ഒസാക എക്സ്പോ സന്ദർശിച്ച് ശൈഖ് മുഹമ്മദ്
text_fieldsഒസാക എക്സ്പോയിൽ യു.എ.ഇ പവലിയൻ സന്ദർശിക്കുന്ന ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം
ദുബൈ: ജപ്പാനിൽ നടക്കുന്ന ഒസാക എക്സ്പോ സന്ദർശിച്ച് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. എക്സ്പോയിലെ മനോഹരമായ യു.എ.ഇയുടെ പവലിയൻ സന്ദർശിച്ച അദ്ദേഹം വ്യത്യസ്തമായ രൂപകൽപനയെ അഭിനന്ദിക്കുകയും ചെയ്തു. ഈന്തപ്പനയോലകളും തണ്ടുകളും ഉപയോഗിച്ച് നിർമിക്കുന്ന പരമ്പരാഗത യു.എ.ഇ ഭവനങ്ങളുടെ മാതൃകയിലാണ് പവലിയൻ സജ്ജീകരിച്ചിട്ടുണ്ട്. പവലിയന്റെ രൂപകൽപന ഇഷ്ടപ്പെട്ടതായി എക്സ് അക്കൗണ്ടിൽ സന്ദർശന ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് അദ്ദേഹം കൂറിച്ചു. പവലിയൻ രൂപകൽപന ഭൂതകാലത്തിന്റെ ആധികാരികതയെയും ഭാവിയിലേക്കുള്ള അഭിനിവേശത്തെയും അടയാളപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പാരമ്പര്യത്തെ ആദരിക്കുന്ന ഘടനയും യു.എ.ഇയുടെ ബഹിരാകാശം, ആരോഗ്യ പരിപാലന രംഗം, സുസ്ഥിരത തുടങ്ങിയ മേഖലകളിലെ സ്വപ്നപദ്ധതികൾ എന്നിവയെ പ്രദർശിപ്പിക്കുന്ന ഉള്ളടക്കവുമാണ് പവലിയനുള്ളതെന്നും ശൈഖ് മുഹമ്മദ് നിരീക്ഷിച്ചു. പവലിയൻ രൂപകൽപന ചെയ്യുന്നതിലും വികസിപ്പിക്കുന്നതിലും മേൽനോട്ടം വഹിച്ച ശൈഖ മർയം ബിൻത് മുഹമ്മദ് ബിൻ സായിദിന് പ്രത്യേക നന്ദിയും അദ്ദേഹം അറിയിച്ചു.
ജപ്പാനുമായുള്ള യു.എ.ഇയുടെ ബന്ധം 1972മുതൽ ആരംഭിച്ചതാണെന്നും, എല്ലാ രാജ്യങ്ങളുമായുമുള്ള യു.എ.ഇയുടെ ബന്ധം സുശക്തമാണെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. ആഗോള തലത്തിലെ പരിപാടികളുടെ ആഥിതേയത്വവും പങ്കാളിത്തവും വഴിയാണ് ഈ ബന്ധം ശക്തമായത്. കഥയും അസ്തിത്വവും സംസ്കാരവും ഭാവിയോടുള്ള അഭിനിവേശവും പങ്കുവെക്കാനായി ലോകത്തേക്ക് സഞ്ചരിക്കുന്ന നമ്മുടെ യുവാക്കളായ സ്ത്രീകളും പുരുഷൻമാരും ആഘോഷിക്കപ്പെടാത്ത നായകരാണ്. അവരെ ഒസാകയിൽ കണ്ടുമുട്ടി. അവർ 15,000സന്ദർശകരെ വീതം ദിനേനെ സ്വീകരിക്കുന്നു -അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

