ശൈഖ് സുൽത്താന്റെ സ്ഥാനാരോഹണ വാർഷികാഘോഷം
text_fieldsഷാർജ: സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഷാർജയുടെ ഭരണാധികാരം ഏറ്റെടുത്തതിന്റെ 51ാം വാർഷിക ദിനാഘോഷം ഇന്ത്യൻ അസോസിയേഷൻ ഷാർജയിൽ സംഘടിപ്പിച്ചു. ഷാർജ ഇന്ത്യൻ സ്കൂൾ ഗേൾസ്-ബോയ്സ് വിഭാഗങ്ങളുടെ സംയുക്താഭിമുഖ്യത്തിലാണ് വൈവിധ്യമാർന്ന കലാപരിപാടികളോടെ ആഘോഷം നടന്നത്.
തദ്ദേശീയരും വിദേശികളുമായ ജനങ്ങളുടെ ഉന്നതിക്കും സുരക്ഷക്കും ആവശ്യമായ നടപടികൾ കൈക്കൊണ്ട ശൈഖ് സുൽത്താൻ വിദ്യാഭ്യാസ, സാംസ്കാരിക രംഗങ്ങളിൽ നടത്തിയ മുന്നേറ്റമാണ് ഷാർജയെ യു.എ.ഇയുടെ സാംസ്കാരിക തലസ്ഥാനമാക്കി മാറ്റിയതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ഇൻസ്റ്റിറ്റ്യൂഷൻസ് ഗ്രൂപ് സി.ഇ.ഒ കെ.ആർ. രാധാകൃഷ്ണൻ നായർ അഭിപ്രായപ്പെട്ടു. അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഷാർജയുടെ ഭരണാധികാരം ഏറ്റെടുത്തതിന്റെ 51ാം വാർഷിക ദിനാഘോഷം ഇന്ത്യൻ അസോസിയേഷൻ ഷാർജയിൽ കെ.ആർ. രാധാകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്യുന്നു
സ്കൂൾ പ്രിൻസിപ്പൽമാരായ ഡോ. പ്രമോദ് മഹാജൻ, മുഹമ്മദ് അമീൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ടി.വി. നസീർ സ്വാഗതവും ജോ. ട്രഷറർ ബാബു വർഗീസ് നന്ദിയും പറഞ്ഞു. മാനേജിങ് കമ്മിറ്റി അംഗങ്ങളായ റോയ് മാത്യു, കെ.ടി. നായർ, അബ്ദുമനാഫ്, സ്കൂൾ ഹെഡ്മിസ്ട്രസ് സ്വർണലത തുടങ്ങിയവർ സംബന്ധിച്ചു. ഷാർജ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.