ശൈഖ് മുഹമ്മദ് ‘ഓപൺ എ.ഐ’ സി.ഇ.ഒയുമായി കൂടിക്കാഴ്ച നടത്തി
text_fieldsയു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ‘ഓപൺ എ.ഐ’ സി.ഇ.ഒ സാം ആൾട്മാനുമായി അബൂദബിയിൽ കൂടിക്കാഴ്ച നടത്തുന്നു
അബൂദബി: നിർമിതബുദ്ധി ഗവേഷണത്തിലും നടത്തിപ്പിലും ശ്രദ്ധയൂന്നുന്ന ആഗോള സ്ഥാപനമായ ‘ഓപൺ എ.ഐ’ സി.ഇ.ഒ സാം ആൾട്മാനുമായി യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ അബൂദബിയിൽ കൂടിക്കാഴ്ച നടത്തി. കമ്പനിയും യു.എ.ഇയിലെ സ്ഥാപനങ്ങളും തമ്മിലെ സഹകരണ സാധ്യതകളാണ് കൂടിക്കാഴ്ചയിൽ പ്രധാനമായും ചർച്ചയായത്. നിർമിതബുദ്ധി മേഖലയിൽ അതിവേഗത്തിൽ മുന്നേറുന്ന യു.എ.ഇയുടെ ഈ രംഗത്തെ കാഴ്ചപ്പാടുകളും കൂടിക്കാഴ്ചയിൽ പങ്കുവെച്ചു.
രാജ്യത്തിന്റെ വികസന പദ്ധതികളെയും വിജ്ഞാനാധിഷ്ഠിത സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള നീക്കത്തെയും സഹായിക്കുന്ന എ.ഐ ആവാസവ്യവസ്ഥ സ്ഥാപിക്കാനുള്ള യു.എ.ഇയുടെ ലക്ഷ്യങ്ങളുമായി യോജിക്കുന്ന സഹകരണമാണ് ചർച്ചയായത്. പൊതു, സ്വകാര്യ മേഖലകളിൽ സഹകരണത്തിനും നവീകരണത്തിനും പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം നിർമിതബുദ്ധി മേഖലയിൽ ആഗോള നേതൃത്വമാകാനുമാണ് യു.എ.ഇ ലക്ഷ്യമിടുന്നത്. യു.എ.ഇയുടെ നിർമിതബുദ്ധി മേഖലയിലെ കാഴ്ചപ്പാടിനെ സാം ആൾട്മാൻ അഭിനന്ദിച്ചു.
നേരത്തേ മുഹമ്മദ് ബിന്‍ സായിദ് യൂനിവേഴ്സിറ്റി ഓഫ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ആദ്യ ഓണററി ഡോക്ടറേറ്റിന് സാം ആൾട്മാന് അർഹനായിരുനു. അബൂദബിയിലെ യൂനിവേഴ്സിറ്റി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ അബൂദബി കിരീടാവകാശിയും അബൂദബി എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാന് സംബന്ധിച്ച ചടങ്ങിലാണ് ഡോക്ടറേറ്റ് സമ്മാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

