സ്ത്രീശാക്തീകരണ കേന്ദ്രത്തിന് ശൈഖ ഫാത്തിമ തുടക്കംകുറിച്ചു
text_fieldsയു.എൻ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ആമിന ജെ. മുഹമ്മദ് യു.എ.ഇ രാഷ്ട്രമാതാവ് ശൈഖ ഫാത്തിമ ബിൻത് മുബാറകിനെ സന്ദർശിക്കുന്നു (ഫയൽ ചിത്രം)
ദുബൈ: വനിത, സമാധാന, സുരക്ഷ മേഖലകളിൽ സ്ത്രീകളെ ശാക്തീകരിക്കുകയും നേതാക്കളായി വളർത്തുകയും ചെയ്യാൻ ലക്ഷ്യമിട്ട് ഉന്നത കേന്ദ്രത്തിന് തുടക്കമായി.
യു.എ.ഇ രാഷ്ട്രമാതാവും ജനറൽ വിമൻസ് യൂനിയൻ ചെയർവുമനുമായ ശൈഖ ഫാത്തിമ ബിൻത് മുബാറക് കേന്ദ്രത്തിന് തുടക്കംകുറിച്ചു. സമാധാനവും സുരക്ഷയും അടിസ്ഥാനമാക്കി എല്ലാ മേഖലകളിലും സ്ത്രീകളുടെ പങ്കാളിത്തത്തിനുള്ള യു.എ.ഇയുടെ പ്രതിബദ്ധതയാണ് കേന്ദ്രം മുന്നോട്ടുവെക്കുന്നത്.
സ്ത്രീ ശാക്തീകരണത്തിനുള്ള ഐക്യരാഷ്ട്രസഭ വേദിയായ യു.എൻ വുമണുമായി സഹകരിച്ച് യു.എ.ഇ ജനറൽ വിമൻസ് യൂനിയൻ നടത്തുന്ന സമാധാന, സുരക്ഷ പദ്ധതിയുടെ ഭാഗമായാണ് കേന്ദ്രം ആരംഭിച്ചത്. പ്രാദേശിക, അന്തർദേശീയ സമാധാന പരിപാലന പ്രവർത്തനങ്ങളിൽ നേതൃ സ്ഥാനങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തത്തെ പിന്തുണക്കാനായി ബന്ധപ്പെട്ട സർക്കാർ സ്ഥാപനങ്ങളുടെ കഴിവുകൾ കേന്ദ്രം പരിപോഷിപ്പിക്കുമെന്ന് ശൈഖ ഫാത്തിമ പറഞ്ഞു.
എല്ലാ സുപ്രധാന വികസന മേഖലകളിലും സ്ത്രീകളുടെ സമ്പൂർണവും തുല്യവും ഫലപ്രദവുമായ പങ്കാളിത്തം പിന്തുണക്കുന്നതിൽ മികച്ച മാതൃകയാണ് യു.എ.ഇയെന്നും അവർ പറഞ്ഞു.വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് എല്ലാ സഹകരണവും സ്ത്രീശാക്തീകരണ രംഗത്ത് വാഗ്ദാനം ചെയ്തു. സ്ത്രീശാക്തീകരണം ലക്ഷ്യമിട്ടുള്ള യു.എൻ പ്രമേയം നടപ്പാക്കുന്നതിെൻറ ഭാഗമായാണ് ഇത്തരം പദ്ധതി.
കഴിഞ്ഞവർഷം സെപ്റ്റംബറിൽ യു.എൻ വുമൺ 'ശൈഖ ഫാത്തിമ ബിൻത് മുബാറക് സമാധാന-സുരക്ഷാ സംരംഭം' പ്രഖ്യാപിച്ചിരുന്നു. സൈനിക, സുരക്ഷ, സമാധാന മേഖലകളിൽ സ്ത്രീകളെ പരിശീലിപ്പിക്കലാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.