സ്വർണം ശുദ്ധമാണോ എന്നറിയാൻ സ്മാർട് ലാബ്
text_fieldsദുബൈ മുനിസിപ്പാലിറ്റി
സജ്ജമാക്കിയ സെർഫ്
സർവിസ് കിയോസ്ക്
ദുബൈ: സ്വർണത്തിന്റെയും മറ്റു വിലയേറിയ ലോഹങ്ങളുടെയും പരിശുദ്ധി ഒരു മിനിറ്റിനുള്ളിൽ പരിശോധിച്ച് ഉറപ്പുവരുത്താൻ സാധിക്കുന്ന നവീന സ്മാർട് ലാബ് അവതരിപ്പിച്ച് ദുബൈ മുനിസിപ്പാലിറ്റി. വേൾഡ് ട്രേഡ് സെൻററിൽ പുരോഗമിക്കുന്ന ജൈടെക്സ് മേളയിലാണ് സെർഫ് സർവിസ് കിയോസ്ക് സംവിധാനം അവതരിപ്പിച്ചത്. എ.ടി.എം മെഷീൻ രൂപത്തിലുള്ള കിയോസ്കിലെ നിശ്ചിത സ്ഥലത്ത് സ്വർണം വെച്ചാൽ മിനിറ്റുകൾക്കം പരിശോധിക്കുന്നതാണ് രീതി. ഇന്റർനെറ്റ് ഓഫ് തിങ്ക്സ്, നിർമിതബുദ്ധി, മെഷീൻ ലേണിങ് എന്നിവ ഉപയോഗപ്പെടുത്തിയാണ് അതിവേഗത്തിൽ പരിശോധന ഫലം ലഭിക്കുന്നത്. കൃത്യവും അതിവേഗത്തിലുള്ളതുമായ പരിശോധന ഫലമാണ് സംവിധാനത്തിന്റെ പ്രത്യേകതയായി അവതരിപ്പിക്കപ്പെടുന്നത്.
ഉപയോക്താക്കൾക്ക് പരിശോധന ഫലം എസ്.എം.എസ് വഴിയോ പ്രിന്റ് ചെയ്ത റസീപ്റ്റായോ ലഭിക്കാനുള്ള സൗകര്യമുണ്ട്. സാധാരണ എ.ടി.എമ്മുകൾ ഉപയോഗിക്കുന്നത് പോലെയാണ് സംവിധാനത്തിന്റെ പ്രവർത്തനം. ആഭരണങ്ങളിലെ ലോഹങ്ങളുടെ അളവ് സ്വർണം, വെള്ളി, കോപ്പർ, സിങ്ക് എന്നിങ്ങനെ വേർതിരിച്ച് ശതമാനക്കണക്കിൽ റിപ്പോർട്ടിൽ ലഭിക്കും. ലോകത്തെ ഏറ്റവും സജീവമായ സ്വർണ വിപണികളിലൊന്നായ ദുബൈയിൽനിന്ന് ആഭരണങ്ങൾ വാങ്ങുന്ന താമസക്കാർക്കും സന്ദർശകർക്കും ഏറെ ഉപകാരപ്പെടുന്നതാണ് പുതിയ സംവിധാനം. നൂതന സംവിധാനം ഉപഭോക്താക്കളുടെ ആത്മവിശ്വാസവും സേവനങ്ങളുടെ ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതാണെന്ന് അധികൃതർ പ്രസ്താവിച്ചു. ദുബൈയിലെ ഗോൾഡ് സൂഖ്, മറ്റു പ്രധാന ഷോപ്പിങ് മാളുകൾ എന്നിവിടങ്ങളിൽ സ്മാർട് കിയോസ്കുകൾ സ്ഥാപിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

