ശൈഖ് സായിദ് മോസ്ക് ഏറ്റവും ആകർഷണീയ കേന്ദ്രം
text_fieldsഅബൂദബി: പശ്ചിമേഷ്യയിലെ ഏറ്റവും ആകര്‍ഷണീയമായ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്തി അബൂദബിയിലെ ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌ക്. ആഗോള തലത്തിൽ എട്ടാം സ്ഥാനവും ശൈഖ് സായിദ് ഗ്രാൻഡ് മോസ്ക് നേടി. മുന്‍നിര ട്രാവല്‍ ആന്‍ഡ് ടൂറിസം പ്ലാറ്റ്‌ഫോം ആയ ട്രിപ് അഡ്വൈസറാണ് 2025ലെ ലോകത്തെ ഏറ്റവും ആകർഷണീയമായ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ ആഗോള പട്ടിക പുറത്തുവിട്ടത്.
25 കേന്ദ്രങ്ങളാണ് പട്ടികയിൽ ഇടംപിടിച്ചത്. 2024ൽ 10ാം സ്ഥാനത്തായിരുന്ന മോസ്ക് രണ്ട് സ്ഥാനങ്ങൾ കൂടി മെച്ചപ്പെടുത്തിയാണ് പട്ടികയിൽ എട്ടാമതെത്തിയത്. അതേസമയം, പശ്ചിമേഷ്യയില്‍ നിന്ന് തിരഞ്ഞെടുത്ത 10 ആകർഷണ കേന്ദ്രങ്ങളില്‍ നിന്നാണ് ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌കിന് ഒന്നാം സ്ഥാനം ലഭിച്ചത്.
ലോകത്തെ 80 ലക്ഷത്തിലധികം കേന്ദ്രങ്ങളെ സമഗ്രമായി വിശകലനം ചെയ്ത ശേഷമാണ് ട്രിപ് അഡ്വൈസര്‍ പട്ടിക തയ്യാറാക്കിയത്. ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌കിന് ലഭിച്ച ഈ ആഗോള അംഗീകാരം തെളിയിക്കുന്നത് യു.എ.ഇ ഭരണാധികാരികളുടെ ദീര്‍ഘദര്‍ശനത്തിന്‍റെ പ്രതിഫലനമാണെന്ന് ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌ക് സെന്‍റര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. യൂസിഫ് അല്‍ ഉബൈദില്‍ പറഞ്ഞു.
ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌ക് സന്ദർശകരിൽ 82 ശതമാനവും വിദേശികളാണ്. ഇവര്‍ക്ക് ലഭിക്കുന്ന ആതിഥ്യ മര്യാദയും ഏറ്റവും മികച്ച സൗകര്യങ്ങളുമാണ് മസ്ജിദിനെ ആഗോള തലത്തില്‍ ആകര്‍ഷണീയ കേന്ദ്രമായി തിരഞ്ഞെടുക്കപ്പെടാന്‍ കാരണമെന്നാണ് വിലയിരുത്തൽ. മസ്ജിദ് സന്ദർശകർക്ക് നല്‍കുന്ന മള്‍ട്ടിമീഡിയ ഉപകരണത്തില്‍ 14 അന്താരാഷ്ട്ര ഭാഷകളിൽ പോഡ്കാസ്റ്റ് ലഭ്യമാണ്.
മസ്ജിലെ വിവിധ സൗകര്യങ്ങളെക്കുറിച്ചും മറ്റുമുള്ള കാര്യങ്ങള്‍ വിശദീകരിച്ചു നല്‍കുന്നത് ഇതുവഴിയാണ്. മൂകരും ബധിരരുമായ അതിഥികള്‍ക്കായി ആംഗ്യ ഭാഷയിലും ടൂര്‍ ഗൈഡ് ലഭ്യമാണ്. പള്ളികളുടെ നാഗരിക സന്ദേശങ്ങൾ ഉൾകൊള്ളുന്ന, സാംസ്കരികമായ നിരവധി പരിപാടികളും മോസ്കിൽ സന്ദർശകർക്കായി ഒരുക്കിവരുന്നു. അതേസമയം, ഫുജൈറയിലെ ശൈഖ് സായിദ് ഗ്രാൻഡ് മോസ്കും ലോകത്തെ ഏറ്റവും മികച്ച 10 സന്ദർശന കേന്ദ്രങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചുവെന്നതാണ് മറ്റൊരു നേട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

