സന്ദർശകരുടെ ഇഷ്ട കേന്ദ്രമായി ശൈഖ് സായിദ് മോസ്ക്
text_fieldsശൈഖ് സായിദ് ഗ്രാൻഡ് മോസ്ക്
അബൂദബി: ഇമാറാത്തിന്റെ തലസ്ഥാന നഗരിയിൽ തലയുയർത്തിനിൽക്കുന്ന ആത്മീയ ഗേഹമായ ശൈഖ് സായിദ് മോസ്കിലേക്ക് സന്ദർശകരുടെ ഒഴുക്ക് വർധിക്കുന്നു. കഴിഞ്ഞ വർഷം മാത്രം 65ലക്ഷം സന്ദർശകർ പള്ളി കാണാനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിച്ചേർന്നതായി ‘വാം’ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് 20ശതമാനത്തിന്റെ വളർച്ചയാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയിരിക്കുന്നത്. സന്ദർശകരിൽ പ്രാർഥനക്കെത്തുന്ന വിശ്വാസികൾക്ക് പുറമെ, വിനോദസഞ്ചാരികളും ഉൾപ്പെടും. ആകെ സന്ദർശകരിൽ കഴിഞ്ഞ വർഷം 22ലക്ഷം വിശ്വാസികളും 43ലക്ഷം വിനോദസഞ്ചാരികളുമാണ് എത്തിയത്. അറുപതിനായിരത്തിലേറെ പേർ പള്ളി പരിസരത്തെ ജോഗിങ് ട്രാക്ക് ഉപയോഗിച്ചവരുമുണ്ട്.
പ്രാർഥനക്ക് എത്തുന്നവരിൽ വെള്ളിയാഴ്ച പ്രാർഥനക്ക് എത്തിയവരുടെ എണ്ണം മാത്രം രണ്ട് ലക്ഷത്തിലേറെ വരും. മറ്റു സമയങ്ങളിലെ ദിവസേന പ്രാർഥനകളിൽ എത്തിയത് ഏഴ് ലക്ഷത്തിലേറെ പേരുമാണ്. ഏറ്റവും കൂടുതൽ വിശ്വാസികൾ എത്തിച്ചേർന്നത് കഴിഞ്ഞ വർഷത്തെ റമദാൻ 27ാം രാവിലാണ്. പള്ളിയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ വിശ്വാസികൾ എത്തിച്ചേർന്ന വർഷം എന്ന പ്രത്യേകതയും 2024നുണ്ട്. റമദാനിലും പെരുന്നാൾ നമസ്കാരങ്ങൾക്കുമായി മാത്രം എത്തിയവർ ആറു ലക്ഷത്തിലേറെ വരുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
കണക്കുകൾ പ്രകാരം സന്ദർശകരിൽ 81 ശതമാനം പേർ അന്താരാഷ്ട്ര വിനോദസഞ്ചാരികളും 19 ശതമാനം പേർ യു.എ.ഇ താമസക്കാരുമാണ്. ഏഷ്യൻ വിനോദസഞ്ചാരികൾ 52 ശതമാനം, യൂറോപ്പ് 33 ശതമാനം, വടക്കേ അമേരിക്ക 8 ശതമാനം, തെക്കേ അമേരിക്ക 3 ശതമാനം, ആഫ്രിക്ക 3 ശതമാനം, ആസ്ട്രേലിയ 1 ശതമാനം എന്നിങ്ങനെയാണ് സഞ്ചാരികളുടെ വിവിധ ഭൂഗണ്ഡങ്ങളിലെ എണ്ണം. രാജ്യങ്ങളുടെ കാര്യത്തിൽ ഇന്ത്യയിൽ നിന്നുള്ളവരാണ് ഏറ്റവും കൂടുതലെത്തിയത്. 8.4 ലക്ഷം സന്ദർശകരാണ് ഒന്നാം സ്ഥാനത്തെത്താൻ ഇന്ത്യയെ സഹായിച്ചത്. 3.9ലക്ഷം സന്ദർശകരുമായി ചൈന രണ്ടാം സ്ഥാനത്തും 2.9ലക്ഷം സന്ദർശകരുമായി റഷ്യ മൂന്നാം സ്ഥാനത്തുമെത്തി. 2.04ലക്ഷം സന്ദർശകരുമായി യു.എസ് നാലാം സ്ഥാനത്തും, 1.4ലക്ഷവുമായി ജർമ്മനി അഞ്ചാമതുമാണുള്ളത്. യു.കെ, ഫ്രാൻസ്, ഇറ്റലി, പാകിസ്ഥാൻ, ഫിലിപ്പീൻസ് എന്നിവിടങ്ങൾ നിന്നാണ് ബാക്കിയുള്ള സന്ദർശകരിൽ ഏറെയുമെത്തിയത്.
റമദാനിൽ ‘നമ്മുടെ നോമ്പ് അതിഥികൾ’ എന്ന സംരംഭത്തിന്റെ ഭാഗമായി 21 ലക്ഷത്തിലധികം ഇഫ്താർ ഭക്ഷണങ്ങളാണ് മോസ്ക് വിതരണം ചെയ്തത്. ഇതിൽ 6.5ലക്ഷം ഭക്ഷണം പള്ളിയുടെ പരിസരത്ത് വിതരണം ചെയ്തപ്പോൾ, ബാക്കി 15 ലക്ഷം ഇഫ്താർ കിറ്റുകൾ അബൂദബിയിലുടനീളമുള്ള തൊഴിലാളി താമസസ്ഥലങ്ങളിൽ എത്തിച്ചു നൽകുകയാണ് ചെയ്തത്. റമദാനിലെ അവസാന 10 രാത്രികളിൽ 30,000 സുഹൂർ ഭക്ഷണങ്ങൾ കൂടി നൽകിയിട്ടുണ്ട്.
കഴിഞ്ഞവർഷം വിവിധ രാജ്യങ്ങളിൽ നിന്നായി 309 ഉന്നതതല പ്രതിനിധി സംഘങ്ങളും പള്ളിയിലെത്തി. എട്ട് രാഷ്ട്രത്തലവന്മാർ, ഒരു വൈസ് പ്രസിഡന്റ്, മൂന്ന് ഗവർണർമാർ, നാല് ശൈഖുമാർ, ഒമ്പത് പ്രധാനമന്ത്രിമാർ, ഏഴ് ഉപപ്രധാനമന്ത്രിമാർ, 11 പാർലമെന്റ് സ്പീക്കർമാർ, 63 മന്ത്രിമാർ, 18 ഡെപ്യൂട്ടി മന്ത്രിമാർ, 49 അംബാസഡർമാരും കോൺസൽമാരും, 10 ഡെപ്യൂട്ടി അംബാസഡർമാരും കോൺസൽമാരും എന്നിവർ ഇതിൽ ജൾപ്പെടും.
കൂടാതെ, അഞ്ച് മതാന്തര പ്രതിനിധി സംഘങ്ങൾ, 62 സൈനിക പ്രതിനിധി സംഘങ്ങൾ, വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള 54 ഔദ്യോഗിക പ്രതിനിധി സംഘങ്ങൾ എന്നിവരും പള്ളി സന്ദർശിച്ചിട്ടുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

