സ്കൂൾ സന്ദർശിച്ച് കുട്ടികളോട് സംവദിച്ച് ശൈഖ് മുഹമ്മദ്
text_fieldsഅൽ വർഖയിലെ സായിദ് എജുക്കേഷനൽ കോംപ്ലക്സിലെ സ്കൂൾ സന്ദർശിക്കുന്ന
ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം
ദുബൈ: നഗരത്തിലെ പൊതു സ്കൂൾ സന്ദർശിച്ച് കുട്ടികളുമായി സംവദിച്ച് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. അൽ വർഖയിലെ സായിദ് എജുക്കേഷനൽ കോംപ്ലക്സിൽ സ്ഥിതി ചെയ്യുന്ന സ്കൂളിലാണ് ഭരണാധികാരി എത്തിയത്. പഠനത്തിൽ ഏർപ്പെട്ട കുട്ടികളുമായി സംസാരിച്ച അദ്ദേഹം സ്കൂൾ കൈവരിച്ച നേട്ടങ്ങൾ വിലയിരുത്തുകയും ചെയ്തു. വിദ്യാഭ്യാസ, അധ്യയനരംഗത്ത് നടക്കുന്ന വികസനത്തെ ശരിയായ രീതിയിൽ പ്രതിഫലിപ്പിക്കുന്നതാണ് സന്ദർശിച്ച സ്കൂളെന്ന് തുടർന്ന് അദ്ദേഹം എക്സ് അക്കൗണ്ടിൽ കുറിച്ചു.
യു.എ.ഇയുടെ കാഴ്ചപ്പാടുകളും മുന്നേറ്റവും മനസ്സിലാക്കുന്നത് ദൈനംദിന പഠനത്തിന്റെ ഭാഗമാണെന്നും ഇത് ഓരോ വിദ്യാർഥിയുടെയും സ്വഭാവത്തെയും നിർണയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാഭ്യാസ മേഖലയുടെ മുന്നേറ്റത്തിൽ ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാനെയും മർയം ബിൻത് മുഹമ്മദ് ബിൻ സായിദിനെയും ശൈഖ് മുഹമ്മദ് അഭിനന്ദിക്കുകയും അവരുടെ മേൽനോട്ടം വിദ്യഭ്യാസ മേഖലയിൽ വളരെ ഗുണകരമായ പരിവർത്തനത്തിന് തുടക്കംകുറിക്കുകയും ചെയ്തതായി വ്യക്തമാക്കി. ഇന്നത്തെ സ്കൂളുകളാണ് നാളെയുടെ നമ്മുടെ ഭാവിയെന്നും ഇന്നത്തെ വിദ്യാർഥികൾ അടുത്ത വർഷങ്ങളിൽ നമ്മുടെ മുന്നേറ്റത്തിന്റെ നേതൃത്വമാകുമെന്നും ശൈഖ് മുഹമ്മദ് ചൂണ്ടിക്കാണിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

