ആസിയാന്‍-ജി.സി.സി ഉച്ചകോടിയിൽ ശൈഖ് സഊദ് പങ്കെടുത്തു
text_fieldsമലേഷ്യയില്‍ നടന്ന ആസിയാന്‍ -ജി.സി.സി ഉച്ചകോടിയില്‍ യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി സംസാരിക്കുന്നു
റാസല്‍ഖൈമ: ആസിയാന്‍ -ജി.സി.സി ഉച്ചകോടി അവസരങ്ങളുടെ പാലമാണെന്ന് യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി. മലേഷ്യയിലെ ക്വാലാലംപൂരില്‍ നടന്ന രണ്ടാമത് ആസിയാന്‍ ജി.സി.സി ഉച്ചകോടിയില്‍ യു.എ.ഇയെ പ്രതിനിധീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാന്റെ ആശംസകള്‍ അറിയിച്ച ശൈഖ് സഊദ്, തെക്കുകിഴക്കന്‍ ഏഷ്യ-ഗള്‍ഫ് മേഖല തുടങ്ങിയിടങ്ങളില്‍നിന്നുള്ള നേതാക്കള്‍ തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്നതിനും സഹകരണം വിപുലമാക്കുന്നതിനും ഉച്ചകോടി സഹായിക്കുമെന്ന് അഭിപ്രായപ്പെട്ടു.
രാജ്യങ്ങള്‍ക്കിടയില്‍ വളര്‍ന്നുവരുന്ന പങ്കാളിത്തം പ്രശംസാര്‍ഹമാണ്. വ്യാപാരം, ഊര്‍ജം, ഡിജിറ്റല്‍ പരിവര്‍ത്തനം, സുസ്ഥിര വികസനം എന്നിവ ഉള്‍ക്കൊള്ളുന്ന ആസിയാന്‍-ജി.സി.സി സഹകരണ ചട്ടക്കൂട് 2024-2028 സുപ്രധാനമാണ്. ശോഭനവും ഏകീകൃതവുമായ ഭാവി കെട്ടിപ്പടുക്കുന്നതിന് മൂല്യങ്ങളില്‍ ഊന്നിയ പ്രാദേശിക സഹകരണം അനിവാര്യമാണെന്നും ശൈഖ് സഊദ് തുടര്‍ന്നു.‘ഉള്‍പ്പെടുത്തലും സുസ്ഥിരതയും’ എന്ന പ്രമേയത്തില്‍ നടന്ന ഉച്ചകോടിയില്‍ പങ്കെടുത്ത ശൈഖ് സഊദിനെ യു.എ.ഇയില്‍നിന്നുള്ള പ്രതിനിധി സംഘം അനുഗമിച്ചു. ആഗോള വെല്ലുവിളികളെ നേരിടുന്നതില്‍ സംയുക്ത പ്രവര്‍ത്തനത്തിന്റെ പ്രാധാന്യം ഉയര്‍ത്തിയാണ് മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം രണ്ടാമത് ആസിയാന്‍ -ജി.സി.സി ഉച്ചകോടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

