഷ വർധിച്ചതായും അപകടങ്ങളില്ലെന്നും അധികൃതർ വ്യക്തമാക്കി. സിഗ്നലിന്റെ ലൈറ്റ് ഓപറേഷനുമായി ബന്ധിപ്പിച്ചിരിക്കുന്ന സെൻസറുകളെ ആശ്രയിച്ചാണ് സ്മാർട്ട് സിസ്റ്റം പ്രവർത്തിക്കുന്നത്. ഇതിലൂടെ കാൽനടയാത്രികൻ ക്രോസിങ്ങിൽ പ്രവേശിക്കുന്നതിന് മുമ്പുതന്നെ ലൈറ്റ് തെളിയുന്നതാണ് സംവിധാനം. യാത്രക്കാരൻ കടന്നുപോകുന്നതു വരെ ചുവന്ന ലൈറ്റ് തെളിഞ്ഞിരിക്കും.
ഇതുവഴി ഡ്രൈവർമാരുടെ ശ്രദ്ധയിൽ യാത്രക്കാരൻ വരുകയും ശ്രദ്ധയുണ്ടാവുകയും ചെയ്യും.സംവിധാനം കാൽനടയാത്രക്കാരുടെ സുരക്ഷയും ട്രാഫിക് ലൈറ്റ് പ്രവർത്തനങ്ങളുടെ കാര്യക്ഷമതയും വർധിപ്പിക്കുകയും സിഗ്നൽ സമയത്തിന്റെ മികച്ച മാനേജ്മെന്റ് ഉറപ്പാക്കുകയും ചെയ്തതായി ആർ.ടി.എയിലെ ഇന്റലിജന്റ് ട്രാഫിക് മാനേജ്മെന്റ് വകുപ്പ് ഡയറക്ടർ മുഹമ്മദ് അൽ അലി പറഞ്ഞു. കടന്നുപോകാൻ കൂടുതൽ സമയം ആവശ്യമുള്ള പ്രായമായവർ, നിശ്ചയദാർഢ്യ വിഭാഗത്തിലുള്ളവർ, ലഗേജുകളോ പുഷ്ചെയറുകളോ ഉള്ള വ്യക്തികൾ എന്നിവർക്ക് റോഡ് മുറിച്ചുകടക്കാൻ കൂടുതൽ സമയം ലഭിക്കുമെന്നതും സ്മാർട്ട് സംവിധാനത്തിന്റെ പ്രത്യേകതയാണ്.
അതോടൊപ്പം കാൽനടയാത്രക്കാർ ഇല്ലാത്ത സമയങ്ങളിൽ പെഡസ്ട്രിയൻ മോഡ് ഒഴിവാക്കി വാഹനങ്ങൾക്ക് കടന്നുപോകാൻ സൗകര്യവുമൊരുക്കും. വിവിധ വകുപ്പുകളുമായി സഹകരിച്ച് രൂപപ്പെടുത്തിയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് പുതിയ സ്മാർട് സംവിധാനങ്ങൾ ഏർപ്പെടുത്തുന്ന സ്ഥലങ്ങൾ നിർണയിക്കുന്നത്. കൂടുതൽ തിരക്കേറിയതും സുപ്രധാന സ്ഥലങ്ങളെയും അപകട സാധ്യത കൂടുതലുള്ള ഇടങ്ങളെയുമാണ് പരിഗണിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

