ഗതാഗത ലംഘനങ്ങൾ കണ്ടെത്താൻ ഷാർജയിൽ സ്മാർട്ട് ഉപകരണം
text_fieldsഷാർജ: ഗതാഗതം സുഗമമാക്കുന്നതിനും അപകടങ്ങൾ കുറക്കുന്നതിനുമായി ഷാർജയിലെ റോഡിൽ പൊലീസ് സ്മാർട്ട് ഉപകരണം സ്ഥാപിച്ചു. തത്സമയം ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ സഹായിക്കുന്ന സംവിധാനം സ്ഥാപിച്ചത് സംബന്ധിച്ച് സമൂഹമാധ്യമങ്ങൾവഴി ഷാർജ പൊലീസാണ് വെളിപ്പെടുത്തിയത്. ‘റാസ്വിദ്’ എന്നുപേരിട്ട സംവിധാനം തെറ്റായ രീതിയിലുള്ള ലൈൻ മാറ്റങ്ങളും അപകടകരമായ രീതിയിലുള്ള ഡ്രൈവിങ്ങും അടക്കമുള്ള നിയമലംഘനങ്ങളം കണ്ടെത്തും.
സാധാരണ ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്ന ഗുരുതരമായ നിയമലംഘനങ്ങൾ കണ്ടെത്താൻ സഹായിക്കുന്ന സ്മാർട്ട് റഡാറാണ് ‘റാസ്വിദെ’ന്ന് അധികൃതർ വിശദീകരിച്ചു. പ്രത്യേകിച്ച് നിശ്ചത ലൈനുകൾ പാലിക്കാൻ ഡ്രൈവർമാർ തയാറാകാതിരികുമ്പോഴാണ് ഇത്തരം അപകടങ്ങളുണ്ടാകുന്നതെന്നും വിശദീകരിച്ചു. സ്മാർട് ഉപകരണം നിയമലംഘനങ്ങൾക്ക് പിഴ ചുമത്തി ഡ്രൈവർക്ക് സന്ദേശം അയക്കുകയും ചെയ്യും. വളരെ കൃത്യമായ വിവരങ്ങൾ ലഭിക്കാൻ സഹായിക്കുന്ന നൂതനമായ കാമറയാണ് ഉപകരണത്തിൽ സ്ഥാപിച്ചിട്ടുള്ളത്.
മൂന്നുഘട്ടങ്ങളിലായി ഷാർജ പൊലീസിന്‍റെ ട്രാഫിക് ഇന്നവേഷൻ ലാബാണ് പുതിയ സംവിധാനം വികസിപ്പിച്ചത്. പ്രധാനമായും തിരക്കേറിയ സമയങ്ങളിൽ റോഡുകളിലെ അച്ചടക്കം ഉറപ്പുവരുത്താനും ഗതാഗതം കൂടുതൽ എളുപ്പമാക്കാനും സംവിധാനം സഹായിക്കും. പിഴ ചുമത്തുകയല്ല, സുരക്ഷ ഉറപ്പുവരുത്തുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഈ വർഷം ആദ്യ ആറ് മാസങ്ങളിൽ അപകടങ്ങൾ മൂലമുള്ള മരണങ്ങൾ ഷാർജയിൽ കുറഞ്ഞിട്ടുണ്ട്. ഗതാഗത നിയമലംഘനങ്ങൾക്കെതിരെ നടപടികൾ ശക്തമാക്കിയത് ഇതിന് സഹായിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

