ഭൂകമ്പം: ചികിത്സയിലിരിക്കുന്ന സിറിയന്‍ സ്വദേശികൾക്ക് ആശംസ അറിയിച്ച് ശൈഖ ഫാത്തിമ
text_fieldsഭൂകമ്പത്തില്‍ രക്ഷപ്പെട്ട് അബൂദബി ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന സിറിയന്‍ സ്വദേശിയെ മന്ത്രി മൈത ബിന്ത് സാലിം അല്‍ ഷംസി സന്ദർശിക്കുന്നു
അബൂദബി: ഭൂകമ്പത്തില്‍നിന്ന് രക്ഷപ്പെട്ട് അബൂദബി ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന സിറിയന്‍ ബാലിക ഷാമിനെയും സഹോദരന് ഉമറിനെയും ഫോണിലൂടെ സുഖവിവരം അറിയിച്ച് രാഷ്ട്രമാതാവ് ശൈഖ ഫാത്തിമ ബിന്ത് മുബാറക്. ഇരുവരുടെയും ആരോഗ്യവിവരം തിരക്കിയ ശൈഖ ഫാത്തിമ കുട്ടികള്‍ ഉടന്‍ സുഖംപ്രാപിക്കട്ടെയെന്ന് ആശംസിച്ചു.
പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെയും കുടുംബങ്ങളെയും സന്ദര്‍ശിച്ച് വിവരങ്ങള്‍ തിരക്കാന്‍ ശൈഖ ഫാത്തിമ നിര്‍ദേശിച്ചതനുസരിച്ച് മന്ത്രി മൈത ബിന്ത് സാലിം അല്‍ ഷംസിയും റെഡ് ക്രസന്റ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്മാന് ഹംദാന്‍ മുസ്സലാം അല്‍ മസ്റൂയിയും ആശുപത്രിയിലെത്തി. ശൈഖ ഫാത്തിമയുടെ ആശംസകള്‍ രോഗികളെ അറിയിച്ച് ഇരുവരും ഇവര്‍ക്ക് മിഠായികളും പൂക്കളും കൈമാറി. സിറിയന്‍ ഭൂകമ്പത്തില്‍നിന്ന് രക്ഷപ്പെട്ട 10 പേരാണ് അബൂദബിയിലെ ആശുപത്രികളില്‍ ചികിത്സയിലിരിക്കുന്നത്. അതില്‍ അഞ്ചുപേര്‍ മുതിര്‍ന്നവരും അഞ്ചുപേര്‍ 9, 10, 12, 14, 16 വയസ്സുള്ള കുട്ടികളുമാണ്.
പരിക്കേറ്റവരില്‍ രണ്ടുപേര്‍ തലച്ചോറിനു പരിക്കേറ്റവരും മറ്റൊരാള്‍ നാലു മക്കളെ നഷ്ടപ്പെട്ട വനിതയുമാണ്. പ്രത്യേക വിമാനത്തിലാണ് സിറിയയില്‍നിന്ന് ഇവരെ അബൂദബിയിലെത്തിച്ചത്. ശൈഖ ഫാത്തിമയുടെ നിര്‍ദേശപ്രകാരം സിറിയന്‍ ആരോഗ്യമന്ത്രാലയത്തിന്റെ സഹകരണത്തോടെ യു.എ.ഇ സര്‍ക്കാറിനു കീഴിലുള്ള എമിറേറ്റ്സ് റെഡ് ക്രസന്റാണ് ഇവരെ അബൂദബിയിലെത്തിച്ചത്.