കപ്പലിലേറി ദുബൈയിൽ, 40 വർഷം ഒരേ സ്ഥാപനത്തിൽ; ഇനി മടക്കം
text_fieldsപി.വി. അസു കുരിക്കൾ
വിവാഹം കഴിഞ്ഞ് രണ്ടാഴ്ച തികയും മുമ്പ് പ്രവാസ ജീവിതം തുടങ്ങിയയാളാണ് കോഴിക്കോട് കക്കോടി സ്വദേശി പി.വി. അസു കുരിക്കൾ. 43 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിക്കുകയാണ്.
1978 ഏപ്രിൽ ഒന്നിനായിരുന്നു അമ്മാവെൻറ മകൾ ഖദീജ ജീവിതസഖിയായത്. പ്രവാസ സ്വപ്നം കണ്ട് ദിവസങ്ങൾ മാത്രം നീണ്ട ദാമ്പത്യ ജീവിതത്തിനോട് വിടപറഞ്ഞ് ഏപ്രിൽ 27ന് കപ്പൽ മാർഗമാണ് ദുബൈയിലേക്ക് തിരിച്ചത്. അഞ്ചു ദിവസത്തെ കടൽയാത്രക്കൊടുവിൽ ആറാം ദിവസം ദുബൈ സി പോർട്ടിൽ ഇറങ്ങി. അജ്മാൻ, ഷാർജ, ദുബൈ ഒക്കെ ആയി ചിപ്സ് കമ്പനിയിൽ കുറച്ചുകാലം തള്ളിനീക്കി. പാണക്കാട് ഹൗസ് എന്ന ഷാർജയിലെ റൂം ആയിരുന്നു അധികവും വാസസ്ഥലം.
പറയത്തക്ക ജോലിയില്ലാത്തതിനാൽ 1980ൽ അബൂദബിക്ക് ചേക്കേറി. ഇവിടെയും ജോലി പ്രയാസകരമായിരുന്നു. കാർ കഴുകൽ മുതൽ ചെറിയ ജോലികൾ ചെയ്ത് പലസ്ഥലത്തും ജോലിക്കായി ശ്രമിച്ചു. 1981 ഏപ്രിലിൽ ശൈഖ് സായിദിെൻറ പേഴ്സനൽ ഡിപ്പാർട്മെൻറായ 'ദാറത്തുൽ ഖാസ്സയിൽ' ജോലികിട്ടി. ശൈഖ് സായിദിെൻറ മരണം വരെ അവിടെ ജോലി തുടർന്നു. പിന്നീട് ശൈഖ ഫാത്തിമയുടെ സി പാലസിൽ ജോലി ലഭിച്ചു. നാളിതുവരെ അവിടെ തന്നെയായിരുന്നു ജോലി. നാല് പതിറ്റാണ്ട് ഒരേ സ്ഥാപനത്തിൽ ജോലിചെയത്തു.
അബൂദബി എന്ന ലോകോത്തര പട്ടണത്തിെൻറ വളർച്ച കണ്ടാണ് പ്രവാസം. അന്നത്തെ ഇസ്ലാമിക് സെൻററിലെ ഒത്തുചേരലുകളും കെ.എം.സി.സിയുടെ പ്രവർത്തനങ്ങളും ഓർമയിലുണ്ടാകും.പുതിയൊരു സെൻററിന് ഇന്ദിരഗാന്ധി തറക്കല്ലിട്ടതും മനസ്സിൽ നിറഞ്ഞുനിൽക്കുന്നു. കോഴിക്കോട് ജില്ല കെ.എം.സി.സി, വടകര എൻ.ആർ.ഐ ഫോറം, ഗ്ലോബൽ തിക്കോടിയൻസ് ഫോറം, തൃക്കോട്ടൂർ അബൂദബി ഫോറം, ഇസ്ലാമിക് സെൻറർ എന്നിവയിൽ പ്രവർത്തിച്ചു.
ജീവകാരുണ്യപ്രവർത്തണങ്ങളിലും പങ്കാളിയായി. 1984 ൽ ബി. പോക്കർ സാഹിബ് റിലീഫ് എന്ന കമ്മിറ്റിക്ക് രൂപം നൽകിയിരുന്നു.ഏതാണ്ട് 17 കുടുംബങ്ങളിൽ മാസത്തിൽ ചെറിയ ധന സഹായം എത്തിക്കാൻ കഴിഞ്ഞമാസം വരെ സാധിച്ചു.ഈ നാട്ടിലെ നല്ലവരായ ഭരണകർത്താക്കളുടെ സ്നേഹലാളനകളും ഇവിടം സമ്മാനിച്ച സുഹൃത്തുക്കളെയും ഹൃദയത്തിൽ സൂക്ഷിച്ചാണ് ഈ മടക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

