ദുഃഖാചരണത്തിൽ രാജ്യം; അനുശോചിച്ച് ഭരണാധികാരികൾ
text_fieldsദുബൈ: ശൈഖ് സഈദ് ബിൻ സായിദ് ആൽ നഹ്യാന്റെ നിര്യാണത്തിൽ രാജ്യത്ത് ദുഃഖാചരണം തുടങ്ങി. മരണവിവരം പുറത്തുവന്നതോടെ രാജ്യത്തിന്റെ മുഴുവൻ ഭാഗങ്ങളിലും ദേശീയ പതാകകൾ പകുതി താഴ്ത്തിക്കെട്ടുകയും ഔദ്യോഗിക പരിപാടികൾ മാറ്റിവെക്കുകയും ചെയ്തു. മന്ത്രാലയങ്ങൾ, വിവിധ വകുപ്പുകൾ, ഫെഡറൽ-പ്രദേശിക സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ മൂന്നു ദിവസം പ്രവർത്തനമുണ്ടാകില്ല. വ്യാഴാഴ്ച ഉച്ച നമസ്കാരത്തിന് ശേഷം രാജ്യത്തെ മുഴുവൻ പള്ളികളിലും മയ്യിത്ത് നമസ്കാരം നടന്നു. ഇതിൽ നിരവധിപേരാണ് എല്ലാ എമിറേറ്റുകളിലും പങ്കുകൊണ്ടത്.
അബൂദബി ശൈഖ് സുൽത്താൻ ബിൻ സായിദ് ഫസ്റ്റ് മോസ്കിൽ നടന്ന മയ്യിത്ത് നമസ്കാരത്തിൽ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, യു.എ.ഇ വൈസ് പ്രസിഡന്റും ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സയിദ് ആൽ നഹ്യാൻ, വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ, അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ആൽ നഹ്യാൻ തുടങ്ങി പ്രമുഖർ പങ്കെടുത്തു. അറബ് പാർലമെന്റ് പ്രസിഡൻറ് ആദിൽ അബ്ദുറഹ്മാൻ അൽ അസൂമി അടക്കം അറബ് ലോകത്തെ പ്രമുഖരടക്കം നിരവധിപേർ അനുശോചനം അറിയിച്ചിട്ടുമുണ്ട്.
യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി, സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാശിദ് അൽ നുഐമി, സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി, സുപ്രീം കൗൺസിൽ അംഗവും ഉമ്മുൽഖുവൈൻ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിൻ റാശിദ് അൽ മുഅല്ല, സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിൻ സഖർ അൽ ഖാസിമി, ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എന്നിവരും അനുശോചനമറിയിച്ച് പ്രസ്താവന പുറത്തിറക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

