അപകടം കുറക്കുന്നതിൽ നിർണായകമായി സൈൻ ബോർഡുകൾ
text_fieldsദുബൈ: എമിറേറ്റിലെ പ്രധാന റോഡുകളിൽ സ്ഥാപിച്ച ഇലക്ട്രോണിക് സൂചന ബോർഡുകൾ ഗതാഗത കുരുക്ക് കുറക്കുന്നതിൽ നിർണായകമായ പിന്തുണ നൽകുന്നതായി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു.
പ്രധാന ഇടനാഴികളിലെ സൈൻ ബോർഡുകളിൽ പ്രദർശിപ്പിക്കുന്ന അപകട, മുന്നറിയിപ്പ് സന്ദേശങ്ങൾ വഴി 20 ശതമാനം വരെ യാത്രാസമയം കുറക്കാനും കഴിയുന്നു.
അപകടങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ, ഗതാഗതക്കുരുക്ക്, കാലാവസ്ഥമാറ്റം എന്നിവ യഥാസമയം സ്ക്രീനിൽ പ്രദർശിപ്പിക്കുന്നതിലൂടെ റോഡ് സുരക്ഷ വർധിപ്പിക്കാനും അപകടങ്ങൾ കുറക്കാനും സാധിച്ചു.
നിലവിൽ എമിറേറ്റിലുടനീളം 112 ഇലക്ട്രോണിക് സൈൻ ബോർഡുകളാണ് ആർ.ടി.എ സ്ഥാപിച്ചിരിക്കുന്നത്. ദുബൈയുടെ ഇന്റലിജൻസ് ട്രാഫിക് സിസ്റ്റം സെന്ററിലെ നൂതനമായ ഐ ട്രാഫിക് സംവിധാനങ്ങളുമായി ഇവയെ സംയോജിപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ ആറുമാസത്തിനിടെ ഈ സൈൻ ബോർഡുകളിലായി 17,819 സന്ദേശങ്ങൾ പ്രദർശിപ്പിച്ചതായി ആർ.ടി.എയുടെ ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസിയിലെ ഇന്റലിജന്റ് ട്രാഫിക് സിസ്റ്റംസ് ഡയറക്ടർ സാലഹ് അൽ മർസൂഖി പറഞ്ഞു. ഇതിൽ റോഡപകടങ്ങളുമായി ബന്ധപ്പെട്ട മെസേജുകളാണ് മുന്നിൽ. 12,283 സന്ദേശങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് അയച്ചിരിക്കുന്നത്. 1038 മുന്നറിയിപ്പ് സന്ദേശങ്ങൾ, 984 ഗതാഗതക്കുരുക്ക് മുന്നറിയിപ്പുകൾ, വാഹനങ്ങൾ തകരാറിലായതുമായി ബന്ധപ്പെട്ടുള്ള 905 സന്ദേശങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടും. റോഡ് പൂർണമായും അടച്ചതായുളള 90 സന്ദേശങ്ങളും കാലാവസ്ഥ മാറ്റങ്ങൾ സംബന്ധിച്ച് 2519 മെസേജുകളും പ്രദർശിപ്പിച്ചു.
അപകട സ്ഥലങ്ങളെ അടിസ്ഥാനമാക്കി യഥാസമയം മുന്നറിയിപ്പുസന്ദേശങ്ങൾ പ്രദർശിപ്പിക്കുന്നതിനാൽ റോഡ് സുരക്ഷ ഉറപ്പുവരുത്തുന്നതിൽ സൈൻ ബോഡുകൾ സുപ്രധാനമായ പങ്കുവഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. സംഭവസ്ഥലത്തുനിന്ന് രണ്ട് കിലോമീറ്റർ മുതൽ തുടർച്ചയായി മുന്നറിയിപ്പ് സന്ദേശങ്ങൾ നൽകുന്ന രീതിയിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

