ഗസ്സയിലേക്ക് സഹായ വസ്തുക്കളുമായി കപ്പൽ പുറപ്പെട്ടു
text_fieldsഅബൂദബി: കമ്യൂണിറ്റി ഡ്രൈവിന്റെ ഭാഗമായി ശേഖരിച്ച ഒരു കോടി ഭക്ഷണപ്പൊതികളുമായി യു.എ.ഇയിൽ നിന്നുള്ള സഹായ കപ്പൽ ഗസ്സയിലേക്ക് പുറപ്പെട്ടു.
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ ബഹുമാനാർഥം ശൈഖ് മുഹമ്മദ് ബിൻ റാശിദ് മാനുഷിക കപ്പൽ എന്നാണ് കപ്പലിന് നൽകിയിരുന്ന പേര്.
വ്യാഴാഴ്ച അബൂദബി തുറമുഖത്തുനിന്ന് പുറപ്പെട്ട കപ്പലിൽ 7300 ടൺ സഹായവസ്തുക്കളാണ് ഉൾപ്പെടുന്നത്. ഇതിൽ 65 ശതമാനവും ദുരിതാശ്വാസ വസ്തുക്കളാണ്. 27 ശതമാനം തണുപ്പകറ്റാനുള്ള വസ്ത്രങ്ങളും ടെന്റുകളുമാണ്. എട്ട് ശതമാനം സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള ഭക്ഷ്യ ഉൽപന്നങ്ങളാണെന്നും ഗാലന്റ് നൈറ്റ് 3 സംരംഭത്തിന്റെ വക്താവ് മുഹമ്മദ് അൽ ഷരീഫ് പറഞ്ഞു.
അബൂദബിയിൽ നിന്ന് പുറപ്പെട്ട കപ്പൽ രണ്ടാഴ്ചക്കുള്ളിൽ ഈജിപ്തിലെ അൽ ആരിഷ് തുറമുഖത്തെത്തുമെന്നാണ് പ്രതീക്ഷ. തുറമുഖത്ത് നിന്ന് അൽ ആരിഷിലെ യു.എ.ഇയുടെ ഗോഡൗണിലേക്ക് വസ്തുക്കൾ മാറ്റും.
ഇവിടെ നിന്നാണ് കണ്ടയ്നർ ലോറികളിൽ കയറ്റി ഗസ്സ അതിർത്തി കടത്തുക. ശൈഖ് മുഹമ്മദ് ബിൻ റാശിദ് ഗ്ലോബൽ ഇനീഷേറ്റീവിന്റെ ഭാഗമായി ശേഖരിച്ചതാണ് 10 ദശലക്ഷം ഭക്ഷണപ്പൊതികൾ. ദുബൈ എക്സ്പോ സിറ്റിയിൽ നൂറുകണക്കിന് ഇമാറാത്തികളാണ് ഭക്ഷണപ്പൊതികൾ ഒരുക്കാനായി ഒരുമിച്ചുകൂടിയിരുന്നത്. ഇതിനൊപ്പം വിവിധ ജീവകാരുണ്യ സംഘടനകൾ സംഭാവന ചെയ്ത് വസ്തുക്കളും ഉൾപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

