ശൈഖ് സായിദ് മാരത്തൺ കേരളത്തിൽ; ഇന്ത്യയിൽ ആദ്യം
text_fieldsദുബൈ: കേരളത്തിൽ ഈ വർഷം സായിദ് ചാരിറ്റി മാരത്തൺ സംഘടിപ്പിക്കാൻ യു.എ.ഇ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ യു.എ.ഇ അധികൃതരുമായി ചർച്ച നടത്തി.
ഇന്ത്യയിൽ ആദ്യമായിട്ടാണ് ഈ അന്താരാഷ്ട്ര പരിപാടി സംഘടിപ്പിക്കുന്നത്. യു.എ.ഇയുടെ സ്ഥാപകപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിനായി യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ നിർദേശപ്രകാരമാണ് പരിപാടി ആസൂത്രണം ചെയ്യുന്നത്. ഈ വർഷം അവസാനം യു.എ.ഇ ദേശീയ ദിനത്തോടനുബന്ധിച്ചാകും മാരത്തൺ സംഘടിപ്പിക്കുക.
2005ൽ ന്യൂയോർക്കിലാണ് സായിദ് ചാരിറ്റി മാരത്തൺ ആരംഭിച്ചതെന്ന് ലെഫ്റ്റനന്റ് ജനറൽ കാബി വിശദീകരിച്ചു. ആരോഗ്യസംരക്ഷണ മേഖലയുടെ പുരോഗതിക്ക് വേണ്ടിയുള്ള ധനസമാഹരണമാണ് പ്രധാന ലക്ഷ്യം. യു.എ.ഇയിൽ താമസിക്കുന്ന മലയാളികളുടെ എണ്ണം കൂടിയതും എമിറേറ്റികളോട് അവർ കാണിക്കുന്ന സ്‌നേഹവും വാത്സല്യവുമാണ് പരിപാടിയുടെ വേദിയായി കേരളത്തെ തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണമെന്ന് അദ്ദേഹം പറഞ്ഞു. പരിപാടിക്ക് ആതിഥേയത്വം വഹിക്കാൻ കേരളത്തെ തിരഞ്ഞെടുത്തതിൽ പിണറായി വിജയൻ സന്തുഷ്ടി രേഖപ്പെടുത്തി. ഈ ആഗോളപരിപാടിയുടെ വേദിയായി തിരഞ്ഞെടുക്കപ്പെട്ടതിൽ കേരളത്തിന് അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഈ സംരംഭം യു.എ.ഇയും ഇന്ത്യയും പ്രത്യേകിച്ച് യു.എ.ഇയിൽ വലിയ പ്രവാസികളുള്ള കേരളവും തമ്മിലുള്ള ശക്തമായ സൗഹൃദബന്ധം കൂടുതൽ വർധിപ്പിക്കുമെന്ന് അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു. ഇത് കേരളത്തിനല്ല, രാജ്യത്തിനാകെ അഭിമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിപാടിയുടെ സാങ്കേതികവും അനുബന്ധവുമായ വിവിധ വശങ്ങൾ ഏകോപിപ്പിക്കുന്നതിനും അന്തിമമാക്കുന്നതിനും കേരളസർക്കാർ ഒരു ഉന്നതതല സ്റ്റിയറിങ് കമ്മിറ്റി രൂപവത്കരിക്കും. ഈ പരിപാടി സംഘടിപ്പിക്കുന്നതിന്റെ വിവിധ വശങ്ങൾ ഇന്ത്യൻ എംബസി ഏകോപിപ്പിക്കും. പരിപാടി സംഘടിപ്പിക്കുന്നതിനുള്ള മുഴുവൻ ചെലവുകളും യു.എ.ഇ അധികൃതർ വഹിക്കും. സായിദ് ചാരിറ്റി മാരത്തൺ ചെയർമാൻ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് ഹിലാൽ അൽ കാബി, ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, സായിദ് ചാരിറ്റി മാരത്തണിന്റെ ഉന്നത സംഘാടകസമിതി അംഗങ്ങളായ ഹമൂദ് അബ്ദുല്ല അൽ ജുനൈബി, അഹമ്മദ് മുഹമ്മദ് അൽ കാബി, പ്രമുഖ വ്യവസായി എം.എ. യൂസുഫലി തുടങ്ങിയവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. 20 വർഷങ്ങൾക്ക് മുമ്പ് സ്ഥാപിതമായ സായിദ് ചാരിറ്റി മാരത്തൺ, യു.എ.ഇയുടെ സ്ഥാപക പിതാവായ ശൈഖ് സായിദിന്റെ ബഹുമാനാർഥം നടക്കുന്ന ലോകമെമ്പാടുമുള്ള മാനുഷിക ഓട്ട മത്സരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

