ചരിത്രമായി ശൈഖ് മുഹമ്മദിന്‍റെ ഫ്രാൻസ് സന്ദർശനം; ഊർജ മേഖലയിൽ രണ്ട് സുപ്രധാന കരാറുകൾ ഒപ്പുവെച്ചു
text_fieldsഊർജ മേഖലയിലെ സഹകരണത്തിന് യു.എ.ഇ-ഫ്രാൻസ് പങ്കാളിത്ത കരാർ ഒപ്പുവെക്കുന്ന ചടങ്ങിന് സാക്ഷികളാകുന്ന ശൈഖ് മുഹമ്മദ് ബിൻ സായിദും ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണും
അബൂദബി: യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ ദ്വിദിന ഫ്രാൻസ് സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലെ ചരിത്രപരമായ ബന്ധത്തിൽ നാഴികല്ലായി. ഊർജം, ബിസിനസ്, വിദ്യാഭ്യാസം, ബഹിരാകാശം തുടങ്ങിയ മേഖലകളിൽ നിരവധി സുപ്രധാന കരാറുകളും ധാരണാ പത്രങ്ങളും ഒപ്പുവെച്ചു. സന്ദർശനത്തിന്‍റെ രണ്ടാം ദിനമായ ചൊവ്വാഴ്ച പ്രധാനമന്ത്രി എലിസബത്ത് ബോൺ, നാഷനൽ അസംബ്ലി പ്രസിഡൻറ് യാൽ ബ്രൗൺ പിവറ്റ് എന്നിവരുൾപ്പെടെ ഉന്നത ഫ്രഞ്ച് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചകൾ നടന്നു. രാജ്യത്തെ സുപ്രധാന ലാൻഡ്മാർക്കുകളും ശൈഖ് മുഹമ്മദ് അവസാന ദിവസം സന്ദർശിച്ചു. തിങ്കളാഴ്ച പാരീസിലെ എലീസി കൊട്ടാരത്തിൽ ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണുമായും മറ്റു പ്രമുഖരുമായും കൂടിക്കാഴ്ചകൾ പൂർത്തീകരിച്ചിരുന്നു.
ഊർജ മേഖലയിൽ സുപ്രധാനമായ രണ്ട് കരാറുകളിലാണ് ഒപ്പുവെച്ചിരിക്കുന്നത്. യു.എ.ഇ-ഫ്രാൻസ് സമഗ്ര ഊർജ പങ്കാളിത്തകരാറും അബുദാബി നാഷണൽ ഓയിൽ കമ്പനി(അഡ്‌നോക്)യും ഫ്രഞ്ച് കമ്പനിയായ ടോട്ടൽ എനർജീസും തമ്മിലെ പങ്കാളിത്ത കരാറുമാണ് ഒപ്പുവെച്ചത്. എണ്ണ വിതരണത്തിൽ വിശ്വസനീയ സ്ഥാനമെന്ന നിലയിൽ യു.എ.ഇയുടെ പദവി ഉയർത്തുന്നതാണ് ഇരു കരാറുകളും. ഊർജ സുരക്ഷയും പ്രാപ്യമായ വിലയും ഡീകാർബണൈസേഷനും ഉറപ്പുവരുത്തലാണ് സമഗ്ര ഊർജ പങ്കാളിത്ത കരാറിലൂടെ ലക്ഷ്യമാക്കുന്നത്. യുക്രൈൻ യുദ്ധത്തോടെ യൂറോപ്യൻ രാജ്യങ്ങൾ റഷ്യയെ എണ്ണക്ക് ആശ്രയിക്കുന്നത് കുറഞ്ഞ സാഹചര്യത്തിൽ വലിയ പ്രധാന്യമാണ് ഇരു കരാറുകൾക്കും നൽകപ്പെടുന്നത്. ലോകത്തെ ആറാമത്തെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ ശേഖരമുള്ള രാജ്യമാണ് യു.എ.ഇ.
സുസ്ഥിര സാമ്പത്തിക ബന്ധങ്ങളിലൂടെ ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം ശക്തിപ്പെടുന്നത് തുടരുകയാണെന്ന് കരാറിൽ ഒപ്പുവെക്കുന്ന ചടങ്ങിലെ ചിത്രങ്ങൾ പങ്കുവെച്ച് ശൈഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു. യു.എ.ഇ വ്യവസായ, അഡ്വാൻസ്‌ഡ് ടെക്‌നോളജി മന്ത്രിയും അഡ്‌നോക് മാനേജിംഗ് ഡയറക്ടറുമായ ഡോ. സുൽത്താൻ അൽ ജബറും ഫ്രഞ്ച് സാമ്പത്തിക, ധനകാര്യ മന്ത്രി ബ്രൂണോ ലെ മെയറുമാണ് കരാറുകളിൽ ഒപ്പുവെച്ചത്. ഫ്രഞ്ച് പ്രസിഡന്‍റും ശൈഖ് മുഹമ്മദും ഒപ്പിടൽ ചടങ്ങിന് സാക്ഷികളായി. രാജ്യങ്ങൾ തമ്മിലെ സഹകരണം ആഴത്തിലാക്കുന്നതും ഊർജ്ജ ശൃംഖലയിലുടനീളം മികവിലേക്ക് നയിക്കുന്നതുമാണ് കരാറെന്ന് മന്ത്രി അൽ ജബർ പ്രസ്താവിച്ചു. അബുദാബി നാഷണൽ ഓയിൽ കമ്പനി(അഡ്‌നോക്)യും ഫ്രഞ്ച് എണ്ണ കമ്പനിയായ ടോട്ടൽ എനർജീസും ഊർജ മേഖലയിൽ വളർച്ചക്ക് പുതിയ അവസരങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനുള്ള പങ്കാളിത്ത കരാറിലാണ് ഒപ്പുവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

