പ്രവാസികളുമായി ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന്റെ സംവാദം ഇന്നു മുതൽ
text_fieldsഐവറി ബുക്സ് അധികൃതർ ദുബൈയിൽ വാർത്തസമ്മേളനത്തിൽ
ഷാർജ: പ്രവാസി മലയാളികളുമായി സാഹിത്യകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന്റെ സംവാദം ആറ്, ഏഴ്, എട്ട് തീയതികളിൽ നടക്കും. ഷാർജ പുസ്തകോത്സവത്തിലെ ഐവറി ബുക്സിന്റെ ഹാളിൽ വൈകീട്ട് ആറിനാണ് പരിപാടി. 'ഗൾഫനുഭവങ്ങൾ പറയൂ, കേൾക്കൂ' പേരിൽ നടത്തുന്ന പരിപാടിയിലൂടെ കാൽ നൂറ്റാണ്ടിലേറെയായി ഗൾഫിൽ പ്രവാസജീവിതം നയിക്കുന്ന വ്യക്തികളുടെ ഗൾഫനുഭവം കേൾക്കുകയും പുസ്തകമാക്കി പുറത്തിറക്കുകയും ചെയ്യും.
ഷാർജ പുസ്തകോത്സവത്തിലൂടെ യു.എ.ഇയിലേക്ക് തങ്ങൾ ചുവടുവെക്കുകയാണെന്ന് ഐവറി ബുക്സ് സി.ഇ.ഒ പ്രവീൺ വൈശാഖൻ ദുബൈയിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന്റെ പരിപാടി സംഘടിപ്പിക്കുന്നത് അതിന്റെ ഭാഗമായാണ്. ഷാർജ പുസ്തകോത്സവത്തിൽ ഇത്തവണ സ്റ്റാളുണ്ട്. ഷാർജ പബ്ലിഷിങ് സിറ്റി ഫ്രീസോണിൽ രജിസ്റ്റർ ചെയ്ത് ഓഫിസും തുടങ്ങി. മലയാളികളായ ഗൾഫ് എഴുത്തുകാർക്കായി സാഹിത്യ ക്യാമ്പുകൾ, ഏകദിന വർക്ക് ഷോപ്പുകൾ, കേരളത്തിൽനിന്നുമുള്ള പ്രസാധകരായ എഴുത്തുകാരുമായി മുഖാമുഖ ചർച്ചകൾ എന്നിവയിലൂടെ ഗൾഫ് മേഖലയിലെ എഴുത്തുകാരെ മുഖ്യധാരാ മേഖലയിലേക്ക് കൊണ്ടുവരുകയെന്നതാണ് ഐവറി ബുക്സിന്റെ ലക്ഷ്യം. ഇതിലുടെ ഗൾഫ് എഴുത്തുകാരുടെ പുസ്തകങ്ങൾ നല്ല രീതിയിൽ എഡിറ്റിങ്ങും ഫ്രൂഫ് റീഡിങ്ങും നടത്തി നല്ല പ്രൊഡക്ഷനിൽ പ്രസിദ്ധീകരിക്കാനും ഐവറി ബുക്സ് ഉദ്ദേശിക്കുന്നു. പ്രായംകുറഞ്ഞ ഗ്രാഫിക് എഴുത്തുകാരൻ ആയുഷ് ഡെന്നിയുടെ തത്സമയ ആർട്ട് ഡെമോ പരിപാടിയും ഐവറിയുടെ സ്റ്റാളിൽ ഉണ്ട്. പുസ്തകോത്സവത്തിന്റെ അവസാന ദിനമായ 13ന് രാത്രി 9.25ന് റൈറ്റേഴ്സ് ഫോറം ഹാളിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ എഴുത്തുകാരൻ ആനന്ദ് നീലകണ്ഠൻ സംസാരിക്കും. ഇന്റർനാഷനൽ മാർക്കറ്റ് ലക്ഷ്യമിട്ട് യു.കെയിൽ ഇംഗ്ലീഷ് പുസ്തക പ്രസാധനത്തിനും തുടക്കമിട്ടെന്നും അദ്ദേഹം പറഞ്ഞു. വാർത്തസമ്മേളനത്തിൽ ഐവറി ബുക്സ് ഷാർജ ഓഫിസ് പ്രതിനിധി ഹുസെഫ ഫക്റുദ്ദീൻ, ഷാർജ ഓഫിസ് പ്രതിനിധി പി. പത്മനാഭൻ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

