ശൈഖ് തഹ്നൂന് രാജ്യം വിട നൽകി
text_fieldsഅബൂദബിയിലെ ശൈഖ് സുൽത്താൻ ബിൻ സായിദ് ഫസ്റ്റ് മോസ്കിൽ നടന്ന ശൈഖ് തഹ്നൂൻ ബിൻ മുഹമ്മദ് ആൽ നഹ്യാന്റെ മയ്യിത്ത് നമസ്കാരം
അൽഐനിലെ അബൂദബി ഭരണാധികാരിയുടെ പ്രതിനിധിയും യു.എ.ഇ രാജകുടുംബാംഗവുമായ ശൈഖ് തഹ്നൂൻ ബിൻ മുഹമ്മദ് ആൽ നഹ്യാന് രാജ്യം വിട നൽകി. ബുധനാഴ്ച മുതൽ രാജ്യത്ത് ഏഴ് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായി രാജ്യത്ത് ദേശീയപതാകകൾ പാതി താഴ്ത്തിക്കെട്ടി. വ്യാഴാഴ്ച അബൂദബിയിലെ ശൈഖ് സുൽത്താൻ ബിൻ സായിദ് ഫസ്റ്റ് മോസ്കിൽ നടന്ന മയ്യിത്ത് നമസ്കാരത്തിൽ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ അടക്കം പ്രമുഖർ സംബന്ധിച്ചു. സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിൻ സഖർ അൽ ഖാസിമി, റാസൽഖൈമ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സഊദ് ബിൻ സഖർ അൽ ഖാസിമി, ആൽ നഹ്യാൻ കുടുംബത്തിലെ ശൈഖുമാർ, ശൈഖ് തഹ്നൂനിന്റെ സഹോദരങ്ങൾ, മക്കൾ, കുടുംബാംഗങ്ങൾ എന്നിവരും സംസ്കാര ചടങ്ങിൽ പങ്കെടുത്തു.
നമസ്കാര ശേഷം അബൂദബിയിലെ അൽ ബതീൻ ഖബർസ്ഥാനിലാണ് ഖബറടക്ക ചടങ്ങുകൾ നടന്നത്. ശൈഖ് മുഹമ്മദ് ബിൻ സായിദ് അടക്കം പ്രമുഖർ ഖബറടക്ക ചടങ്ങിലും സന്നിഹിതരായിരുന്നു. വ്യാഴാഴ്ച അസ്ർ നമസ്കാരാനന്തരം രാജ്യത്തെ മുഴുവൻ പള്ളികളിലും ശൈഖ് തഹ്നൂനുവേണ്ടി മയ്യിത്ത് നമസ്കാരം നടന്നു. ശൈഖ് സഈദ്, ശൈഖ് ഹമദ്, ശൈഖ് സുൽത്താൻ, ശൈഖ് മൻസൂർ, ശൈഖ് അഹമ്മദ്, ശൈഖ് ഹസ്സ, ശൈഖ് മുഹമ്മദ്, ശൈഖ് ദിയാബ്, ശൈഖ് ഖലീഫ, ശൈഖ് സായിദ് എന്നിവരാണ് ശൈഖ് തഹ്നൂനിന്റെ മക്കൾ.
ശൈഖ് തഹ്നൂൻ ബിൻ മുഹമ്മദ് ആൽ നഹ്യാൻ
ശൈഖ് തഹ്നൂൻ: ശൈഖ് സായിദിന്റെ വിശ്വസ്തൻ
- 1966 മുതൽ രാജ്യത്തിന്റെ നിരവധി ഔദ്യോഗിക പദവികൾ വഹിച്ചു
അബൂദബി: ശൈഖ് തഹ്നൂൻ ബിൻ മുഹമ്മദ് ആൽ നഹ്യാന്റെ നിര്യാണത്തോടെ യു.എ.ഇക്ക് നഷ്ടമാകുന്നത് സേവനത്തിലൂടെയും സമർപ്പണത്തിലൂടെയും രാജ്യത്തിന് ഏറെ സംഭാവനകൾ നൽകിയ നേതാവിനെയാണ്. അൽഐൻ മേഖലയിലെ അബൂദബി ഭരണാധികാരിയുടെ പ്രതിനിധിയെന്ന നിലയിലും മറ്റു ചുമതലകളിലും നിരവധി വർഷങ്ങളായി അദ്ദേഹം സേവനം ചെയ്തു. അബൂദബി എമിറേറ്റ് എക്സിക്യൂട്ടിവ് കൗൺസിൽ വൈസ് ചെയർമാൻ, അബൂദബി നാഷനൽ ഓയിൽ കമ്പനിയുടെ(അഡ്നോക്) ഡയറക്ടർ ബോർഡ് ചെയർമാൻ, സുപ്രീം പെട്രോളിയം കൗൺസിൽ വൈസ് ചെയർമാൻ എന്നിങ്ങനെ സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിരുന്നു.
2018 നവംബറിൽ അൽഐനും ദുബൈക്കും ഇടയിലെ റോഡിന് ബഹുമാനാർഥം അദ്ദേഹത്തിന്റെ പേര് നൽകിയിരുന്നു. രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാന്റെ അടുത്ത കൂട്ടാളിയായിരുന്നു ശൈഖ് തഹ്നൂൻ. അദ്ദേഹത്തിന്റെ സഹോദരി ശൈഖ ഹസ്സയെ വിവാഹം ചെയ്തത് ശൈഖ് സായിദാണെന്ന ബന്ധവുമുണ്ട്. രാഷ്ട്രപിതാവുമായുള്ള ബന്ധത്തിലൂടെ വിലപ്പെട്ട അനുഭവവും അറിവും അദ്ദേഹം നേടിയെടുത്തു.
അൽഐനിലെ ഭരണാധികാരിയുടെ പ്രതിനിധിയായി സേവനമനുഷ്ഠിച്ചതിലൂടെ പ്രദേശത്തെ ജനങ്ങളുമായി ഏറെ അടുപ്പം പുലർത്തിയിരുന്നു. ശൈഖ് സായിദ് പൂർണ വിശ്വാസമർപ്പിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം.
ശൈഖ് സായിദ് അബൂദബി ഭരണസാരഥ്യത്തിലെത്തി ഒരു മാസത്തിന് ശേഷം 1966 സെപ്റ്റംബർ 11നാണ് ശൈഖ് തഹ്നൂൻ ആദ്യമായി ഔദ്യോഗിക ചുമതലയിൽ നിയമിതനാകുന്നത്. അൽഐൻ മുനിസിപ്പാലിറ്റിയുടെ ചെയർമാനും കൃഷി വകുപ്പ് ചെയർമാനും എന്ന പദവിയായിരുന്നു ഇത്.
യു.എ.ഇയുടെ രൂപവത്കരണത്തിൽ ശൈഖ് സായിദിനൊപ്പം ആത്മാർഥമായി നിലയുറപ്പിച്ച് അദ്ദേഹം പ്രവർത്തിച്ചു. യു.എ.ഇ സ്ഥാപക പ്രഖ്യാപനം വരുന്നതിന് മുമ്പ് 1971 ജൂലൈയിൽ മുനിസിപ്പാലിറ്റീസ് ആൻഡ് അഗ്രികൾചറൽ വകുപ്പ് മന്ത്രിയായി നിയമിതനായിരുന്നു. തുടർന്ന് അതേവർഷം ആഗസ്റ്റിൽ അബൂദബിയിലെ കിഴക്കൻ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയായും നിയമിതനായി.
1972ൽ അബൂദബി ഫണ്ട് ഫോർ ഡവലപ്മെന്റ് ആൻഡ് അറബ് ഇക്കണോമിയുടെ(നിലവിൽ അബൂദബി ഫണ്ട് ഫോർ ഡെവലപ്മെന്റ് എന്നറിയപ്പെടുന്നു) ഡയറക്ടർ ബോർഡ് അംഗമായും 1973ൽ അബൂദബി നാഷനൽ ഓയിൽ കമ്പനിയുടെ (അഡ്നോക്) ചെയർമാനായും നിയമിതനായി.
1977ൽ അബൂദബി എക്സിക്യൂട്ടിവ് കൗൺസിലിന്റെ ഡെപ്യൂട്ടി ചെയർമാനും 1988ൽ സുപ്രീം പെട്രോളിയം കൗൺസിൽ അംഗമായും നിയമിച്ചു. അൽഐനിലെ ജനങ്ങളുമായി അടുത്ത ബന്ധം പുലർത്തുകയും നേരിട്ട് ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

