സുസ്ഥിരം, സുദൃഢം ഈ സഹജീവി സ്നേഹം
text_fieldsവനിത ശാക്തീകരണവും ശുദ്ദോർജ വിതരണവും ലക്ഷ്യമിട്ട്
ആഫിക്കയിലെ ഗ്രാമത്തിൽ ബോധവത്കരണ പ്രവർത്തനം
നടത്തുന്ന ഗ്രീൻ ഗേൾസ് ഓർഗനൈസേഷൻ പ്രവർത്തകർ
ദുബൈ: പരിസ്ഥിതി സംരക്ഷണത്തിനൊപ്പം നന്മയും കരുതലും സഹജീവി സ്നേഹവും പകർന്നുനൽകുന്നവർക്ക് നൽകുന്ന പുരസ്കാരമാണ് സായിദ് സസ്റ്റൈനബിലിറ്റി അവാർഡ്. യു.എ.ഇ രാഷ്ട്രപിതാവിന്റെ പേരിൽ നൽകുന്ന വമ്പൻ തുകയുള്ള ഈ പുരസ്കാരത്തിന്റെ ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചപ്പോൾ പട്ടികയിൽ ഇടം നേടിയിരിക്കുന്നത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്ഥാപനങ്ങളാണ്. ഈ മാസമാണ് അന്തിമ വിജയിയെ പ്രഖ്യാപിക്കുന്നത്. ഊർജ വിഭാഗത്തിൽ ഫൈനലിസ്റ്റായ മൂന്ന് സ്ഥാപനങ്ങളുടെ മേന്മകൾ എന്തൊക്കെയാണെന്നു നോക്കാം.
വനിത ശാക്തീകരണവും ശുദ്ധോർജവും
2015ൽ കാമറൂണിൽ സ്ഥാപിതമായ പ്രസ്ഥാനമാണ് ഗ്രീൻ ഗേൾസ് ഓർഗനൈസേഷൻ (ജി.ജി.ഒ). വിദ്യാർഥികളുടെ പഠനത്തെ ബാധിക്കുന്നത് ഗ്രാമങ്ങളിലെ വൈദ്യുതിയുടെ അഭാവമാണെന്ന തിരിച്ചറിവിലാണ് ഈ പ്രസ്ഥാനം നിലവിൽവന്നത്. മോണ്ടിക്യൂ എന്റുംഗിയയാണ് ഈ പ്രസ്ഥാനത്തെ കുറിച്ച ആശയം മുന്നോട്ടുവെച്ചത്. ആഫ്രിക്കയിലെ വനിതകളെ ശാക്തീകരിക്കുക എന്നതായിരുന്നു ലക്ഷ്യം. ജോലി രാജിവെച്ച് മോണ്ടിക്യൂ ഇതിന് പിന്നാലെയിറങ്ങി. ജി.ജി.ഒയുടെ ബാനറിൽ ഓരോ ഗ്രാമത്തിലും എത്തി സൗരോർജത്തിന്റെയും ബയോഗ്യാസിന്റെയും പ്രാധാന്യം പറഞ്ഞു മനസ്സിലാക്കി. മാലിന്യത്തിൽ നിന്ന് എങ്ങിനെ ശുദ്ധോർജവും പാചക എണ്ണയും ഉണ്ടാക്കാമെന്നും കാണിച്ചുകൊടുത്തു.
നിർമിതബുദ്ധിയുടെ സഹായത്തോടെ ഓരോ മേഖലയിലേക്കും കടന്നുചെന്നു. ഊർജം എവിടെയൊക്കെ ഉൽപാദിപ്പിക്കാമെന്നും എവിടെയെല്ലാം വിതരണം ചെയ്യാമെന്നും കണ്ടെത്തി. ഇതുവരെ 68 ഗ്രാമങ്ങളിലായി 4500 വനിതകളെ പരിശീലിപ്പിച്ചു. സോളാർ ലാമ്പുകൾ നിർമിക്കാനും വിൽക്കാനും സ്ഥാപിക്കാനും അറ്റകുറ്റപ്പണി നടത്താനുമെല്ലാം അവരെ പഠിപ്പിച്ചു. ബയോഗ്യാസ് പ്ലാന്റുകൾ നിർമിക്കാനും ഇവർ പഠിച്ചു. നിലവിൽ മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളിലുള്ള പദ്ധതി 17 രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കും. പുരസ്കാരം ലഭിച്ചാൽ 20 ആഫ്രിക്കൻ രാജ്യങ്ങളിൽ കൂടി വ്യാപിപ്പിക്കാനും പത്തു ലക്ഷം ആഫ്രിക്കൻ വനിതകളുടെ ജീവിതത്തിലേക്ക് വെളിച്ചം വീശാനും കഴിയുമെന്നാണ് മോണ്ടിക്യൂവിന്റെ പ്രതീക്ഷ.
അഭയാർഥി ക്യാമ്പുകളിലെ വെളിച്ചം
2018ൽ സ്ഥാപിച്ച ജോർഡനിയൻ കമ്പനിയായ ന്യൂറോ ടെക്കിന്റെ പ്രധാന ലക്ഷ്യം അഭയാർഥി ക്യാമ്പുകളിൽ വൈദ്യുതി എത്തിക്കുക എന്നതാണ്. വൈദ്യുതി ബില്ലുകൾ കുറക്കാനുള്ള പദ്ധതിയും സംവിധാനവും ഇവർ ആവിഷ്കരിച്ചു. എ.സി ഇലക്ട്രിക് ഹീറ്ററുകൾ തുടങ്ങിയ പ്രാധാന്യം കുറഞ്ഞ ലോഡുകളിൽനിന്ന് മെഡിക്കൽ ഉപകരണങ്ങൾ പോലുള്ള മുൻഗണനയുള്ള ലോഡുകൾ വേർതിരിച്ചാണ് വൈദ്യുതി ബിൽ ലാഭിക്കുന്ന ആശയം നടപ്പാക്കിയത്. ലോഡുകൾ വേർതിരിക്കുന്നതിലൂടെ ഗുണഭോക്താക്കൾക്ക് ആദ്യം ജീവൻ രക്ഷ ഊർജം ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കി. ജോർഡനിലെ അസ്റഖ് അഭയാർഥി ക്യാമ്പുകളിലെ ആയിരത്തോളം സിറിയൻ അഭയാർഥികളിലേക്ക് ന്യൂറോടെക് വൈദ്യുതി എത്തിച്ചു. ഇതുവഴി ക്യാമ്പുകളിലെ വിദ്യാർഥികൾക്ക് പഠനത്തിന് അവസരമൊരുങ്ങി. അടിയന്തര ചികിത്സകൾ നടന്നു. വൈദ്യുതിയില്ലായ്മയുടെ പേരിൽ ക്യാമ്പിലെ ആശുപത്രികളിൽ ചികിത്സ മുടങ്ങാത്ത അവസ്ഥയുണ്ടായി. പുരസ്കാരം ലഭിച്ചാൽ കൂടുതൽ അഭയാർഥികൾക്ക് വെളിച്ചമേകാൻ കഴിയുമെന്ന് അണിയറ ശിൽപികൾ പറയുന്നു.
ഏഷ്യയിലും ആഫ്രിക്കയിലും വൈദ്യുതി
ഏഷ്യയിലെയും ആഫ്രിക്കയിലെയും വൈദ്യുതി കടന്നുചെല്ലാത്ത ഗ്രാമങ്ങളിൽ ഇ-ഹബ് സ്ഥാപിച്ച് വെളിച്ചമെത്തിക്കുന്നവരാണ് ആന്ദ്രേസ് സ്പീസും ഗ്രാഫ്റ്റ് ആക്കിടെക്ട്സും. 2011ൽ ജർമനി കേന്ദ്രീകരിച്ചാണ് ഈ പ്രസ്ഥാനം തുടങ്ങിയത്. ഓരോ മേഖലയിലും ചെറിയ സോളാർ കിയോസ്കുകൾ സ്ഥാപിച്ച് വൈദ്യുതി എത്തിക്കുകയാണ് ലക്ഷ്യം. ഷോപ്പുകൾ, സ്കൂൾ, ആശുപത്രി, കായിക കേന്ദ്രങ്ങൾ, കഫെ, ഓഫിസ് എന്നിവിടങ്ങളിലെല്ലാം ഇത്തരം കിയോസ്കുകൾ ഉപയോഗിക്കുന്നു. ദാരിദ്ര്യം കൊടികെട്ടിയ മേഖലകളിലാണ് ഇവരുടെ പ്രവർത്തനങ്ങൾ.
വൈദ്യുതി എത്തിനോക്കിയിട്ടു പോലുമില്ലാത്ത ഈ ഗ്രാമങ്ങളിൽ കുട്ടികൾക്ക് പഠിക്കാനോ ചികിത്സക്കോ പോലും വെളിച്ചമില്ലാത്ത അവസ്ഥയുണ്ടായിരുന്നു. ഈ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ ഇതുവരെ ആഫ്രിക്കയിലെയും ദക്ഷിണേഷ്യയിലെയും 15 രാജ്യങ്ങളിലായി 300 ഗ്രാമങ്ങളിൽ പദ്ധതി നടപ്പാക്കി. ബംഗ്ലാദേശ്, ജോർഡൻ, ഇത്യോപ്യ എന്നിവിടിങ്ങളിലെ അഭയാർഥി ക്യാമ്പുകളിലും ഇവരുടെ സേവനമെത്തി. സ്ത്രീകൾ അടക്കം ആയിരക്കണക്കിനാളുകൾക്ക് ഇതുവഴി തൊഴിൽ അവസരം ലഭിച്ചു. നിർമിക്കുന്നതും സ്ഥാപിക്കുന്നതുമെല്ലാം ഗ്രാമവാസികളുടെ സഹായത്തോടെയാണ്. അവാർഡ് നേടിയാൽ ആ തുക ഉപയോഗിച്ച് ഈ പദ്ധതി കൂടുതൽ വിശാലമാക്കാനാണ് ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

