ശൈഖ് മുഹമ്മദ് ദക്ഷിണ കൊറിയ, ബ്രസീൽ പവലിയനുകൾ സന്ദർശിച്ചു
text_fieldsദക്ഷിണ കൊറിയൻ പവലിയനിലെത്തിയ ശൈഖ് മുഹമ്മദിനെ സ്വീകരിക്കുന്നു
ദുബൈ: യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എക്സ്പോ 2020 ദുബൈയിലെ ദക്ഷിണ കൊറിയ, ബ്രസീൽ പവലിയനുകൾ സന്ദർശിച്ചു. ഇരു പവലിയനുകളിലും അതത് രാജ്യങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർ ശൈഖ് മുഹമ്മദിനെ സ്വീകരിക്കുകയും പവലിയനിലെ പ്രദർശനങ്ങൾ പരിചയപ്പെടുത്തുകയും ചെയ്തു. മൊബിലിറ്റി ഡിസ്ട്രിക്ടിലെ ദക്ഷിണ കൊറിയ പവലിയനിൽ 'സ്മാർട്ട് കൊറിയ, മൂവിങ് ദ വേൾഡ് ടു യു' എന്ന തലക്കെട്ടിലാണ് പ്രദർശനങ്ങൾ ഒരുക്കിയിരുന്നത്. ദക്ഷിണ കൊറിയൻ ആചാരങ്ങളിലേക്കും പാരമ്പര്യങ്ങളിലേക്കും വെളിച്ചം വീശുന്ന പവലിയനിൽ അവതരിപ്പിച്ച വൈവിധ്യമാർന്ന ഉൽപന്നങ്ങളും സാംസ്കാരിക പരിപാടികളും ശൈഖ് മുഹമ്മദിന് മുന്നിൽ അധികൃതർ വിവരിച്ചു.
സസ്റ്റൈനബിലിറ്റി ഡിസ്ട്രിക്ടിലെ ബ്രസീൽ പവലിയൻ 'സുസ്ഥിരവികസനത്തിന് ഒത്തൊരുമിച്ച്' എന്ന തലക്കെട്ടിലാണ് പ്രദർശനം ഒരുക്കിയത്. ബ്രിസീലിന്റെ ജൈവവൈവിധ്യവും സമ്പന്നമായ സംസ്കാരവും വെളിപ്പെടുത്തുന്ന പ്രദർശനങ്ങൾ അദ്ദേഹം നോക്കിക്കണ്ടു. ഇരു പവലിയനകളും മനോഹരമായി ഒരുക്കിയ അധികൃതരെ അഭിനന്ദിച്ച അദ്ദേഹം ലോകത്തിന് മികച്ച ഭാവി സൃഷ്ടിക്കാൻ സഹായിക്കുന്ന പുതിയ ബന്ധങ്ങൾ രൂപപ്പെടുത്താൻ മികച്ച അവസരമാണ് വിശ്വമേള ഒരുക്കിയതെന്ന് പ്രസ്താവിച്ചു. പകുതി ദിനങ്ങൾ പിന്നിട്ട ആറുമാസം നീളുന്ന എക്സ്പോയിൽ ഇതിനകം 95 ലക്ഷത്തിലേറെ സഞ്ചാരികൾ എത്തിയിട്ടുണ്ടെന്നാണ് ഔദ്യോഗികമായ കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

