ശൈഖ് മുഹമ്മദിന്റെ മകൾ വിവാഹിതയായി
text_fieldsശൈഖ് മുഹമ്മദിനൊപ്പം വരൻ ശൈഖ് മാന ബിൻ മുഹമ്മദ് ബിൻ റാശിദ് ബിൻ മാന ആൽ മക്തൂം
ദുബൈ: യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ മകൾ ശൈഖ മഹ്റ ബിൻത് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം വിവാഹിതയായി. ബിസിനസുകാരനും സംരംഭകനുമായ ശൈഖ് മാന ബിൻ മുഹമ്മദ് ബിൻ റാശിദ് ബിൻ മാന ആൽ മക്തൂമുമായുള്ള വിവാഹം ദുബൈ വേൾഡ് ട്രേഡ് സെന്ററിലെ സഅബീൽ ഹാളിലാണ് നടന്നത്.
ഇതിന്റെ ചിത്രങ്ങൾ അധികൃതർ പങ്കുവെച്ചു. ഇന്റർനാഷനൽ റിലേഷൻസിൽ ബിരുദധാരിയാണ് ശൈഖ മഹ്റ. ദുബൈയിൽ റിയൽ എസ്റ്റേറ്റ്, സാങ്കേതികവിദ്യ മേഖലയിൽ നിരവധി വിജയകരമായ സംരംഭങ്ങൾക്ക് തുടക്കം കുറിച്ച വ്യക്തിയാണ് ശൈഖ് മാന. കുതിരപ്രേമികളായ ഇരുവരും വിവാഹവിവരം നേരത്തെതന്നെ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
ശൈഖ് മുഹമ്മദിന് പുറമെ വിവാഹച്ചടങ്ങിൽ വൈസ്പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ, അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ സായിദ് ആൽ നഹ്യാൻ, ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, യു.എ.ഇ ധനകാര്യ മന്ത്രിയും ദുബൈ ഉപഭരണാധികാരിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ദുബൈ ഉപഭരണാധികാരി ശൈഖ് അഹ്മദ് ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

