പുടിനുമായി കൂടിക്കാഴ്ച നടത്തി ശൈഖ് മുഹമ്മദ്
text_fieldsറഷ്യൻ തലസ്ഥാനമായ മോസ്കോയിലെത്തിയ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനെ വ്ലാദിമിർ പുടിൻ സ്വീകരിക്കുന്നു
ദുബൈ: യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ കൂടിക്കാഴ്ച നടത്തി. ഔദ്യോഗിക സന്ദർശനത്തിനെത്തിയ യു.എ.ഇ പ്രസിഡന്റ് റഷ്യയും യുക്രെയ്നും തമ്മിലെ സമാധാന ശ്രമങ്ങൾക്ക് പൂർണ പിന്തുണ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച അബൂദബിയിൽ സംഘർഷം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് യു.എസ്-റഷ്യ-യുക്രെയ്ൻ ത്രിരാഷ്ട്ര ചർച്ചകൾക്ക് യു.എ.ഇ ആതിഥേയത്വം നൽകിയിരുന്നു.
ഇതടക്കം സമാധാന ശ്രമങ്ങളിലും തടവുകാരുടെ കൈമാറ്റത്തിലും യു.എ.ഇ നടത്തിയ ശ്രമങ്ങൾക്ക് പുടിൻ നന്ദി അറിയിക്കുകയും ചെയ്തു. ക്രെംലിനിൽ നടന്ന ചർച്ചയിൽ യു.എ.ഇ-റഷ്യ തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, ഊർജം, ബഹിരാകാശം തുടങ്ങിയ മേഖലകളിലെ സഹകരണം വികസിപ്പിക്കുന്നതിനും തീരുമാനിച്ചു. റഷ്യക്കും ഇരു രാഷ്ട്രങ്ങളുടെയും ബന്ധത്തിനും 2026 വളർച്ചയുടെ വർഷമാകട്ടെയെന്ന് ശെശഖ് മുഹമ്മദ് ബിൻ സായിദ് ആശംസിച്ചു. മിഡിൽ ഈസ്റ്റിലെ ഉൾപ്പെടെയുള്ള പ്രാദേശികവും അന്താരാഷ്ട്രവുമായ വിവിധ വിഷയങ്ങളിലും ഇരുനേതാക്കളും അഭിപ്രായങ്ങൾ പങ്കുവെച്ചു.
യു.എ.ഇയും റഷ്യയും തമ്മിൽ ഒപ്പുവെച്ച ട്രേഡ് ഇൻ സർവിസസ് ആൻഡ് ഇൻവെസ്റ്റ്മെന്റ് കരാറും, യു.എ.ഇ-യൂറേഷ്യൻ ഇക്കണോമിക് യൂനിയൻ സാമ്പത്തിക പങ്കാളിത്ത കരാറും വ്യാപാര-നിക്ഷേപ ബന്ധങ്ങൾ ശക്തിപ്പെടുത്തുമെന്ന് ശൈഖ് മുഹമ്മദ് ബിൻ സായിദ് വ്യക്തമാക്കി.
സന്ദർശനത്തിന്റെ ഭാഗമായി യു.എ.ഇ പ്രസിഡന്റിന് ക്രെംലിനിൽ ഔദ്യോഗിക സ്വീകരണം നൽകി. മോസ്കോയിൽ നിന്നുള്ള മടക്കയാത്രയിൽ അദ്ദേഹത്തിന്റെ വിമാനത്തിന് റഷ്യൻ സൈനിക ജെറ്റുകൾ ആദരസൂചകമായി അകമ്പടി നൽകുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

