'സ്കിൽസ് ഫോർ ലൈഫ്': കുട്ടികളിൽ ജീവിത നൈപുണ്യം വളർത്താൻ ദുബൈയുടെ പുതിയ പദ്ധതി
text_fieldsദുബൈ: വിദ്യാർഥികളിൽ പ്രായോഗികവും സാമൂഹികവുമായ കഴിവുകൾ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ദുബൈയിൽ പുതിയ വിദ്യാഭ്യാസ പദ്ധതി പ്രഖ്യാപിച്ചു. ദുബൈ കിരീടാവകാശിയും യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബൈ എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്റെ നിർദേശ പ്രകാരം, ദുബൈ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (കെ.എച്ച്.ഡി.എ) യാണ് 'സ്കിൽസ് ഫോർ ലൈഫ്' എന്ന പേരിലുള്ള ബൃഹത് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.
അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്തെ വെല്ലുവിളികളെ നേരിടാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിനായി വിഭാവനം ചെയ്ത പദ്ധതി 2026-27 അധ്യയന വർഷം മുതൽ ദുബൈയിലെ സ്കൂളുകളിൽ നടപ്പാക്കിത്തുടങ്ങും.
ക്ലാസ് മുറികളിലെ പരമ്പരാഗത പഠനത്തിനപ്പുറം, കുട്ടികളുടെ വ്യക്തിത്വ വികസനത്തിനും മാനസിക കരുത്തിനും മുൻഗണന നൽകുന്ന രീതിയിലാണ് പദ്ധതി. കുട്ടികളിൽ ആത്മവിശ്വാസം, പ്രതിസന്ധികളെ അതിജീവിക്കാനുള്ള ശേഷി, വ്യക്തമായ ലക്ഷ്യബോധം എന്നിവ വളർത്താൻ ഇതിലൂടെ സാധിക്കും. പ്രധാനമായും ആരോഗ്യകരമായ ജീവിതശൈലി, പോഷകാഹാരം, സാമ്പത്തിക സാക്ഷരത, സാമ്പത്തിക സ്രോതസുകൾ കൈകാര്യം ചെയ്യൽ, ആശയവിനിമയ ശേഷി, മാനസിക സമ്മർദങ്ങളെ അതിജീവിക്കൽ, സാങ്കേതികവിദ്യകളുടെ സുരക്ഷിതമായ ഉപയോഗം തുടങ്ങിയവയിലാണ് പരിശീലനം നൽകുന്നത്.
ദുബൈയിലെ സ്വകാര്യ സ്കൂളുകളിൽ പ്രീ-കെജി തലം മുതൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്നത് വരെയുള്ള മുഴുവൻ വിദ്യാർഥികൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും. നിലവിലുള്ള സ്കൂൾ പാഠ്യപദ്ധതികളെ തടസ്സപ്പെടുത്താതെ, ദൈനംദിന സ്കൂൾ ജീവിതത്തിന്റെ ഭാഗമായിത്തന്നെ ഈ കഴിവുകൾ കുട്ടികളിലേക്ക് എത്തിക്കാനാണ് നിർദ്ദേശിച്ചിട്ടുള്ളത്. ഇതിനായി സ്കൂളുകളിലെ അധ്യാപകർക്കും മറ്റ് ജീവനക്കാർക്കും കെ.എച്ച്.ഡി.എ പ്രത്യേക മാർഗനിർദേശങ്ങളും പരിശീലനങ്ങളും നൽകും.
ദുബൈയിലെ വിദ്യാഭ്യാസ മേഖലയെ അടുത്ത പത്ത് വർഷത്തിനുള്ളിൽ ആഗോളതലത്തിൽ ഏറ്റവും മികച്ചതും നൂതനവുമാക്കാൻ ലക്ഷ്യമിട്ട് ദുബൈ സർക്കാർ നടപ്പിലാക്കുന്ന ദീർഘകാല തന്ത്രപരമായ പദ്ധതിയായ 'എജ്യുക്കേഷൻ 33' (ഇ 33)-ന്റെ ഭാഗമായാണ് ഇതും നടപ്പാക്കുന്നത്. കുട്ടികളുടെ വളർച്ചയിലും വിദ്യാഭ്യാസത്തിലും സ്കൂളുകൾക്കൊപ്പം തന്നെ മാതാപിതാക്കളുടെയും കുടുംബത്തിന്റെയും പങ്കാളിത്തം ശക്തമാക്കാൻ ദുബൈ പ്രഖ്യാപിച്ച ‘കുടുംബവർഷം’ ആചരണവുമായി ചേർത്തുവെച്ചാണ് പദ്ധതി മുന്നോട്ട് കൊണ്ടുപോകുക. സമൂഹത്തിന്റെ അടിത്തറയായ കുടുംബ ബന്ധങ്ങളെ ശക്തിപ്പെടുത്തുന്നതിനൊപ്പം, പുസ്തക അറിവുകൾക്കപ്പുറം ജീവിതത്തിലെ ഏത് സാഹചര്യത്തെയും ആത്മവിശ്വാസത്തോടെ നേരിടാൻ കഴിയുന്ന തലമുറയെ വാർത്തെടുക്കുകയാണ് ദുബൈ ഇതിലൂടെ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

