എസ്.ഐ.ആർ: പ്രവാസികളെ ഒഴിവാക്കരുത് –പ്രവാസി ഇന്ത്യ
text_fieldsദുബൈ: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിൽനിന്ന് സാങ്കേതിക കാരണങ്ങൾ പറഞ്ഞ് അർഹരായ നിരവധി പ്രവാസി വോട്ടർമാരെ ഒഴിവാക്കിയ നടപടിയിൽ ‘പ്രവാസി ഇന്ത്യ യു.എ.ഇ’ പ്രസിഡന്റ് അബ്ദുൽ ഹസീബ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. അകാരണമായി ഒഴിവാക്കിയ പ്രവാസി വോട്ടർമാരെ തിരിച്ചെടുക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
2026ലെ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനായി ഫോം സിക്സ്-എ വഴി അപേക്ഷ നൽകിയ നിരവധി പ്രവാസികളുടെ അപേക്ഷകളാണ് നിസ്സാര കാരണങ്ങളാൽ നിരസിക്കപ്പെട്ടത്. ഫീൽഡ് വെരിഫിക്കേഷനായി എത്തിയ ബി.എൽ.ഒമാർക്ക് വാർഡ് കൃത്യമായി തിരിച്ചറിയാൻ സാധിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടി അപേക്ഷകൾ തള്ളുന്നത് നീതീകരിക്കാനാവില്ല. വിദേശത്ത് ജനിച്ചവർക്ക് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാൻ സാങ്കേതിക തടസ്സങ്ങൾ നേരിടുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
ഇത്തരം സാങ്കേതിക പിഴവുകൾമൂലം വോട്ടവകാശം നിഷേധിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ പ്രത്യേക സംവിധാനം ഒരുക്കണം. അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും, പേര് ചേർക്കാൻ സാധിക്കാത്തവർക്ക് ഇനിയും അവസരമുണ്ടെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചിട്ടുണ്ട്. 2026 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായവർക്കും, ഇതുവരെ പേര് ചേർക്കാത്തവർക്കും https://voters.eci.gov.in എന്ന വെബ്സൈറ്റ് വഴിയോ വോട്ടർ ഹെൽപ്പ് ലൈൻ ആപ് വഴിയോ അപേക്ഷ സമർപ്പിക്കാവുന്നതാണ്. എല്ലാ പ്രവാസികളും വോട്ടർ പട്ടികയിൽ ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്നും, അകാരണമായി തള്ളപ്പെട്ട അപേക്ഷകൾ വീണ്ടും സമർപ്പിച്ച് വോട്ടവകാശം ഉറപ്പാക്കണമെന്നും അബ്ദുൽ ഹസീബ് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

