ആറു മാസം: ഇ-സ്കൂട്ടർ അപകടത്തിൽ മരിച്ചത് നാലു പേർ
text_fieldsദുബൈ: ആറു മാസത്തിനിടെ ദുബൈയിൽ വിവിധ ഇടങ്ങളിലായി നടന്ന ഇ- സ്കൂട്ടർ അപകടങ്ങളിൽ മരിച്ചത് നാലു പേരെന്ന് ദുബൈ പൊലീസ്. 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ ഒരാളുടെ നില ഗുരുതരമായിരുന്നു.
അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. ഈ വർഷം ആദ്യ പകുതിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് 7,804 ട്രാഫിക് ലംഘനങ്ങളാണ്. 4,474 ഇ-സ്കൂട്ടറുകളും സൈക്കിളുകളും പിടിച്ചെടുക്കുകയും ചെയ്തു. അനുമതിയില്ലാത്ത ഇടങ്ങളിലും റോഡുകളിലും റൈഡ് ചെയ്യുന്നതു വഴി ഇ-സ്കൂട്ടറുകൾ അപകട ഭീഷണി ഉയർത്തുന്നുണ്ടെന്ന് ദുബൈ പൊലീസിന്റെ ഓപറേഷൻസ് അഫയേഴ്സ് അസി. കമാൻഡന്റ് മേജർ ജനറൽ അബ്ദുല്ല അലി അൽ ഖൈത്തി പറഞ്ഞു.
റോഡുകളിൽ 60 കിലോമീറ്ററിന് മുകളിൽ വേഗത, അപകടകരമായ ഡ്രൈവിങ്, യാത്രക്കാരെ വഹിച്ചുള്ള ഡ്രൈവിങ് എന്നീ നിയമലംഘനങ്ങൾക്ക് 300 ദിർഹമാണ് പിഴയെന്നും അദ്ദേഹം പറഞ്ഞു. ഇ-സ്കൂട്ടർ യാത്രക്കാർ നിശ്ചയിച്ച സ്ഥലത്തുകൂടി മാത്രം വാഹനം ഓടിക്കുകയും ഹെൽമറ്റ് ധരിക്കുന്നതുൾപ്പടെ സുരക്ഷ നിർദേശങ്ങൾ പാലിക്കുകയും ചെയ്യണം.
രാത്രിയിലും മോശം കാലാവസ്ഥയിലും വാഹനം ഓടിക്കരുതെന്നും അദ്ദേഹം അഭ്യർഥിച്ചു. നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ 901 എന്ന നമ്പറിലോ പൊലീസ് ആപ്പിലോ വിവരം അറിയിക്കണം.
ദുബൈയിൽ ഇ-സ്കൂട്ടർ ഏറെ പ്രചാരമുള്ള വാഹനമായി മാറിയിരിക്കുകയാണ്. അതേസമയം, കാൽനടക്കാരിൽനിന്നും മറ്റ് ഡ്രൈവർമാരിൽ നിന്നും ഇ-സ്കൂട്ടർ യാത്രക്കാർക്കെതിരെ പരാതിയും വ്യാപകമാണ്. ഇക്കഴിഞ്ഞ മാർച്ചിൽ ഇ-സ്കൂട്ടറുകൾക്ക് രജിസ്ട്രേഷൻ കൊണ്ടുവരാനുള്ള ആലോചനയും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

