ഷാർജ: അക്ഷര സ്നേഹികൾക്കും പ്രസാധകർക്കും എഴുത്തുകാർക്കും ആഹ്ലാദം പകർന്ന് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. കുട്ടികളുടെ വായനോത്സവത്തിൽ പങ്കെടുക്കുന്ന പ്രസാധകരിൽ നിന്ന് 25 ലക്ഷം ദിർഹമിന്‍റെ പുസ്തകങ്ങൾ വാങ്ങാൻ അദ്ദേഹം നിർദേശം നൽകി. 139 പ്രസാധകരാണ് ഇത്തവണത്തെ വായനോത്സവത്തിൽ പങ്കെടുക്കുന്നത്.
ആഗോള പ്രസിദ്ധീകരണ വ്യവസായത്തെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യാൻ ലക്ഷ്യമിട്ടാണ് സുൽത്താൻ പുസ്തകങ്ങൾ വാങ്ങാൻ നിർദേശം നൽകിയത്. ഷാർജ പുസ്തകോത്സവത്തിലും വായനോത്സവത്തിലും എല്ലാ വർഷങ്ങളിലും പുസ്തകങ്ങൾ ഏറ്റെടുക്കുന്നത് പതിവാണ്. ഈ പുസ്തകങ്ങൾ ഷാർജയിലും മറ്റുമുള്ള ലൈബ്രറികളിലേക്ക് എത്തിക്കും. ഈ വർഷം 15 രാജ്യങ്ങളിൽ നിന്നുള്ള പ്രസാധകർ വായനോത്സവത്തിൽ പങ്കെടുക്കുന്നുണ്ട്.