ശൈഖ് മുഹമ്മദ് ഖത്തർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
text_fieldsയു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ
ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയും കൂടിക്കാഴ്ച നടത്തുന്നു
അബൂദബി: യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയും കൂടിക്കാഴ്ച നടത്തി. അബൂദബി ഖസ്ർ അൽ ബഹ്ർ കൊട്ടാരത്തിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരു നേതാക്കളും പരസ്പരം ബലി പെരുന്നാൾ ആശംസകൾ കൈമാറുകയും ജനങ്ങളുടെ തുടർച്ചയായ ക്ഷേമത്തിനും സമൃദ്ധിക്കും വേണ്ടി പ്രാർഥിക്കുകയും ചെയ്തു. തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത ബന്ധത്തെക്കുറിച്ചും സഹകരണത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു. ഇരു രാജ്യങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനും ഇരുവരും തീരുമാനിച്ചു.
അതോടൊപ്പം ഇരുപക്ഷത്തിനും പൊതുവായ ആശങ്കയുള്ള വിവിധ പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും അവലോകനം ചെയ്യുകയും സമീപകാല സംഭവവികാസങ്ങളിൽ കാഴ്ചപ്പാടുകൾ കൈമാറുകയും ചെയ്തു. അബൂദബിയിലെ അൽ ബതീൻ വിമാനത്താവളത്തിൽ എത്തിയ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽ ഥാനിയെ അബൂദബി ഉപഭരണാധികാരിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ശൈഖ് തഹ്നൂൻ ബിൻ സായിദ് ആൽ നഹ്യാനും നിരവധി ഉദ്യോഗസ്ഥരും ചേർന്നാണ് സ്വീകരിച്ചത്.കൂടിക്കാഴ്ചയിൽ അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ആൽ നഹ്യാൻ, ശൈഖ് തഹ്നൂൻ ബിൻ സായിദ് ആൽ നഹ്യാൻ, അൽ ദഫ്റ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധി ശൈഖ് ഹംദാൻ ബിൻ സായിദ് ആൽ നഹ്യാൻ തുടങ്ങി പ്രമുഖർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

