ശൈഖ് മുഹമ്മദ് ‘അഡിഹെക്സ്’ സന്ദർശിച്ചു; വിവിധ പവിലിയനുകളിലെ പ്രദർശനങ്ങൾ വീക്ഷിച്ചു
text_fieldsയു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ‘അഡിഹെക്സ്’ സന്ദർശനത്തിനിടെ പ്രദർശകരിലൊരാളുമായി സംസാരിക്കുന്നു
അബൂദബി: യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ അബൂദബി നാഷനൽ എക്സിബിഷൻ സെന്ററിൽ(അഡ്നെക്) പുരോഗമിക്കുന്ന 22ാമത് അബൂദബി അന്താരാഷ്ട്ര ഹണ്ടിങ് ആന്‍ഡ് ഇക്വസ്ട്രിയന്‍ എക്സിബിഷൻ(അഡിഹെക്സ്) സന്ദർശിച്ചു.
ഇമാറാത്തി സാംസ്കാരിക പൈതൃകം പ്രദർശിപ്പിച്ച വിവിധ സ്റ്റാളുകളും അന്താരാഷ്ട്ര പ്രദർശകരുടെ നൂതനമായ സാങ്കേതികവിദ്യകൾ പ്രദർശിപ്പിച്ച പവിലിയനുകളും അദ്ദേഹം വീക്ഷിക്കുകയും പ്രവർത്തനങ്ങൾ ചോദിച്ചറിയുകയും ചെയ്തു. ദേശീയ പൈതൃകം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും തലമുറകൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം സന്ദർശനത്തിനിടെ പ്രത്യേകം ഊന്നിപ്പറഞ്ഞു. എക്സിബിഷൻ സംഘാടനത്തിന്റെ ഉയർന്ന നിലവാരത്തെയും അദ്ദേഹം പ്രശംസിച്ചു.
‘മെന’ മേഖലയിലെ ഏറ്റവും ബൃഹത്തായ പ്രദര്‍ശനമാണ് അല്‍ദഫ്റ റീജനിലെ ഭരണാധികാരിയുടെ പ്രതിനിധിയും എമിറേറ്റ്സ് ഫാൽക്കണേഴ്സ് ക്ലബ് ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ സായിദ് ആല്നഹ്യാന്റെ രക്ഷാകര്‍തൃത്വത്തിനു കീഴില്‍ അഡ്നക് സെന്ററില്‍ സെപ്റ്റംബര്‍ ഏഴുവരെ അരങ്ങേറുന്നത്.
ഫാൽക്കണേഴ്സ് ക്ലബുമായി സഹകരിച്ച് അഡ്നക് ഗ്രൂപ്പാണ് അഡിഹെക്സ് സംഘടിപ്പിക്കുന്നത്. ഫാല്കണ്റി, വേട്ട, കുതിരസവാരി, മത്സ്യബന്ധനം, ഔട്ട് ഡൗര്‍ സ്പോര്‍ട്സ് മേഖലകളിലെ ഇമാറാത്തി പൈതൃകവും സംസ്കാരവുമാണ് ആഘോഷിക്കുന്നത്. ഇതുവരെ നടന്ന എക്സിബിഷനുകളില്വെച്ച് ഏറ്റവും വലിയതാണ് ഇത്തവണത്തേത്. 92,000 ചതുരശ്ര മീറ്ററിലാണ് ഇത്തവണത്തെ അഡിഹെക്സ് വേദി. മുന്‍ തവണത്തേതിനേക്കാള്‍ ഏഴു ശതമാനമാണ് വിസ്തൃതി ഇത്തവണ വര്‍ധിപ്പിച്ചിരിക്കുന്നത്. പുതിയ 11 രാജ്യങ്ങളടക്കം 68 രാജ്യങ്ങളാണ് ഇത്തവണ അഡിഹെക്സില്‍ പങ്കെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

