48 മണിക്കൂറിനിടെ ആറു ഡ്രോണുകൾ; പ്രതിരോധിച്ച് യു.എ.ഇ
text_fieldsദുബൈ: കഴിഞ്ഞ 48 മണിക്കൂറിനിടെ, രാജ്യത്തെ ലക്ഷ്യമിട്ടെത്തിയ ആറു ഡ്രോണുകളെ വിജയകരമായി പ്രതിരോധിച്ചതായി യു.എ.ഇ പ്രതിരോധ മന്ത്രാലയം. സിവിലിയൻ മേഖലകളെയും മറ്റു പ്രധാന മേഖലകളെയും ലക്ഷ്യമിട്ടെത്തിയ ഡ്രോണുകളെ കൃത്യമായി നിരീക്ഷിച്ച് ഏറ്റവും ഉയർന്ന സജ്ജീകരണത്തോടും കാര്യക്ഷമതയോടും കൂടി തടയാനും നിർവീര്യമാക്കാനും വ്യോമപ്രതിരോധ സേനക്ക് കഴിഞ്ഞു. സംഭവത്തിൽ ആളപായമോ സുപ്രധാന സൗകര്യങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള നാശനഷ്ടങ്ങളോ ഒന്നും ഉണ്ടായിട്ടില്ല.
ഞായറാഴ്ച അബൂദബിയിലെ അൽ ദഫ്റ മേഖലയിലുള്ള അൽ ബറക്ക ആണവോർജ നിലയത്തിന് നേരെ ഡ്രോൺ ആക്രമണം നടന്നിരുന്നു. അന്ന് നിലയത്തെ ലക്ഷ്യമിട്ടെത്തിയ മൂന്ന് ഡ്രോണുകളിൽ രണ്ടെണ്ണം വിജയകരമായി പ്രതിരോധിച്ചു. മൂന്നാമത്തേത് നിലയത്തിന്‍റെ സമീപമുള്ള ഒരു ഇലക്ട്രിക്കൽ ജനറേറ്ററിൽ പതിക്കുകയും തീപ്പിടിക്കുകയും ചെയ്തിരുന്നു. ഈ ഡ്രോണുകൾ എത്തിയത് ഇറാഖ് അതിർത്തിക്കുള്ളിൽനിന്നാണെന്ന് ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങളുടെ ഭാഗമായുള്ള സാങ്കേതിക ട്രാക്കിങ്ങിന്‍റെയും നിരീക്ഷണങ്ങളുടെയും ഫലങ്ങൾ സ്ഥിരീകരിക്കുന്നതായും മന്ത്രാലയം സമൂഹ മാധ്യമമായ ‘എക്സി’ൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ അറിയിച്ചു.
അന്താരാഷ്ട്ര നിയമങ്ങൾക്കും ഉടമ്പടികൾക്കും അനുസൃതമായി, രാജ്യത്തിന്‍റെ പരമാധികാരവും ദേശീയ സുരക്ഷയും സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനുള്ള പൂർണ അവകാശം യുനൈറ്റഡ് അറബ് എമിറേറ്റ്സിൽ നിക്ഷിപ്തമാണെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിന്‍റെ സുരക്ഷയെയും പരമാധികാരത്തെയും ലക്ഷ്യമിട്ടുള്ള ഏത് ഭീഷണികളെയും നേരിടാൻ സായുധ സേന പൂർണ സജ്ജമാണെന്നും പ്രതിരോധ മന്ത്രാലയം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

