Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightശുക്​റൻ ഇമാറാത്ത്​:...

ശുക്​റൻ ഇമാറാത്ത്​: പോറ്റമ്മനാടിന്​ പ്രവാസത്തിന്‍റെ സ്​നേഹാദരം

text_fields
bookmark_border
Shukran emarat19422
cancel
Listen to this Article

ദുബൈ: ബാബാ സായിദും ബാബാ റാശിദും വെട്ടിത്തെളിച്ച നേർവഴികളിലൂടെ നടന്നു ശീലിച്ചവരാണ്​ ഇമാറാത്തികൾ. പൗരാണിക അറബ്​ പാരമ്പര്യത്തിന്‍റെ പെരുമക്കൊപ്പം സഹാനുഭൂതിയുടെ മഹിത സന്ദേശവും സമഭാവനയുടെ സ്​നേഹവും സഹിഷ്ണുതയുടെ മൂല്യങ്ങളും ഉള്ളിൽ പേറുന്നവരാണവർ. ആലംബഹീനരെ ചേർത്തുപിടിക്കണമെന്ന പൂർവസൂരികളുടെ വാക്കുകൾ പിൻപറ്റി ശൈഖ് ഖലീഫയും ശൈഖ് മുഹമ്മദ് ബിൻ റാശിദും ശൈഖ് മുഹമ്മദ് ബിൻ സായിദും ശൈഖ് സുൽത്താനും മുന്നിൽ നിന്ന്​ നയിക്കുമ്പോൾ ഇമാറാത്തി ജനതക്ക്​ ഇങ്ങനെയാവാതിരിക്കാൻ കഴിയില്ല. ആ സ്​നേഹത്തിന്‍റെയും സൗഹൃദത്തിന്‍റെയും സമഭാവനയുടെയും പങ്കുപറ്റുന്നവരാണ്​ നാം പ്രവാസികൾ. അറബിക്കടൽ താണ്ടി അന്നം തേടിയെത്തിയവരെ അതിഥികളായി സൽക്കരിച്ച്​​ അന്നമൂട്ടിയ യു.എ.ഇ പൗരൻമാർക്ക്​​ പ്രവാസലോകത്തിന്‍റെ പേരിൽ ആദരമർപ്പിക്കുകയാണ്​ പ്രവാസജനതയുടെ മുഖപത്രമായ ഗൾഫ്​ മാധ്യമം 'ശുക്​റൻ ഇമാറാത്തി'ലൂടെ. ജൂൺ 24, 25, 26 തീയതികളിൽ ഷാർജ എക്സ്​പോ സെന്‍ററിൽ നടക്കുന്ന മിഡ്​ൽ ഈസ്റ്റിലെ ഏറ്റവും വലിയ ഇന്ത്യൻ വാണിജ്യ, വിനോദ, സാംസ്കാരിക മേളയായ 'കമോൺ കേരള' നാലാം എഡിഷന്​ മുന്നോടിയായി ജൂൺ 23നാണ്​​ തെരഞ്ഞെടുക്കപ്പെട്ട ഇമാറാത്തി പൗരൻമാർക്ക്​ ഗൾഫ്​ മാധ്യമം ആദരമർപ്പിക്കുന്നത്​. 50 സുവർണ വർഷങ്ങൾ പുൽകുന്ന ഈ നാടിന്​ സ്വാതന്ത്ര്യത്തിന്‍റെ 75ാം വാർഷികം ആഘോഷിക്കുന്ന ഇന്ത്യ നൽകുന്ന സ്​നേഹാദരമായിരിക്കും 'ശുക്​റൻ ഇമാറാത്ത്​'.

സ്വപ്നങ്ങൾ കണ്ടു കൂട്ടാൻ മാത്രമല്ല, സഫലമാക്കിയെടുക്കാനുള്ളതാണെന്ന് പ്രവാസികളെ പഠിപ്പിക്കുകയും ​പ്രാവർത്തികമാക്കാൻ കൈത്താങ്ങൊരുക്കുകയും ചെയ്തവരാണ്​ യു.എ.ഇ പൗരൻമാർ. അഭയാർഥികളായെത്തിയവരെ സ്വന്തം സഹോദരങ്ങളായി കണ്ട്​ കൈപിടിച്ചുയ പൗരൻമാരെയാണ്​ 'ശുക്​റൻ ഇമാറാത്തിൽ' പ്രധാനമായും ആദരിക്കുക. 'സ്​പോൺസർ' എന്ന ഒറ്റവാക്കിലോ അർബാബ്​ എന്ന വിളിപ്പേരിലോ ഒതുക്കി നിർത്താവുന്ന ബന്ധമല്ല പ്രവാസികളും ഇമാറാത്തി ജനതയും തമ്മിലുള്ളത്​. വ്യവസായ സൗഹാർദത്തിന്‍റെ പുതു വാതിലുകൾ പ്രവാസികൾക്ക്​ മുൻപിൽ തുറന്നിടുകയും ലാഭനഷ്ടം നോക്കാതെ സഹായമൊഴുക്കുകയും ചെയ്ത ഇമാറാത്തി പൗരൻമാർ ഷാർജ എക്സ്​പോ സെന്‍ററിന്‍റെ വേദിയെ സമ്പന്നമാക്കും. അവരുടെ നൻമയുടെ കഥകൾ പറയാനും കാതോർത്ത്​ കേട്ടിരിക്കാനും പ്രവാസലോകം ഒന്നടങ്കം സദസിലും വേദിയിലുമുണ്ടാവും. പ്രൗഡമായ സദസിന്​ മുൻപിൽ ഇന്ത്യൻ ജനതയുടെ സ്​നേഹസമ്മാനം ഇമാറാത്തിന്‍റെ പ്രതിനിധികൾക്ക്​ കൈമാറും. യു.എ.ഇയുടെ വികസനവഴിയിലും കലാ, കായിക, സാംസ്കാരിക, വാണിജ്യ, നയതന്ത്ര, സാമ്പത്തിക, പാരിസ്ഥിതിക മേഖലകളിലും സംഭാവന നൽകിയ പൗരൻമാരും ആദരിക്കപ്പെടും. ​ആദരമർപ്പിക്കാൻ മിഡ്​ൽ ഈസ്റ്റിലെയും ഇന്ത്യയിലെയും പ്രമുഖർ വേദിയിൽ അണിനിരക്കും. പതിറ്റാണ്ടുകൾക്ക്​ ശേഷമുള്ള ഒത്തുചേരലിന്‍റെയും ഓർമപങ്കുവെക്കലിന്‍റെയും വൈകാരിക മുഹൂർത്തങ്ങൾക്ക്​ വേദി സാക്ഷ്യം വഹിക്കും. യു.എ.ഇക്ക്​ ഇന്ത്യൻ സമൂഹം നൽകുന്ന ഏറ്റവും വലിയ അഭിവാദനമായി 'ശുക്​റൻ ഇമാറാത്ത്​' ചരിത്ര ലിപികളിൽ രേഖ​പ്പെടുത്തും.

നിങ്ങൾക്കും നിർദേശിക്കാം:

വാനോളം ഉയരത്തിൽ നെടുങ്കനെ നിൽക്കുന്ന ബുർജ് ഖലീഫയേക്കാൾ മേലെയാണ് യു.എ.ഇ ഉയർത്തിയ സഹിഷ്ണുതയുടെ, സഹജീവി സ്​നേഹത്തിന്‍റെ, സഹാനുഭൂതിയുടെ പതാക. ആ പതാകയുടെ തണൽ ലോകത്തിനായി പങ്കുവെച്ചവരാണ്​ ഇവിടെയുള്ള ഇമാറാത്തികൾ. അവരുടെ സ്​നേഹത്തിന്‍റെ കഥകൾ പറയാനില്ലാത്ത പ്രവാസികൾ കുറവായിരിക്കും. അഭയാർഥികളായെത്തിയവർക്ക്​ ജോലി നൽകിയവർ, കൂരയില്ലാത്തവർക്ക് അടച്ചുറപ്പുള്ള​ വീടുവെച്ച്​ നൽകിയവർ, മക്കളെ കൈപിടിച്ചുയർത്തിയവർ, അവരുടെ വിവാഹം നടത്തിയവർ, ബിസിനസിൽ കൈത്താങ്ങായവർ, കടബാധ്യതകൾ ഏറ്റെടുത്തവർ, സംരംഭങ്ങൾ തുടങ്ങാൻ നിക്ഷേപമൊഴുക്കിയവർ, ജയിൽമോചനമൊരുക്കിയവർ, മലയാളത്തെ തൊട്ടറിയാൻ കേരളക്കരയിലെത്തിയവർ... അങ്ങിനെ ഇമാറാത്തികളുടെ സ്​നേഹം ഏറ്റുവാങ്ങിയവരാണ്​ പ്രവാസികൾ. ഈ കഥകൾ ലോകത്തോട്​ പങ്കുവെക്കാൻ നിങ്ങൾക്ക്​ താൽപര്യമുണ്ടോ ?. അവർ ആദരിക്കപ്പെടണമെന്ന്​ ആഗ്രഹിക്കുന്നുണ്ടോ ?. എങ്കിൽ ഞങ്ങളെ വിളിക്കൂ (ഫോൺ: 0556699188). ആകാശമല്ല, അതിനുമപ്പുറത്താണ് അതിരുകൾ എന്ന് പ്രഖ്യാപിച്ച് മുന്നോട്ടു കുതിക്കുന്ന ഈ നാടിന്‍റെ പൗരൻമാരുടെ സ്​നേഹത്തിന്‍റെ, കരുതലിന്‍റെ കഥകൾ 'ഗൾഫ്​ മാധ്യമ'ത്തിലൂടെ നിങ്ങൾക്ക്​ ലോകത്തെ അറിയിക്കാം. വരും ദിവസങ്ങളിൽ ഇവ വായനക്കാരുടെ മുൻപേലേക്കെത്തും.

Show Full Article
TAGS:shukran emarat 
News Summary - shukran emarat
Next Story