ഇത് പഴയ ദുബൈച80കളിലെ നഗരക്കാഴ്ചകളുമായി പ്രദർശനം
text_fieldsദുബൈ: ലോകത്തെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായി ദുബൈ രൂപപ്പെടുന്നതിനുമുമ്പുള്ള നഗരത്തിലെ കാഴ്ചകൾ കാണണോ? അതിനൊരു അവസരമൊരുക്കിയിരിക്കയാണ് ദുബൈ ഷോപ്പിങ് ഫെസ്റ്റിവൽ സംഘാടകർ. 1980കളിലെയും 90കളിലെയും നഗരക്കാഴ്ചകളാണ് പ്രദർശനത്തിന്റെ ഭാഗമായി പുനരാവിഷ്കരിച്ചിട്ടുള്ളത്. അൽ ഖവാനീജ് ലാസ്റ്റ് എക്സിറ്റിൽ നടക്കുന്ന 10 ദിവസത്തെ പരിപാടി വെള്ളിയാഴ്ച ആരംഭിച്ചു. വൈകീട്ട് നാലുമുതൽ രാത്രി 11വരെയാണ് ഇവിടേക്ക് പ്രവേശനം അനുവദിക്കുന്നത്.ദുബൈ നിർണായകമായ മാറ്റത്തിന് തുടക്കം കുറിച്ച കാലത്തെ അടയാളപ്പെടുത്തുന്നതാണ് പ്രദർശനം. അക്കാലത്തെ കടകൾ, കെട്ടിടങ്ങളുടെ രൂപം, വീട്ടുപകരണങ്ങൾ തുടങ്ങി വിവിധ സംവിധാനങ്ങൾ ഇവിടെ പരിചയപ്പെടാനാകും.
അന്താരാഷ്ട്ര ഭൂപടത്തിൽ ദുബൈയും യു.എ.ഇയും ഉയർന്നുവന്ന ഒരു ദശകമെന്ന നിലയിലാണ് 80കളുടെ പ്രദർശനം അധികൃതർ തെരഞ്ഞെടുത്തത്. അക്കാലത്തെ വിവിധ രീതികൾ പരിചയപ്പെടുത്തുന്ന ഫോട്ടോ ബൂത്തുകൾ, ഷോകൾ, ആനിമേഷൻ-തത്സമയ പ്രകടനങ്ങൾ, പഴയ-സ്കൂൾ ഗെയിമിങ് ആർക്കേഡുകൾ, ക്ലാസിക് കാറുകൾ എന്നിവയെല്ലാം ഇവിടെ പരിചയപ്പെടുത്തുന്നു.ദുബൈ ചരിത്രത്തിന്റെ വഴിത്തിരിവായ കാലത്തെ ജീവിതത്തിന്റെ ഹൃദ്യമായ അനുഭവം സൃഷ്ടിക്കാനാണ് പരിപാ ടി ലക്ഷ്യമിട്ടതെന്ന് ദുബൈ ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്മെൻറ്(ഡി.എഫ്.ആർ.ഇ) സി.ഇ.ഒ അഹ്മദ് അൽ ഖാജ പറഞ്ഞു.
ഇപ്പോഴത്തെ അഭിവൃദ്ധിയുടെയും വളർച്ചയുടെയും വിത്തുകൾ പാകിയ ഒരു ദശാബ്ദത്തെക്കുറിച്ച് ചിന്തിക്കാൻ ഇത് സന്ദർശകരെ സഹായിക്കും. ഏതാനും വർഷങ്ങളിലാണ് ദുബൈ അതിവേഗം വളർന്ന് പന്തലിച്ചത്. നഗരത്തിലെ ആധുനിക കെട്ടിടങ്ങൾ, വലിയ ഫെസ്റ്റിവലുകൾ, ഒരു വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിലെ വളർച്ച എന്നിവയെല്ലാം 80കളിലാണ് ആരംഭിച്ചത്. അതിനാലാണ് ഈ പ്രത്യേക കാലഘട്ടത്തെ ഹൈലൈറ്റ് ചെയ്യാൻ ആഗ്രഹിച്ചത് -അദ്ദേഹം കൂട്ടിച്ചേർത്തു.
പഴയ സെൽ ഫോണുകൾ, സ്വിച്ച് വാച്ചുകൾ, ഗെയിംബോയ്സ്, പഴയ വിജ്ഞാനകോശങ്ങളും ഫ്ലോപ്പി ഡിസ്കുകളും, വിന്റേജ് ടെലിവിഷനുകൾ, റെട്രോ കാസറ്റ് പ്ലെയറുകൾ, പഴയ തലമുറയിലെ മറ്റു ഉപകരണങ്ങൾ എന്നിവയെല്ലാം സ്മരണികകളായി സന്ദർശകർക്കുവേണ്ടി ഇവിടെ ഒരുക്കിയിട്ടുണ്ട്. എല്ലാവർക്കും സൗജന്യമായി പ്രവേശിക്കാം. ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന്റെ 28ാം എഡിഷൻ ജനുവരി 29നാണ് സമാപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

