കത്തിയമർന്ന കപ്പലിൽനിന്ന് രക്ഷപ്പെട്ട ഇന്ത്യക്കാർ സ്നേഹതീരമണഞ്ഞു
text_fieldsകപ്പലിൽനിന്ന് രക്ഷപ്പെട്ടവരെ അഹ്മദാബാദിലേക്ക് ഡോ. കെ. സനാതനന്റെ നേതൃത്വത്തിൽ യാത്രയാക്കുന്നു
സലാല: മിർബാത്ത് തീരത്ത് കത്തിയമർന്ന കപ്പലിൽനിന്ന് രക്ഷപ്പെട്ട ഒമ്പത് ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങി. എയർ അറേബ്യ വിമാനത്തിലാണ് ഇവർ അഹ്മദാബാദിലെത്തിയത്. ദുബൈയിൽനിന്ന് സോമാലിയയിലേക്ക് പോകുകയായിരുന്ന ദുഅ അൽ ജദഫ് എന്ന കപ്പലാണ് സലാലക്ക് സമീപം ഫെബ്രുവരി പതിനാലിന് പൂർണമായും കത്തിയമർന്നത്. കപ്പലിലുണ്ടായിരുന്ന 80 കാറുകളും അഗ്നിക്കിരയായിരുന്നു.
കത്തിയ കപ്പൽ നീക്കാൻ ഉടമകൾ വരാതിരുന്നതിനെ തുടർന്ന് രക്ഷപ്പെട്ടവരുടെ യാത്ര നീളുകയായിരുന്നു. ഇവരെ സാഹസികമായി രക്ഷപ്പെടുത്തിയ സ്വദേശി പൗരൻ അബ്ദുൽ ഹക്കീം അൽ അംരിയുടെ സംരക്ഷണത്തിലാണ് കഴിഞ്ഞ 33 ദിവസവും മിർബാത്തിൽ കഴിഞ്ഞത്. സലാലയിലെ ചില ഗുജറാത്തി കമ്പനികളും സഹായവുമായെത്തി. കോൺസുലാർ ഏജന്റ് ഡോ. കെ. സനാതനന്റെ നിരന്തര പരിശ്രമഫലമായി യാത്രാരേഖകൾ ശരിയായെങ്കിലും ടിക്കറ്റിനും മറ്റും വേണ്ട തുകയില്ലാത്തതിനെ തുടർന്ന് യാത്ര നീണ്ടു.
അവസാനം ഖിജി ഗ്രൂപ്പാണ് ഒമ്പതു പേർക്കുള്ള ടിക്കറ്റ് നൽകിയത്. മിർബാത്തിൽനിന്ന് എയർപോർട്ടിലേക്കുള്ള ബസ് കൈരളിയാണ് ഏർപ്പാടാക്കിയത്. കെ.എം.സി.സി പ്രസിഡന്റ് നാസർ പെരിങ്ങത്തൂരിന്റെ ഉടമസ്ഥതയിലുള്ള സലാല തട്ടുകട ഇവർക്കുള്ള ഭക്ഷണവും നൽകി. ഡോ. സൗമ്യ സനാതനന്റെ നേതൃത്വത്തിൽ സലാല അടുക്കള എന്ന സ്ത്രീ കൂട്ടായ്മ ഇവർക്കും കുടുംബത്തിനുമുള്ള അത്യാവശ്യ വസ്ത്രങ്ങൾ സംഘടിപ്പിക്കുകയും ഓരോരുത്തർക്കും 22 കിലോ സാധനങ്ങൾ നൽകുകയും ചെയ്തു. അഹ്മദാബാദിൽനിന്ന് 500 കിലോമീറ്റർ അകലെ ഗ്രാമത്തിലുള്ള ഇവർക്ക് നാട്ടിലെത്താൻ 3000 ഇന്ത്യൻ രൂപയും നൽകിയാണ് സലാല എയർപോർട്ടിൽനിന്ന് യാത്രയാക്കിയത്. ഉടുതുണിക്ക് മറുതുണിയില്ലാതെ ഒറ്റപ്പെട്ടുപോയവർക്ക് ആശ്വാസം നൽകിയ എല്ലാവർക്കും നന്ദി പറഞ്ഞാണ് കപ്പൽ ക്യാപ്റ്റനും സംഘവും മടങ്ങിയത്.