മിന്നല്‍പ്പിണറായി ശൈഖ് നാസര്‍ ബിന്‍ ഹമദ്
text_fieldsലോക ഇന്‍ഡുറന്‍സ് ചാമ്പ്യന്‍ഷിപ്പില്‍ ജേതാവായ ശൈഖ് നാസറിനെ
ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇസ ആൽ ഖലീഫ അഭിനന്ദിക്കുന്നു
അബൂദബി: അബൂദബിയിലെ ബുദൈബ് ഇന്റര്‍നാഷനല്‍ വില്ലേജില്‍ നടന്ന ലോക ഇന്‍ഡുറന്‍സ് ചാമ്പ്യന്‍ഷിപ്പില്‍ ജേതാവായി ബഹ്റൈൻ രാജാകുടുംബാംഗവും റോയല്‍ എന്‍ഡുറന്‍സ് ടീം ക്യാപ്റ്റനുമായ ശൈഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ. 160 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കുതിരയോട്ട മത്സരത്തിലാണ് ശൈഖ് നാസര്‍ ബിന്‍ ഹമദ് ആല് ഖലീഫ ചാമ്പ്യനായത്.
ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇസ ആൽ ഖലീഫയുടെ മകനും രാജാവിന്റെ പ്രതിനിധിയുമായ ശൈഖ് നാസർ ഏഴ് മണിക്കൂര്‍ 36 മിനിറ്റ് 39 സെക്കന്‍ഡ് സമയത്ത് റെക്കോഡോടെയാണ് ഫിനിഷ് ചെയ്തത്. പിന്തുണ നൽകാൻ ഹമദ് രാജാവും അബൂദബിയിൽ എത്തിയിരുന്നു. 36 രാജ്യങ്ങളില്‍നിന്ന് 126 മത്സരാര്‍ഥികളാണ് ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരച്ചത്. യു.എ.ഇയുടെ സലിം അല്‍ കെത്ബി, സ്പെയിനിന്റെ പോന്ത് ജുഐമി എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. റോയല്‍ എന്‍ഡുറന്‍സ് ടീമംഗമായ ജാഫര്‍ മിര്‍സ നാലാമത് ഫിനിഷ് ചെയ്തു.
നാസര്‍ ബിന്‍ ഹമദിന്റെ ജയത്തെ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അഭിനന്ദിച്ചു. അസാധ്യം എന്തെന്നറിയാത്ത യുവ നേതാവാണ് നാസര്‍ ബിന്‍ ഹമ്മദ് എന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. മാസങ്ങള്‍ക്കുമുമ്പ് സ്പെയിനില്‍ നടന്ന എഫ്.ഇ.ഐ വേള്‍ഡ് എന്‍ഡുറന്‍സ് ചാമ്പ്യന്‍ഷിപ്പില്‍ ശൈഖ് നാസര്‍ ജയിച്ചിരുന്നു. കാറ്റുള്ള സാഹചര്യമായിരുന്നതിനാല്‍ യു.എ.ഇയിലെ മത്സരം കടുപ്പമേറിയതായിരുന്നുവെന്ന് ശൈഖ് നാസര്‍ പറഞ്ഞു. നിരവധി തടസ്സങ്ങൾ മറികടന്ന് രണ്ടാം ഘട്ടത്തില്‍ ലീഡ് നിലനിര്‍ത്താന്‍ കഴിഞ്ഞു. യു.എ.ഇ, ബ്രിട്ടന്, സ്പെയിന്, ഉറുഗ്വായ് എന്നിവിടങ്ങളിലെ മത്സരാര്‍ഥികള്‍ വന്‍ വെല്ലുവിളിയാണ് ഉയര്‍ത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റും ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി ചെയര്‍മാനും യുവജന, കായിക പരമോന്നത കൗണ്‍സില്‍ ഒന്നാം ഡെപ്യൂട്ടി ചെയര്‍മാനുമായ ശൈഖ് ഖാലിദ് ബിന്‍ ഹമദ് ആല് ഖലീഫയും ശൈഖ് നാസറിനെ പിന്തുണയേകാന്‍ മത്സരവേദിയിലുണ്ടായിരുന്നു. വിജയശേഷം അദ്ദേഹം ശൈഖ് നാസറിനെ അനുമോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

