52 പദ്ധതികളിൽ 720 കോടി നിക്ഷേപിച്ച് ‘ശുറൂഖ്’
text_fieldsശുറൂഖിന്റെ പദ്ധതികളിലൊന്നായ നജ്ദ് അൽ മഖ്സാർ
ഷാർജ: എമിറേറ്റിന്റെ വളർച്ചയിൽ നിർണായകമായ നിക്ഷേപങ്ങളുടെയും വികസനത്തിന്റെയും തൊഴിലവസരങ്ങളുടെയും കണക്കുകൾ പുറത്തുവിട്ട് ഷാർജ നിക്ഷേപ വികസന അതോറിറ്റി (ശുറൂഖ്).
ഷാർജയുടെ വിവിധഭാഗങ്ങളിലെ 52 പദ്ധതികളിലൂടെ ആറുകോടി ചതുരശ്ര അടി ഭൂമിയിൽ വികസനം നടപ്പാക്കുകയും ഇതിനായി 720 കോടി ദിർഹം ചെലവഴിക്കുകയും ചെയ്തതായി റിപ്പോർട്ടിൽ വ്യക്തമാക്കി.
മൂന്ന് വൻകിട റിയൽ എസ്റ്റേറ്റ് പദ്ധതികൾ, 18 വിനോദകേന്ദ്രങ്ങൾ, 10 ഹോസ്പിറ്റാലിറ്റി പദ്ധതികൾ, 7.7 കിലോമീറ്റർ ബീച്ച് വികസനം എന്നിവ ഇതുവരെയായി പൂർത്തിയാക്കി. നേരിട്ടും അല്ലാതെയുമായി സ്വദേശികളും വിദേശികളുമടക്കം 5,000 പേർക്ക് തൊഴിൽ നൽകി. സ്ഥാപിതമായി 15 വർഷം പൂർത്തീകരിക്കുന്ന വേളയിലാണ് ശുറൂഖിന്റെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങളുടെ വിശദ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
തദ്ദേശീയരും പ്രവാസികളുമായ ജനങ്ങൾക്ക് ഒരേപോലെ അടുപ്പം തോന്നുന്നതും ആസ്വദിക്കാനാവുന്ന വിനോദകേന്ദ്രങ്ങൾ, സുസ്ഥിരവികസന ആശയങ്ങളിൽ ഊന്നിയുള്ള റിയൽ എസ്റ്റേറ്റ് പദ്ധതികൾ, കലയെയും സാംസ്കാരിക പ്രവർത്തനങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രങ്ങൾ, ഇമാറാത്തി പാരമ്പര്യവും ചരിത്രവും സംരക്ഷിക്കാനുള്ള പ്രത്യേക ദൗത്യങ്ങൾ എന്നിങ്ങനെ വൈവിധ്യമാർന്നതാണ് ശുറൂഖിന്റെ പ്രവർത്തനങ്ങൾ. യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ ആശയങ്ങളിലൂന്നിയാണ് ശുറൂഖിന് ഈ നേട്ടം കൈവരിക്കാനായതെന്ന് ചെയർപേഴ്സൻ ശൈഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി പറഞ്ഞു. തുടക്കം മുതൽ നിക്ഷേപ കേന്ദ്രീകൃതമായ വികസന അതോറിറ്റി എന്നതിലപ്പുറം വേറിട്ട കാഴ്ചപ്പാടുകൾ മുന്നോട്ടുവെക്കാൻ ശുറൂഖിന് കഴിഞ്ഞിട്ടുണ്ടെന്ന് സി.ഇ.ഒ അഹമ്മദ് അൽ ഖസീർ പറഞ്ഞു.
ഖോർഫക്കാൻ ബീച്ച്, അൽ ഹിറ ബീച്ച്, അൽ മജാസ് വാട്ടർഫ്രണ്ട്, അൽ ഖസ്ബ, അൽ മുൻതസ പാർക്ക്, ഫ്ലാഗ് ഐലൻഡ്, കൽബ ബീച്ച് എന്നിങ്ങനെ, ഷാർജയുടെ വിനോദസഞ്ചാര മേഖലയിൽ വലിയ മാറ്റങ്ങളുണ്ടാക്കിയ 18 വിനോദപദ്ധതികളാണ് ശുറൂഖിന്റെ നേതൃത്വത്തിൽ രൂപംകൊണ്ടത്.
കലാ-സാംസ്കാരിക പ്രവർത്തനങ്ങളും അതിലൂന്നിയുള്ള വിനോദസഞ്ചാരവും പ്രോത്സാഹിപ്പിക്കാനായി 44.7കോടി ചെലവഴിച്ച് അൽ നൂർ ഐലൻഡ്, ഹാർട്ട് ഓഫ് ഷാർജ, മറായ ആർട്ട് സെന്റർ എന്നീ കേന്ദ്രങ്ങളുമൊരുക്കിയിട്ടുണ്ട്. വായനയും ചരിത്രവും സാഹസിക വിനോദസഞ്ചാരവുമെല്ലാം സമ്മേളിക്കുന്ന മെലീഹ ദേശീയോദ്യാനം, ഹൗസ് ഓഫ് വിസ്ഡം ലൈബ്രറി എന്നിവയും ശുറൂഖിന്റെ നേട്ടങ്ങളുടെ പട്ടികയിലുള്ളതാണ്. മർയം ഐലൻഡ്, ഷാർജ സസ്റ്റൈനബിൾ സിറ്റി, അജ്വാൻ ഖോർഫക്കാൻ എന്നിങ്ങനെ മൂന്ന് പ്രധാനപ്പെട്ട റിയൽ എസ്റ്റേറ്റ് പദ്ധതികളിലായി 500 കോടി ദിർഹം നിക്ഷേപമാണ് ശുറൂഖ് നടത്തിയിട്ടുള്ളത്. നേരിട്ടും അല്ലാതെയുമായി ഇതുവരെ 5000 പേർക്ക് തൊഴിൽ നൽകാനും ശുറൂഖിന് കഴിഞ്ഞിട്ടുണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

