ശൈഖ് സായിദ് റോഡ്-ദുബൈ ഹാർബർ പാലം പാതിപിന്നിട്ടു
text_fieldsനിർമാണം പുരോഗമിക്കുന്ന ശൈഖ് സായിദ് റോഡ്-ദുബൈ ഹാർബർ പാലം
ദുബൈ: ശൈഖ് സായിദ് റോഡിൽ നിന്ന് ദുബൈ ഹാർബറിലേക്കുള്ള ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്ന പുതിയ പാലം നിർമാണത്തിന്റെ 65 ശതമാനം പൂർത്തിയായതായി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. ശൈഖ് സായിദ് റോഡിലെ ഇന്റർചേഞ്ച് 5ൽനിന്ന് ആരംഭിച്ച് ദുബൈ ഹാർബർ സ്ട്രീറ്റിലേക്കാണ് 1.5 കി.മീറ്റർ നീളമുള്ള പാലം നിർമിക്കുന്നത്. പാലത്തിൽ ഇരുവശത്തേക്കുമായി രണ്ട് ലെയ്‌നുകൾ വീതമാണ് നിർമിക്കുന്നത്. മണിക്കൂറിൽ ഏകദേശം 6,000 വാഹനങ്ങൾക്ക് കടന്നുപോകാൻ ശേഷിയുള്ളതാണ് പദ്ധതി.
പാലം പൂർത്തിയാകുന്നതോടെ അൽ നസീം സ്ട്രീറ്റ്, അൽ ഫലക് സ്ട്രീറ്റ്, കിങ് സൽമാൻ ബിൻ അബ്ദുൽ അസീസ് സ്ട്രീറ്റ് എന്നിവിടങ്ങളിലെ ഗതാഗതക്കുരുക്ക് കുറയുകയും യാത്രാസമയം 12 മിനിറ്റിൽ നിന്ന് 3 മിനിറ്റായി ചുരുങ്ങുകയും ചെയ്യും. പദ്ധതിയുമായി ബന്ധപ്പെട്ട അനുബന്ധ സേവനങ്ങളുടെ നവീകരണം 90 ശതമാനം ഇതിനകം പൂർത്തിയായിട്ടുണ്ട്. നിലവിലെ ട്രാഫിക് തിരിച്ചുവിടലുകൾ ഗതാഗതം തടസ്സപ്പെടാതെ തുടരുന്നുവെന്നും ആർ.ടി.എ അറിയിച്ചു. പദ്ധതി ഈ വർഷം മൂന്നാം പാദത്തോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആർ.ടി.എ ശമൽ ഹോൾഡിങ്ങുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ആർ.ടി.എയും സ്വകാര്യ മേഖലയിലെ പങ്കാളികളും തമ്മിലുള്ള ഫലപ്രദമായ ഏകോപനത്തിന്റെയും സഹകരണത്തിന്റെയും പ്രായോഗിക മാതൃകയാണ് പദ്ധതിയെന്ന് ആർ.ടി.എ ഡയറക്ടർ ബോർഡ് ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായർ പറഞ്ഞു.
പുതിയ പ്രദേശങ്ങളിലും എമിറേറ്റിലെ തീര മേഖലകളിലുമുള്ള നഗര വികസന പദ്ധതികളുമായി ചേർന്ന് നടപ്പാക്കുന്ന പദ്ധതികൾ ഗതാഗത അനുഭവം മെച്ചപ്പെടുത്തുകയും ജീവിത നിലവാരം ഉയർത്തുകയും, താമസിക്കാനും ജോലി ചെയ്യാനും നിക്ഷേപിക്കാനും അനുയോജ്യമായ മുൻനിര ആഗോള നഗരമായി ദുബൈയുടെ സ്ഥാനം ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുബൈ ഹാർബറിനെ ഒരു സമഗ്ര തീരദേശ ആകർഷണ കേന്ദ്രമെന്ന നിലയിൽ കൂടുതൽ ശക്തിപ്പെടുത്തുന്നതാണ് പാലമെന്ന് ശമൽ ഹോൾഡിങ് സി.ഇ.ഒ അബ്ദുല്ല ബിൻ ഹബ്തൂർ പറഞ്ഞു.
ബ്ലൂവാട്ടേഴ്സ് ഐലൻഡിനും പാം ജുമൈറക്കും ഇടയിൽ സ്ഥിതിചെയ്യുന്ന ദുബൈ ഹാർബറിൽ 24 ടവറുകളിലായി ഏകദേശം 7,500 റെസിഡൻഷ്യൽ അപ്പാർട്മെന്റുകൾ ഉൾപ്പെടുന്ന വൻ വികസന പദ്ധതിയും പുരോഗമിക്കുകയാണ്. ബുർജ് അൽ അറബ് അടക്കമുള്ള നഗരത്തിലെ സുപ്രധാന ആകർഷണ കേന്ദ്രങ്ങളുടെ സമീപത്താണിത് സ്ഥിതി ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

