ഒറ്റത്തവണ പ്ലാസ്റ്റിക് ഉപയോഗം 95 ശതമാനം കുറഞ്ഞു
text_fieldsഅബൂദബി: ഒറ്റത്തവണ പ്ലാസ്റ്റിക് ബാഗ് നയം ആരംഭിച്ചതിലൂടെ രാജ്യത്ത് പ്ലാസ്റ്റിക് ബാഗ് ഉപയോഗം 95 ശതമാനം കുറക്കാന്‍ സാധിച്ചെന്ന് അബൂദബി പരിസ്ഥിതി ഏജന്‍സി. സമൂഹത്തിന്റെ സഹകരണവും പാരിസ്ഥിതിക ഉത്തരവാദിത്തം നിറവേറ്റുന്നതിലുള്ള അവരുടെ പ്രതിബദ്ധതയുമാണ് ഈ നേട്ടത്തിന് കാരണമെന്ന് അധികൃതര്‍ അറിയിച്ചു. പ്ലാസ്റ്റിക് മലിനീകരണം നേരിടാനുള്ള പൊതുജന അവബോധവും ദൃഢനിശ്ചയവുമാണ് ഈ പുരോഗതി ഉയര്‍ത്തിക്കാട്ടുന്നത്. കൂടുതല്‍ സുസ്ഥിരമായ ഭാവിയിലേക്കുള്ള കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഒരു പുതിയ ഘട്ടമാണ് ഈ നാഴികക്കല്ല് അടയാളപ്പെടുത്തുന്നതെന്നും അബൂദബി പരിസ്ഥിതി ഏജന്‍സി വ്യക്തമാക്കി.
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകളില്‍നിന്ന് പുനരുപയോഗിക്കാവുന്ന ബദലുകളിലേക്ക് മാറുന്നതില്‍ സമൂഹത്തിന്റെ അവബോധം, മനോഭാവം, സന്നദ്ധത എന്നിവ അളക്കുന്നതിനായി അബൂദബി പരിസ്ഥിതി ഏജന്‍സി ഒരു പൊതുജനാഭിപ്രായ സര്‍വേക്ക് തുടക്കമിട്ടിട്ടുണ്ട്. സെപ്റ്റംബര്‍ ഒന്നു മുതല്‍ ഒക്ടോബര്‍ 12 വരെയാണ് സര്‍വേ. ഒറ്റത്തവണ പ്ലാസ്റ്റിക് നയത്തിലൂടെ വ്യക്തികള്‍ നേരിട്ട ബുദ്ധിമുട്ടുകളും സുസ്ഥിര തെരഞ്ഞെടുപ്പുകളിലേക്കുള്ള അവരുടെ പ്രചോദനങ്ങളെയും സര്‍വേയിലൂടെ തിരിച്ചറിയും. ഈ സര്‍വേ അടിസ്ഥാനമാക്കിയാവും ഭാവിനയങ്ങള്‍ രൂപപ്പെടുത്തുക.
അധികൃതര്‍ ലഭ്യമാക്കിയിരിക്കുന്ന ലിങ്ക് മുഖേന സര്‍വേയില്‍ പങ്കെടുക്കണമെന്ന് പൊതുജനങ്ങളോട് പരിസ്ഥിതി ഏജന്‍സി ആവശ്യപ്പെട്ടു. 2022 ജൂണ്‍ ഒന്നിനായിരുന്നു ഒറ്റത്തവണ പ്ലാസ്റ്റിക് ഉല്പന്നങ്ങളുടെ നിരോധനം നടപ്പാക്കിയത്. നയം പ്രഖ്യാപിച്ച് ഒരുവര്‍ഷം കൊണ്ട് 17.2 കോടി പ്ലാസ്റ്റിക് ബാഗുകള്‍ തടയാനായി. പ്രതിദിനം 4.5 ലക്ഷം ബാഗുകളാണ് ഇതിലൂടെ കുറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

