ദുബൈ ബീച്ചുകളിൽ നിരീക്ഷണത്തിന് കൂടുതൽ സ്മാർട്ട് കാമറകൾ
text_fieldsദുബൈ: എമിറേറ്റിലെ ബീച്ചിലെത്തുന്ന സന്ദർശകരുടെ സുരക്ഷ ശക്തമാക്കാനും അടിയന്തര ഘട്ടങ്ങളിൽ പ്രതികരണം വേഗത്തിലാക്കാനും ലക്ഷ്യമിട്ട് കൂടുതൽ സ്മാർട്ട് കാമറകൾ സ്ഥാപിക്കുന്നു. നിർമിത ബുദ്ധി (എ.ഐ)യിൽ പ്രവർത്തിക്കുന്ന ഡാറ്റ വിശകലന പ്ലാറ്റ്ഫോമുകളുമായി ബന്ധിപ്പിച്ചിട്ടുള്ള നൂതന സെൻസറുകളോട് കൂടിയ സ്മാർട്ട് കാമറകളാണ് സ്ഥാപിക്കുക.
കടലിൽ നീന്തുന്നവരെ നിരീക്ഷിക്കാനും സന്ദർശകരിൽ നിന്നുണ്ടാകുന്ന സുരക്ഷിതമല്ലാത്ത പെരുമാറ്റങ്ങൾ കണ്ടെത്താനും അപകടസൂചനകൾ നിമിഷങ്ങൾക്കുള്ളിൽ തിരിച്ചറിയാനും കഴിയുന്ന രീതിയിലാണ് കാമറകളുടെ രൂപകൽപന. അസാധാരണമായ സംഭവങ്ങളോ അപകട സാധ്യതകളോ കണ്ടെത്തിയാൽ യഥാസമയം ബീച്ചിന്‍റെയും കടലിന്‍റെയും അവസ്ഥകൾ വിശകലനം ചെയ്ത് ലൈഫ് ഗാർഡുകൾക്കും സൂപ്പർവൈസർമാർക്കും കാമറകൾ മുന്നറിയിപ്പ് നൽകും.
ഇങ്ങനെ യഥാസമയം ലഭിക്കുന്ന മുന്നറിയിപ്പുകളിലൂടെ ലൈഫ് ഗാർഡുകൾക്കും സൂപ്പർവൈസർമാർക്കും നീന്തൽ മേഖലകളിലെ അസാധാരണമായ തിരക്കുകൾ തിരിച്ചറിയാനും അപകടസാധ്യത കൂടുതലുള്ള മേഖലകൾ പ്രത്യേകം ശ്രദ്ധിക്കാനും കഴിയും. അതോടൊപ്പം കാലാലവസ്ഥ മാറ്റങ്ങളും കടലിന്‍റെ അവസ്ഥകളും തുടർച്ചയായി നിരീക്ഷിക്കാനും ലൈഫ് ഗാർഡുകൾക്ക് സ്മാർട്ട് സംവിധാനം പ്രയോജനം ചെയ്യും. ബീച്ചുകളിലെ ഓരങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ഡിജിറ്റൽ ബോധവത്കരണ ഉപകരണങ്ങളുമായി പുതിയ സംവിധാനത്തെ ബന്ധിപ്പിക്കും.
ഇതുവഴി ബീച്ച് സന്ദർശകർക്ക് കടലിന്‍റെ സ്ഥിതിഗതികൾ, സുരക്ഷ നിർദേശങ്ങൾ, മുൻകരുതൽ നടപടികൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ വേഗത്തിൽ ലഭ്യമാവും. എല്ലാ ബീച്ചുകളിലേയും പ്രവർത്തനങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കുന്ന സെൻട്രൽ കൺട്രോൾ റൂമുമായി ബന്ധിപ്പിക്കും. സുരക്ഷ പദ്ധതികൾ തയാറാക്കാനും അപകട സാധ്യതയുള്ള സ്ഥലങ്ങൾ തിരിച്ചയറിയാനും അതോടൊപ്പം തീരുമാനമെടുക്കൽ വേഗത്തിലാക്കാനും ഈ ഡാറ്റകൾ വിശകലനം ചെയ്യും. ഇതു വഴി ബീച്ചിന്‍റെ നിയന്ത്രണം കൂടുതൽ കാര്യക്ഷമമാക്കാനാവും.
മനുഷ്യന്‍റെ മേൽനോട്ടവും സാങ്കേതിക വിദ്യകളും തമ്മിലുള്ള സംയോജനത്തിലൂടെ അടിയന്തര ഘട്ടങ്ങളിലെ പ്രതികരണ സമയം കുറക്കാനും ഇടപെടലകളുടെ കാര്യക്ഷമത വർധിപ്പിക്കാനും അതോടൊപ്പം ബീച്ചിന്‍റെ മൊത്തത്തിലുള്ള സുരക്ഷ ശക്തിപ്പെടുത്താനും കഴിയുമെന്നാണ് വിലയിരുത്തൽ. ബീച്ചുകളിലെ ലൈഫ് ഗാർഡുകളെ മാറ്റുന്നതിനേക്കാൾ അവരെ സഹായിക്കാൻ ലക്ഷ്യമിട്ടാണ് സ്മാർട്ട് ക്യാമറകൾ സ്ഥാപിക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

