സഹിഷ്ണുത അടയാളപ്പെടുത്തി ശൈഖ് സായിദ് മോസ്‌ക്
text_fieldsഅബൂദബി: റഷ്യയിലെ താതാര്‍സ്ഥാന്‍ തലസ്ഥാനമായ കസാനില്‍ നടന്ന 17ാമത് അന്താരാഷ്ട്ര സാമ്പത്തിക ഫോറത്തില്‍ (റഷ്യ - ഇസ്ലാമിക് വേള്‍ഡ്: കസാന്‍ ഫോറം 2026) സഹിഷ്ണുതയുടെയും സഹവര്‍ത്തിത്വത്തിന്‍റെയും സന്ദേശം പങ്കുവച്ച് അബൂദബി ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌ക് സെന്‍റര്‍. മോസ്‌കോയിലെ യു.എ.ഇ എംബസി സംഘടിപ്പിച്ച ‘യു.എ.ഇ-റഷ്യ ഡയലോഗ്: സംസ്‌കാരം, സഹിഷ്ണുത, സഹവര്‍ത്തിത്വം, സമാധാനം’ എന്ന പാനല്‍ ചര്‍ച്ചയിലാണ് സെന്‍റര്‍ പങ്കാളിയായത്. നൂറിലധികം രാജ്യങ്ങളില്‍ നിന്നുള്ള ഔദ്യോഗിക പ്രതിനിധികള്‍, സാംസ്‌കാരിക-മത-അക്കാദമിക സ്ഥാപനങ്ങളുടെ ഭാരവാഹികള്‍ എന്നിവര്‍ ഫോറത്തില്‍ പങ്കെടുത്തു.
ഗ്രാന്‍ഡ് മോസ്‌കിന്‍റെ മാതൃകയും സെന്‍ററിന്‍റെ സാംസ്‌കാരിക പ്രസിദ്ധീകരണങ്ങളും ഉള്‍പ്പെടുത്തിയ പവലിയന്‍ ഫോറത്തില്‍ ശ്രദ്ധ നേടി. 14 ഭാഷകളില്‍ ലഭ്യമായ, വെര്‍ച്വല്‍-ഓഗ്മെന്‍റഡ് റിയാലിറ്റി സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുള്ള ‘അല്‍-ദലീല്‍’ മള്‍ട്ടിമീഡിയ ഗൈഡ് സന്ദര്‍ശകര്‍ക്ക് വേറിട്ട അനുഭവമായി. യു.എ.ഇ സമൂഹത്തിലെ വൈവിധ്യവും സഹിഷ്ണുതയും സമാധാനപരമായ അന്തരീക്ഷവും ലോകത്തിന് മാതൃകയാണെന്ന് പാനല്‍ ചര്‍ച്ചയില്‍ സംസാരിച്ച സെന്‍റര്‍ ഡയറക്ടര്‍ ജനറല്‍ യൂസഫ് അല്‍ ഉബൈദ്ലി വ്യക്തമാക്കി. താതാര്‍സ്ഥാന്‍ പ്രസിഡന്‍റ് റുസ്തം മിന്നിഖാനോവ്, യു.എ.ഇ സാംസ്‌കാരിക മന്ത്രി ശൈഖ് സലിം ബിന്‍ ഖാലിദ് അല്‍ ഖാസിമി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ഇസ്ലാമിക വാസ്തുവിദ്യാ പൈതൃകവും സഹിഷ്ണുതയുടെ മൂല്യങ്ങളും പ്രചരിപ്പിക്കുന്നതിന്‍റെ ഭാഗമായി താതര്‍സ്ഥാന്‍ നാഷണല്‍ ലൈബ്രറിക്കും റഷ്യയിലെ ഇസ്ലാമിക് യൂനിവേഴ്‌സിറ്റി ലൈബ്രറിക്കും സെന്‍റര്‍ തങ്ങളുടെ പ്രസിദ്ധീകരണങ്ങള്‍ സമ്മാനിച്ചു. കസാന്‍ ക്രെംലിന്‍, കുല്‍ ഷെരീഫ് മോസ്‌ക് ഉള്‍പ്പെടെ താതര്‍സ്ഥാനിലെ പ്രമുഖ സാംസ്‌കാരിക-മത തീർഥാടന കേന്ദ്രങ്ങളും കസാന്‍ ഫെഡറല്‍ യൂനിവേഴ്‌സിറ്റി അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും യു.എ.ഇ പ്രതിനിധി സംഘം സന്ദര്‍ശിക്കുകയും സാംസ്‌കാരിക സഹകരണത്തിനുള്ള സാധ്യതകള്‍ വിലയിരുത്തുകയും ചെയ്തു. 2026ലെ ഇസ്ലാമിക ലോകത്തിന്‍റെ സാംസ്‌കാരിക തലസ്ഥാനമായി കസാനെ പ്രഖ്യാപിച്ച ചടങ്ങില്‍ ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌ക് സെന്‍റര്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തു. റഷ്യയും ഇസ്ലാമിക രാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരിക സഹകരണം ശക്തമാക്കുന്നതിനുള്ള ‘റഷ്യ - ഇസ്ലാമിക് വേള്‍ഡ്’ സ്ട്രാറ്റജിക് വിഷന്‍ ഗ്രൂപ്പ് യോഗത്തിലും പ്രതിനിധികള്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

