വെടിവെപ്പ് സംഭവം; പൊലീസ് ഉദ്യോഗസ്ഥന് ആദരം
text_fieldsയു.എ.ഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്. ജനറല്‍ ശൈഖ് സൈഫ് ബിന്‍സായിദ് ആല് നഹ്യാനിൽനിന്ന് റാക് പൊലീസ് സേനയിലെ കോര്‍പറല്‍ അഹ്മദ് അലി അല്‍ ബലൂശി ആദരവ് ഏറ്റുവാങ്ങുന്നു
റാസല്‍ഖൈമ: എമിറേറ്റില്‍ മൂന്നുപേരുടെ ജീവന് അപഹരിച്ച വെടിവെപ്പ് സംഭവത്തില്‍ ധീരമായ കൃത്യനിര്‍വഹണത്തിലേര്‍പ്പെട്ട പൊലീസ് ഉദ്യോഗസ്ഥനെ ആദരിച്ച് ആഭ്യന്തര മന്ത്രാലയം. റാക് പൊലീസ് സേനയിലെ കോര്‍പറല്‍ അഹ്മദ് അലി അല്‍ ബലൂശിയാണ് സേവന മികവിനുള്ള സവിശേഷ ആദരവ് കരസ്ഥമാക്കിയത്.
രക്തത്തില്‍ കുതിര്‍ന്ന നിലയില്‍ മൂന്ന് സ്ത്രീകളെ കണ്ടിട്ടും ആത്മധൈര്യം ചോരാതെ അവരെ ആശുപത്രിയില്‍ എത്തിക്കുന്നതിനും പ്രതിയെ പിടികൂടി കൂടുതല്‍ ദുരന്തങ്ങള്‍ ഒഴിവാക്കാനും കാണിച്ച അഹ്മദ് അലി അല്‍ ബലൂശിയുടെ സേവന മികവ് വിലമതിക്കാനാകാത്തതാണെന്ന് യു.എ.ഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്. ജനറല്‍ ശൈഖ് സൈഫ് ബിന്‍ സായിദ് ആല് നഹ്യാന് അഭിപ്രായപ്പെട്ടു.
അസാധാരണ ധീരതക്കും ദേശീയ കടമ നിറവേറ്റിയതിനും ‘സെക്യൂരിറ്റി സെന്‍സ് മെഡല്‍’ നല്‍കിയാണ് യു.എ.ഇ അഹ്മദ് അലിയെ ആദരിച്ചത്. ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഖലീഫ് ഹാരിബ് അല്‍ ഖൈലി, റാക് പൊലീസ് മേധാവി അലി അബ്ദുല്ല അല്വാന് അല്‍ നുഐമി, ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
വാഹനം കടന്നുപോകുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ 66 വയസ്സുകാരിയായ മാതാവും 36ഉം 38ഉം പ്രായമുള്ള പെണ്മക്കളുമാണ് റാസല്‍ഖൈമയില്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. 47കാരിയായ മൂന്നാമത്തെ മകള്‍ക്ക് സംഭവത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

