ശിവഗിരി തീര്‍ഥാടന സംഗമത്തിന് യു.എ.ഇയില്‍ വിപുല ഒരുക്കങ്ങള്‍; സ്വാഗത സംഘം രൂപവത്കരിച്ചു
text_fieldsദുബൈ: 86ാമത് ശിവഗിരി തീര്‍ഥാടന സംഗമം യു.എ.ഇയിലും വിപുല രീതിയില്‍ നടത്തുമെന്ന് എസ്.എന്‍.ഡി.പി യോഗം (സേവനം) യു.എ.ഇ സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍ പത്രകുറിപ്പില്‍ അറിയിച്ചു. തുടര്‍ച്ചയായ ഒമ്പതാമത് വര്‍ഷമാണ് ഇന്ത്യക്ക് പുറത്ത് നടക്കുന്ന ഏക ശിവഗിരി തീര്‍ഥാടനത്തിന് യു.എ.ഇ വേദിയാകുന്നത്. ജനുവരി 11ന് അജ്മാന് ഇന്ത്യന്‍ അസോസിയേഷന് ഹാളിലാണ് ശിവഗിരിയില്‍ നടത്തുന്ന ആചാരാനുഷ്ഠാനങ്ങളോടെ ആഘോഷ പരിപാടികള്‍ നടക്കുക. സംഗമത്തിന്‍െറ വിജയത്തിന് എം.കെ. രാജന് (ചെയര്‍.), ശ്രീധരന് പ്രസാദ്, സാജന് സത്യ (വൈസ്.ചെയര്‍.), കെ.എസ്. വാചസ്പതി (ജന.കണ്.), ശിവദാസന്‍ പൂവാര്‍, ഷൈന്‍ കെ. ദാസ് (ജോ.കണ്.), സുധീഷ് സുഗതന് (മീഡിയ കണ്.) എന്നിവരുടെ നേതൃത്വത്തില്‍ 250 അംഗങ്ങളടങ്ങിയ സ്വാഗത സംഘം രൂപവത്കരിച്ചു.
ശിവഗിരിയിലെ ആത്മീയ ആചാര്യന്മാരും കേരളത്തിലെയും യു.എ.ഇയിലെയും സാമൂഹ്യ-സാംസ്കാരിക-വാണിജ്യ രംഗത്തെ പ്രമുഖരും അജ്മാനില്‍ നടക്കുന്ന ശിവഗിരി തീര്‍ഥാടന സംഗമത്തില്‍ സംബന്ധിക്കും. തീര്‍ഥാടന പ്രചാരണത്തിനായുള്ള ലഘുലേഖയുടെ പ്രകാശനം എസ്.എന്‍.ഡി.പി യു.എ.ഇ ചെയര്മാന് എം.കെ. രാജന് സെക്രട്ടറി കെ.എസ്. വാചസ്പതിക്ക് നല്കി നിര്‍വഹിച്ചു. ദുബൈ ഗള്‍ഫ് മോഡല്‍ സ്കൂളില്‍ നടന്ന ചടങ്ങില്‍ എം.കെ. രാജന് അധ്യക്ഷത വഹിച്ചു. സാജന് സത്യ, ഷൈന്‍ കെ. ദാസ്, ജെ.ആര്.സി. ബാബു, ശിവദാസന്‍ പൂവാര്‍, ഉഷാ ശിവദാസന്‍, യേശു ശീലന്‍ (അബുദാബി), ഉദയന്‍ മഹേശ്വരന് (ഷാര്‍ജ), സുഭാഷ് (റാക്), സതീശന് (ഫുജൈറ), ഡോ. സാലു ചന്ദ്രശേഖര്‍ (അല്‍ ഐന്‍), ഗിരീഷ്കുമാര്‍ (ഉമ്മുല്‍ഖുവൈന്‍) തുടങ്ങിയവര്‍ സംസാരിച്ചു. കെ.എസ്. വാചസ്പതി സ്വാഗതവും ശ്രീധരന് പ്രസാദ് നന്ദിയും പറഞ്ഞു.